ഇരിട്ടി: രണ്ടു സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന തലശ്ശേരി – വീരാജ് പേട്ട അന്തര്‍ സംസ്ഥാന പാതയില്‍ കേരള- കര്‍ണ്ണാടകാ അതിര്‍ത്തിയിലെ കൂട്ടുപുഴയില്‍ നിര്‍മിച്ച പുതിയ പാലം 31ന് ഗതാഗത്തിന് തുറന്നുകൊടുക്കും. നേരത്തെ ജനുവരി ഒന്നിന് പാലം തുറന്നു കൊടുക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും അവസാന മണിക്കൂറില്‍ ഇത് മാറ്റിവെക്കുകയായിരുന്നു. ഇതേ പാതയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ എരഞ്ഞോളി പാലത്തിനൊപ്പം 31ന് രാവിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസാണ് പാലം തുറക്കുക. സണ്ണിജോസഫ് എം.എല്‍ എ അധ്യക്ഷത വഹിക്കും. ഇതോടെ കെഎസ്ടിപി പദ്ധതിയില്‍ ഉള്‍പ്പെടുത്തി തലശ്ശേരി- വളവുപാറ റോഡില്‍ പണിത ഏഴു പാലങ്ങളും ഗതാഗതത്തിന് തുറന്നു കൊടുക്കപ്പെടും.
കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് പ്രോജക്ടില്‍ (കെഎസ്ടിപി) പെടുത്തി 356 കോടിയുടെ തലശേരി- വളവുപാറ അന്തര്‍ സംസ്ഥാന പാതയുടെ നവീകരണത്തില്‍ ഉള്‍പ്പെടുത്തിയാണ് കൂട്ടുപുഴയില്‍ പുതിയ പാലം നിര്‍മ്മിച്ചത്. ഇതിന്റെ നിര്‍മ്മാണത്തില്‍ നിരവധി പ്രതിസന്ധികളാണ് ഉടലെടുത്തത്. 90 മീറ്റര്‍ നീളത്തില്‍ അഞ്ചുതൂണുകളിലായി നിര്‍ക്കേണ്ട പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തി 2017 ഒക്ടോബറില്‍ ആണ് തുടങ്ങുന്നത്. പാലത്തിന്റെ കൂട്ടപുഴ ഭാഗത്തെ തൂണിന്റെ അടിത്തറ പൂര്‍ത്തിയാക്കി മാക്കൂട്ടത്ത് കേരളത്തിന്റെ അധീനതയിലുള്ള പുഴ പുറമ്പോക്ക് ഭൂമിയില്‍ തൂണിന്റെ നിര്‍മ്മാണം ആരംഭിച്ചതോടെയാണ് പ്രതിസന്ധി തുടങ്ങിയത്.
പുഴയുടെ മറുകര പൂര്‍ണ്ണമായും കര്‍ണ്ണാടക വനം വകുപ്പിന്റെ അധീനതയിലാണെന്നും മുന്‍കൂര്‍ അനുമതി വാങ്ങിയില്ലെന്നും പറഞ്ഞ് കര്‍ണ്ണാടക വനം വകുപ്പ് നിര്‍മ്മാണം തടഞ്ഞു. പുഴയുടെ മറുകരവരുന്ന മാക്കൂട്ടം പുഴക്കര പൂര്‍ണ്ണമായും തങ്ങളുടേതാണെന്ന് സ്ഥാപിക്കാന്‍ കൂടിയാണ് അവര്‍ ഈ വാദം ഉന്നയിച്ചത്. പലതട്ടില്‍ ചര്‍ച്ച നടത്തിയിട്ടും പ്രശ്നത്തിന് പരിഹാരം ഉണ്ടായില്ല. മൂന്ന് വര്‍ഷം ഒരു പ്രവ്യത്തിയും നടത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ കേന്ദ്ര- വനം പരിസ്ഥിതി മന്ത്രാലയത്തില്‍ പ്രശ്നമെത്തി. ചര്‍ച്ചകര്‍ക്കും അസംഖ്യം രേഖകളുടെ പരിശോധനയ്ക്കും ശേഷം 2020 ഏപ്രില്‍ 23-നാണ് ദേശീയ വന്യജീവി ബോര്‍ഡിന്റെ അന്തിമാനുമതിയോടെയാണ് പാലം പണി പുരനാരംഭിക്കാന്‍ കഴിഞ്ഞത്. കര്‍ണ്ണാടക വനം വകുപ്പിന്റെ നിബന്ധനകള്‍ക്ക് വിധേയമായി നിര്‍മ്മാണം പുനരാരംഭിച്ചപ്പോള്‍ കോവിഡ് വില്ലനായി. ആറുമാസംകൊണ്ട് തീര്‍ക്കേണ്ടപണി നാലുതവണ നീട്ടിനല്‍കിയാണ് ഇപ്പോള്‍ പൂര്‍ത്തിയായത്.
പാലം പൂര്‍ത്തിയായി പുതുവര്‍ഷ ദിനത്തില്‍ നിശ്ചയിച്ച ഉദ്ഘാടനവും പെട്ടെന്ന് റദ്ദാക്കേണ്ടി വന്നു. കര്‍ണ്ണാടക വനംകുപ്പിന്റെയും കൂര്‍ഗ് ജില്ലയില്‍ നിന്നുള്ള ജനപ്രതിനിധികളുടേയും എതിര്‍പ്പിനെ തുടര്‍ന്നാണ് ഇതെന്നാണ് പറയപ്പെടുന്നത്. ഇരു സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന പാലം എന്ന നിലയിലും നിര്‍മാണത്തിലെ പ്രതിസന്ധി തീര്‍ക്കാന്‍ കൂര്‍ഗ് ജില്ലയില്‍ നിന്നുള്ള ജനപ്രതിനിധികളുടെ ഉടപെടലുകള്‍ ഉണ്ടായിട്ടും പാലം ഗതാഗതത്തിന് തുറന്നുകൊടുക്കുന്ന കാര്യം ബന്ധപ്പെട്ടവര്‍ അറിയിച്ചില്ലെന്ന പരാതി കര്‍ണ്ണാടകത്തില്‍ നിന്നും ഉയര്‍ന്നിരുന്നു. പാലം നിര്‍മാണത്തിന് ദേശീയ വനം- വന്യജീവി ബോര്‍ഡിന്റെ അന്തിമ അനുമതിക്കൊപ്പം കര്‍ണ്ണാടക ബ്രഹ്മഗിരി വന്യജീവി സങ്കേതം മുന്നോട്ട് വെച്ച ചില നിര്‍ദ്ദേശങ്ങളും അംഗീകരിച്ചു കൊണ്ടാണ് നിര്‍ത്തിവെച്ച പണി പുനരാരംഭിച്ചത്.
നിര്‍മാണത്തിന് കര്‍ണ്ണാടക വൈല്‍ഡ് ലൈഫ് ബോര്‍ഡിന്റെ അനുമതിക്കായി വീരാജ്പേട്ട എംഎല്‍എ കെ.ജി. ബൊപ്പയ്യ ഉള്‍പ്പെടെയുള്ളവര്‍ ഏറെ ശ്രമം നടത്തിയിരുന്നു. ഇതൊന്നും പരിഗണിക്കാതെ കേരള പൊതുമരാമത്ത് വകുപ്പും കെഎസടിപിയും ഏകപക്ഷിയമായി ഉദ്ഘടാനം നടത്തുന്നതിലെ അതൃപ്തി വീരാജ് പേട്ട എംഎല്‍എ ഓഫീസ് ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു. വനം വകുപ്പും സമാനരീതിയിലുള്ള എതിര്‍പ്പ് ബന്ധപ്പെട്ടവരെ അറിയിച്ചതോടെയാണ് ഉദ്ഘാടനം പൊടുംന്നനെ റദ്ദാക്കിയത്.
ഇക്കുറിയും കര്‍ണ്ണാടകയെ ക്ഷണിക്കുമോയെന്ന കാര്യത്തില്‍ ഇനിയും വ്യക്തതയുണ്ടായിട്ടില്ല. കോവിഡ് കാലമായതിനാല്‍ ലളിതമായ ചടങ്ങെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. അതേസമയം ചടങ്ങുകളൊന്നും ഇല്ലാതെയാണ് ഈ പാതയില്‍ നിര്‍മ്മിച്ച ഏറ്റവും വലിയ പാലമായ ഇരിട്ടി ഉള്‍പ്പെടെയുള്ള മറ്റു അഞ്ച് പാലങ്ങളും ഇതിന് മുമ്പ് ഗതാഗതത്തിന് തുറന്നു കൊടുത്തിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: