മാന്നാര്‍ : എയര്‍പോര്‍ട്ടില്‍ ക്യാബിന് ക്രൂ ആയും റെയില്‍വേയില്‍ ഡിവിഷണല്‍ ഓഫീസിലും ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ തട്ടിയ പ്രതികളെ മാന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കണ്ണാടിക്കല്‍ വെങ്ങേരി ശ്രീഹരിചേതന വീട്ടില്‍ കെ. പി. സന്ദീപ് (42) തിരുവനന്തപുരം തൈക്കാട് ആഞ്ജനേയ വീട്ടില്‍ ഡി. ശങ്കര്‍ (52)എന്നിവരാണ് അറസ്റ്റിലായത്.
2021 സപ്തംബര്‍, ഒക്ടോബര്‍ മാസത്തിലുമായി മാന്നാര്‍ കുരട്ടിക്കാട് സ്വദേശികളായ യുവാക്കളില്‍ നിന്നാണ് ഇവര്‍ പണം വാങ്ങിയത്, എയര്‍പോര്‍ട്ടില്‍ ക്യാബിന് ക്രൂ ആയി ജോലി വാങ്ങി നല്‍കുന്നതിനായി ആറ് ലക്ഷവും റെയില്‍വേയില്‍ ജോലി വാങ്ങി നല്‍കുന്നതിനായി പതിനാലു ലക്ഷം രൂപയും ആണ് യുവാക്കളില്‍ നിന്ന് വാങ്ങിയത്.
സെക്രട്ടറിയേറ്റില്‍ ജോലിക്കാരനാണെന്നു പറഞ്ഞാണ് ഒന്നാം പ്രതി സന്ദീപ് പരിചയപെട്ടു പണം തട്ടിയെടുത്തത്. കോഴിക്കോട് സ്വദേശിയായ ഇയാള്‍ ഇപ്പോള്‍ തിരുവനന്തപുരം നന്ദാവനം അശ്വതി എന്ന വീട്ടിലാണ് താമസം. മാസങ്ങളായിട്ടും വിവരങ്ങള്‍ ഒന്നും തന്നെ ഇല്ലാതാപ്പോള് ഫോണിലും നേരിട്ടും ബന്ധപ്പെട്ടപ്പോള്‍ ഓരോ അവധി പറഞ്ഞയക്കുകയായിരുന്നു. തുടര്‍ന്ന് ഇരുപത് ലക്ഷം രൂപയുടെ ചെക്കും പ്രതികള്‍ നല്കി. ചെക്ക് ബാങ്കില്‍ നല്കിയപ്പോളാണ് തട്ടിപ്പ് മനസിലായത്. പിന്നീട് മാന്നാര്‍ സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
സമാന തട്ടിപ്പിന് ഇരയായവര്‍ സന്ദീപിന്റെ പേരില്‍ ഹരിപ്പാട് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. മാന്നാര്‍ എസ്എച്ച്ഒ. ജി സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ എസ്ഐ ഹരോള്‍ഡ് ജോര്‍ജ്, അഡിഷണല്‍ എസ് ഐ ബിന്ദു, സിവില്‍ പോലീസ് ഓഫീസര്‍മാരായ സിദ്ധിക്ക് ഉല് അക്ബര്‍, സജീവ്, സാജിദ്, ഹോം ഗാര്‍ഡ് മാരായ ഷിബു, ജോണ്സണ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: