തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് തീവ്രവ്യാപനം തുടരുന്നതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇന്നത്തെ കോവിഡ് കേസുകള്‍ അരലക്ഷത്തിലധികമായെങ്കിലും ഒരു തരത്തിലുള്ള ഭയമോ ആശങ്കയോ ആവശ്യമില്ല.
ചികിത്സയിലുള്ളവരില്‍ 0.7 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്സിജന്‍ കിടക്കകളും, 0.4 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയു കിടക്കകളും ആവശ്യമായി വന്നത്. സംസ്ഥാനത്ത് ആകെ 3107 ഐസിയു കിടക്കകളുള്ളതില്‍ 1328 കോവിഡ്, നോണ്‍ കോവിഡ് രോഗികളാണുള്ളത് (42.7%). അതില്‍ കോവിഡ് രോഗികള്‍ 385 മാത്രമാണുള്ളത്. 57 ശതമാനത്തോളം ഐസിയു കിടക്കകള്‍ ഒഴിവുണ്ട്. ആകെ 2293 വെന്റിലേറ്ററുകളുള്ളതില്‍ 322 കോവിഡ്, നോണ്‍ കോവിഡ് രോഗികള്‍ (14%) മാത്രമാണുള്ളത്. കോവിഡ് രോഗികള്‍ 100 മാത്രമാണ്. 86 ശതമാനം വെന്റിലേറ്ററുകള്‍ ഒഴിവുണ്ടെന്നും മന്ത്രി വ്യക്തമാക്കി.18 വയസിന് മുകളില്‍ 100 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്സിനും (2,67,71,208), 84 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്സിനും (2,23,28,429) നല്കി. 15 മുതല്‍ 17 വയസുവരെയുള്ള ആകെ 68 ശതമാനം (10,39,479) കുട്ടികള്‍ക്ക് വാക്സിന് നല്കി.
ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണം വളരെ കുറവാണ്. ആകെയുള്ള 2,85,365 കോവിഡ് ആക്ടീവ് കേസുകളില്‍, 3.8 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. 20നും 30നും ഇടയില്‍ പ്രായമുള്ളവരില്‍ രോഗബാധ കൂടുതലാണ്. എല്ലാ മെഡിക്കല്‍ കോളേജുകളിലും കണ്ട്രോള് റൂമുകള്‍ സജ്ജമാക്കും. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എല്ലാ ആരോഗ്യ പ്രവര്‍ത്തകരും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതാണ്. 4971 ആരോഗ്യ പ്രവര്‍ത്തകരെ കോവിഡ് സാഹചര്യത്തില്‍ അടിയന്തരമായി താത്ക്കാലികമായി നിയമിക്കുന്നതാണ്.കോവിഡ് ബ്രിഗേഡില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ്.
ചില ജില്ലകള്‍ കുട്ടികളുടെ വാക്സിനേഷന് വിമുഖത കാട്ടുന്നുണ്ട്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ വാക്സിന് നല്‍കേണ്ടതാണ്. തിരുവനന്തപുരം ജില്ലയില്‍ കോവിഡ് പ്രതിരോധം ശക്തമായി നടപ്പിലാക്കും. ആള്‍ക്കൂട്ടം ഒരു തരത്തിലും അനുവദിക്കില്ല. കേന്ദ്ര മാര്‍ഗനിര്‍ദേശമനുസരിച്ച് രോഗലക്ഷണമുള്ളവര്‍ക്ക് കോവിഡ് പരിശോധന നടത്തിയാല്‍ മതിയാകും. എങ്കിലും അനുബന്ധ രോഗമുള്ളവര്‍ പരിശോധന നടത്തണമെന്നും മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: