രാജാക്കാട്: ഹരിത ട്രൈബൂണലിലെ കേസിന്റെ പഞ്ചാത്തലത്തില്‍ ജില്ലയില്‍ നിര്‍മാണ നിരോധനമുള്ള 7 വില്ലേജുകളിലെ ഗാര്‍ഹികേതര നിര്‍മ്മാണങ്ങള്‍ക്കെതിരെ നോട്ടീസ്. മാസങ്ങള്‍ മുന്‍പ് തന്നെ റവന്യൂ വകുപ്പ് ഈ വിഷയത്തില്‍ അന്വേഷണം ആരംഭിച്ചിരുന്നു. ഹരിത ട്രൈബൂണലിന്റെ ചെന്നൈ ബഞ്ചിന്റെ പരിഗണനയിലിരിക്കുന്ന കേസുകളുടെ പശ്ചാത്തലത്തിലാണ് നടപടി.
ഹൈക്കോടതി ഉത്തരവ് പ്രകാരം നിര്‍മാണ നിരോധനം നിലനില്‍ക്കുന്ന 7 പഞ്ചായത്തുകളില്‍ 1964ലെ ഭൂപതിവ് പട്ടയങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ നിര്‍മാണങ്ങളാണ് അന്വേഷിക്കുന്നത്. കൃഷിയും വീടുമല്ലാതുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ക്കാണ് വിലക്കുള്ളത്. ഇവയുടെ ഫോട്ടോ സഹിതം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന ജില്ലാ കളക്ടറുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് വിവര ശേഖരണം നടത്തിയത്. ചിന്നക്കനാല്‍ -56, ബൈസണ്‍വാലി- 57, ശാന്തന്‍പാറ- 29, മറ്റു വില്ലേജുകളായ വെള്ളത്തൂവല്‍, ആനവിരട്ടി, കെഡിഎച്ച്, പള്ളിവാസല്‍ തുടങ്ങി 7 വില്ലേജുകളിലായി ആകെ 262 പേര്‍ക്ക് നോട്ടീസ് അയച്ചു.
15 ദിവസത്തിനകം മറുപടി നല്‍കണമെന്ന നിര്‍ദ്ദേശമാണ് നോട്ടീസിലുള്ളത്. എം.ഐ. രവീന്ദ്രന്റെ പട്ടയങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ നടപടി തുടങ്ങിയത് ഭരണമുന്നണിക്കകത്ത് തന്നെ അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുത്തിരുന്നു. അതിന് പിന്നാലെയാണ് ചിന്നക്കനാലിലെ വനവാസി ഭൂമി പ്രശ്നവും ഇപ്പോള്‍ നിയമവിരുദ്ധ നിര്‍മാണങ്ങള്‍ക്കെതിരെയുള്ള നടപടിയും ആരംഭിച്ചിട്ടുള്ളത്.
ഇത് വരും ദിവസങ്ങളില്‍ ഹൈറേഞ്ച് മേഖലയില്‍ മറ്റൊരു രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തിരി കൊളുത്താനാണ് സാദ്ധ്യത. ജില്ലയില്‍ ഒരിടവേളക്ക് ശേഷം ഭൂ വിഷയങ്ങള്‍ ഇതോടെ വീണ്ടും സജീവമായിരിക്കുകയാണ്. വലിയ തോതില്‍ കൈയേറ്റങ്ങള്‍ക്കൊപ്പം പട്ടയ വ്യവസ്ഥകള്‍ മറികടന്ന് നിര്‍മാണങ്ങളും മരം മുറിയും അടക്കം നടത്തിയവര്‍ക്കെതിരെ നടപടിയുണ്ടാകും. പട്ടയം തന്നെ ഇവിടെ റദ്ദ് ചെയ്യപ്പെട്ടേക്കും.
അനധികൃത നിര്‍മ്മാണത്തിന്റെ നിജസ്ഥിതി അന്വഷിച്ച് റിപ്പോര്‍ട്ട് നല്കാന് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം നോട്ടീസ് നല്കുന്ന നടപടി ആരംഭിച്ചതായി ഉടുമ്പന്‍ചോല തഹസീല്‍ദാര്‍ നിജു കുര്യന് ജന്മഭൂമിയോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: