കൊച്ചി : നടിയെ ആക്രമിച്ച കേസ് അനേഷിച്ച ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ശബ്ദം തിരിച്ചറിഞ്ഞ് സംവിധായകന് റാഫി. ബാലചന്ദ്ര കുമാര്‍ നല്കിയ ശബ്ദ സാമ്പിളില്‍ നിന്നും ദീലിപിന്റെ ശബ്ദം തിരിച്ചറിയുന്നതിനായി അന്വേഷണ സംഘം വിളിപ്പിക്കുകയായിരുന്നു. എസ്പിയുടെ ക്യാബിനില്‍ വച്ച് എല്ലാ ശബ്ദരേഖയും പ്രതികളെ കേള്‍പ്പിച്ചശേഷമാണ് ദിലീപിന്റെ ശബ്ദം റാഫി തിരിച്ചറിഞ്ഞത്.
മറ്റ് പ്രതികളുടെ ശബ്ദം തിരിച്ചറിയാന്‍ ഇവരുടെ അടുത്ത സുഹൃത്തുക്കളെ ചൊവ്വാഴ്ച വിളിച്ചു വരുത്തും. എന്നാല്‍ സംവിധായകന് ബാലചന്ദ്ര കുമാറിനെ വിളിച്ചുവരുത്താത്തത് സാക്ഷിയുടെ സംരക്ഷണം ഉദ്ദേശിച്ചാണ്. ആദ്യം ബാലചന്ദ്രകുമാറിനെ കൂടി വിളിച്ചുവരുത്തി ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിരുന്നു. നിലവിലെ സാഹചര്യത്തില്‍ പ്രതികള്‍ക്ക് മുന്നില്‍ ബാലചന്ദ്ര കുമാറിനെ ഇരുത്തുന്നത് ശരിയല്ല. ഹൈക്കോടതി വിധിക്ക് ശേഷം ബാലചന്ദ്ര കുമാറിനെ വിളിപ്പിക്കുമെന്നും ക്രൈംബ്രാഞ്ച് സംഘം വ്യക്തമാക്കി.
മൂന്നാം ദിവസമായ ഇന്നും ചോദ്യം ചെയ്യല്‍ തുടരുകയാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ 11 മണിക്കൂറോളമാണ് ദിലീപിനെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. വ്യാഴാഴച കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ കേസിന്റെ അന്വേഷണ പുരോഗതിയും ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങളും നല്‍കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് പരിശോധിച്ചശേഷമാകും മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ കോടതി ഉത്തരവ് പുറപ്പെടുവിക്കുക.
അതേസമയം കേസിലെ ആറ് പ്രതികളില്‍ ഒരാളെ മാപ്പ് സാക്ഷിയാക്കാന്‍ സാധ്യതയെന്ന് സൂചന. ദിലീപ്, സഹോദരന് അനൂപ്, സഹോദരീ ഭര്‍ത്താവ് സൂരജ്, ഡ്രൈവര്‍ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരെയാണ് കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യംചെയ്യുന്നത്. ഇതില്‍ അപ്പു, ബൈജു എന്നിവരിലാരെയെങ്കിലും മാപ്പുസാക്ഷിയാക്കി മറ്റ് പ്രതികള്‍ക്കെതിരെയുള്ള ശക്തമായ തെളിവ് നല്‍കാനാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: