കീവ്: വീണ്ടും ഒരു മഹായുദ്ധത്തിന്റെ കരിനിഴലിലേക്ക് ലോകം നീങ്ങുന്നു. റഷ്യ ഒരു വശത്തും യുഎസും ബ്രിട്ടനും മറുവശത്തും നിന്നുകൊണ്ട് ഉക്രെയ്നെച്ചൊല്ലി യുദ്ധമുണ്ടായേക്കുമെന്ന സാധ്യത വര്‍ധിക്കുകയാണ്.
മിക്കവാറും റഷ്യ ഉക്രെയ്നെ ആക്രമിച്ചേക്കുമെന്ന വിലയിരുത്തലാണ് യുഎസ് ഭരണകൂടം നല്‍കുന്നത്. അതിനാല്‍ യുഎസ് പൗരന്മാരോടും എംബസി ഉദ്യോഗസ്ഥരോടും അമേരിക്കയിലേക്ക് അടിയന്തരമായി മടങ്ങിവരാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് യുഎസ് ഭരണകൂടം.
യുഎസ് പൗരന്മാരോട് ഉക്രെയ്നിലും റഷ്യയിലും സന്ദര്‍ശനം നടത്തരുതെന്നും യുഎസ് നിര്‍ദേശിച്ചിട്ടുണ്ട്. അന്താരാഷ്ട്ര സൈനിക കൂട്ടായ്മയായ നാറ്റോയും ഇതേ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. വരുന്ന ആഴ്ചകളില്‍ തന്നെ ആക്രമണം ഉണ്ടായേക്കുമെന്ന് കരുതുന്നു.
ഉക്രെയ്ന് അതിര്‍ത്തിയില്‍ ഏതാണ് 1.25 ലക്ഷം റഷ്യന്‍ സൈനികര്‍ യുദ്ധത്തിനായി നിലയുറപ്പിച്ചിട്ടുണ്ട്. ഏകദേശം 90 ടണ്ണോളം സ്ഫോടകവസ്തുക്കളും റഷ്യ ഒരുക്കി നിര്‍ത്തിയിട്ടുണ്ട്. റഷ്യന്‍ ഭാഷ സംസാരിക്കുന്നവരെ സംരക്ഷിക്കുക എന്ന പ്രഖ്യാപനവുമായി റഷ്യ ഉക്രെയ്നിലെ ചില നഗരങ്ങള്‍ പിടിക്കാനുള്ള സാധ്യത കൂടുതലാണ്. ഖാര്‍കിവ് എന്ന നഗരം പിടിക്കാന്‍ റഷ്യ ശ്രമിച്ചാല്‍ ഉറപ്പായും യുദ്ധം പൊട്ടിപ്പുറപ്പെടുമെന്ന താക്കീത് ഉക്രെയ്ന് പ്രസിഡന്റ് സെലിന്‍സ്കി നല്‍കിയിട്ടുണ്ട്.
ഉക്രെയ്നെ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന നിലപാടില്‍ തന്നെയാണ് യുഎസും ബ്രിട്ടനും. ഇരു രാജ്യങ്ങളും ആയുധങ്ങള്‍ കീവില്‍ വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നാറ്റോയും ഉക്രെയ്നും ചേര്‍ന്ന് നടത്തിയ സംയുക്ത സൈനികാഭ്യാസങ്ങളും റഷ്യയെ ചൊടിപ്പിച്ചു. അതാണ് ഉടനെ റഷ്യ ഉക്രെയ്നെ ആക്രമിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ഉയരുന്നത്. പക്ഷെ ആക്രമിച്ചാല്‍ റഷ്യയ്ക്കെതിരെ ശക്തമായ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് യുഎസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: