തൃശ്ശൂര്‍: കൊവിഡ് വ്യാപനത്തിനൊപ്പം ചേലക്കരയില്‍ കരിമ്പനിയും റിപ്പോര്‍ട്ട് ചെയ്തു. ചേലക്കര നാലാം വാര്‍ഡ് നാട്ട്യന്‍ചിറ ഭാഗത്താണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന രോഗിക്കാണ് കരിമ്പനി സ്ഥിരീകരിച്ചത്.
മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ് ഇയാള്‍. പ്രദേശത്ത് അടിയന്തരമായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് മന്ത്രി കെ. രാധാകൃഷ്ണന് ജില്ലാ കളക്ടര്‍ക്കും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും നിര്‍ദ്ദേശം നല്കി. കഴിഞ്ഞ ദിവസമാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ചേലക്കര പഞ്ചായത്ത് ഭരണസമിതിയുടെ അടിയന്തരയോഗം തീരുമാനിച്ചു. കഴിഞ്ഞ സെപ്തംബറിലും തൃശ്ശൂര്‍ വെള്ളിക്കുളങ്ങരിയിലെ ഒരു വയോധികന് കരിമ്പനി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇയാള്‍ക്ക് അന്ന് പനി ഉണ്ടായതിന് ഒരു വര്‍ഷം മുന്‍പും അതേസമയം രോഗം ബാധിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഫ്ളെബോടോമസ് എന്ന മണലീച്ച കടിയ്ക്കുന്ന വഴി പകരുന്ന ഒരു രോഗമാണ് കരിമ്പനി. കൊതുകുകളുടെ മൂന്നിലൊന്ന് വലുപ്പമേയുള്ളൂ ഇവയ്ക്ക്. പൊടിമണ്ണിലാണ് ഇവ മുട്ടയിട്ട് വിരിയുന്നത്. ലീഷ്മാനിയ എന്ന പരാന്നഭോജികള്‍ പരത്തുന്നതിനാല്‍ ഈ രോഗത്തെ ലീഷ്മാനിയാസിസ് എന്നും വിളിക്കുന്നു. ഈ രോഗത്തെ കാലാ അസര്‍ എന്നും പറയുന്നു. കറുപ്പ് എന്നര്‍ഥത്തിലുള്ള കാല എന്ന വാക്കും രോഗം എന്ന അര്‍ഥത്തിലുള്ള അസര്‍ എന്ന വാക്കും ചേര്‍ന്നതാണ് കാലാഅസര്‍.
സ്വയം മാറിപ്പോകുന്ന ഒരു ചര്‍മ്മ വ്രണം മുതല്‍ മുഖം വികൃതമാകുന്ന മ്യൂക്കോകട്ടേനിയസ് രോഗം വരെ നീളുന്നു ഈ അസുഖത്തിന്റെ ലക്ഷണങ്ങള്‍. പ്രധാന ആന്തരീകാവയവങ്ങള്‍, പ്ലീഹ, മജ്ജ, അസ്ഥികള്‍ മുതലായവയെയാണ് കരിമ്പനി ബാധിക്കുന്നത്. ഈ രോഗം പിടിപെട്ടാല്‍ രക്തത്തിലെ ശ്വേത-അരുണ രക്താണുക്കള്‍ക്ക് നാശമുണ്ടാകും. രോഗാണു ശരീരത്തില്‍ പ്രവേശിച്ചാല്‍ ചര്‍മം കറുത്തുപോകുന്നതുകൊണ്ടാണ് ഈ രോഗത്തിന് കരിമ്പനി എന്ന പേര് വന്നത്. രണ്ട് വര്‍ഷത്തോളമാണ് ഇവയുടെ ഇന്‍ക്യുബേഷന്‍ പിരീഡ്. അതിനാല്‍ വളരെ പെട്ടെന്ന് ഇവയെ പൂര്‍ണമായും നശിപ്പിക്കേണ്ടതുണ്ട്.
ഈ രോഗം മൂന്നു രീതികളിലാണ് പകരുന്നത്. മണലീച്ചയുടെ കടി, രോഗം ബാധിച്ച അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക്, ഉപയോഗിച്ച സിറിഞ്ചുകളും സൂചികളും വഴി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: