തൃശ്ശൂര്‍: നഗരത്തിലെ മാര്‍ക്കറ്റുകളിലെ കയറ്റിറക്ക് തൊഴിലാളികളുടെ കൂലി 20 ശതമാനം വര്‍ധിപ്പിച്ചു. ഫെബ്രുവരി മുതല്‍ 2023 മാര്‍ച്ച് 31 വരെയാണ് വര്‍ധനവ്. കൊവിഡ് കാരണം മാര്‍ക്കറ്റ് അടച്ചിടുന്ന സാഹചര്യമുണ്ടായാല്‍ ഈ ദിവസങ്ങളിലെ കൂടി വര്‍ധന നീട്ടി അനുവദിക്കുമെന്ന് ഡെപ്യൂട്ടി ലേബര്‍ കമ്മീഷണറുടെ ഉത്തരവില്‍ പറയുന്നു.
പുതിയ തീരുമാന പ്രകാരം അടുത്ത മാസം മുതല്‍ തൊഴിലാളികള്‍ക്ക് മൂന്ന് ശതമാനം അധിക കൂലി ലഭിക്കുന്നതാണ്. 2023 മാര്‍ച്ചില്‍ കാലാവധി കഴിഞ്ഞ ശേഷം കരാര്‍ പുതുക്കാന്‍ താമസമുണ്ടായാല്‍ നിലവിലെ കൂലിയുടെ എട്ട് ശതമാനം വര്‍ധനയ്‌ക്ക് തൊഴിലാളികള്‍ക്ക് അര്‍ഹതയുണ്ടെന്നും ഉത്തരവില്‍ പറയുന്നു. കഴിഞ്ഞ നവംബര്‍ മുതല്‍ ഈ മാസം വരെ കൂലിയില്‍ 17 ശതമാനം മുന്‍കാല പ്രാബല്യം അനുവദിച്ചിട്ടുണ്ട്. തൊഴിലാളികളുടെ കൂലി കുടിശിക ഫെബ്രു. ഒന്ന് മുതല്‍ ഗഡുക്കളായി ചുമട്ടു തൊഴിലാളി ക്ഷേമബോര്‍ഡ് നിര്‍ദ്ദേശിക്കുന്ന പ്രകാരം ആറു മാസത്തിനം വിതരണം ചെയ്യണം.
അരിയങ്ങാടി, നായരങ്ങാടി, ശക്തന്‍ മാര്‍ക്കറ്റുകളിലെ കയറ്റിറക്ക് തര്‍ക്കത്തിന് ഇതോടെ പരിഹാരമായി. 17 ശതമാനം കൂലി വര്‍ധിപ്പിച്ച കഴിഞ്ഞ ഡിസം.16ന് ജില്ലാ ലേബര്‍ ഓഫീസര്‍ ഉത്തരവിട്ടിരുന്നു. ഈ കൂലി നല്‍കാനാവില്ലെന്ന് വ്യാപാര സംഘടനകള്‍ തീരുമാനിച്ചതോടെയാണ് തര്‍ക്കമായത്. കൂലി വര്‍ധനവുമായി ബന്ധപ്പെട്ട് വ്യാപാരികളും ചുമട്ടുതൊഴിലാളികളും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് പച്ചക്കറി-പലചരക്ക് മാര്‍ക്കറ്റുകളിലെ കയറ്റിറക്ക് ജോലികള്‍ വ്യാപാരികള്‍ നിര്‍ത്തിവെച്ച് സമരവും നടത്തിയിരുന്നു. വ്യാപാരികളുടെ സംഘടനകള്‍ സംയുക്തമായാണ് സമരം തുടങ്ങിയത്. ചരക്ക് നീക്കം ഇല്ലാതായതോടെ് മാര്‍ക്കറ്റുകള്‍ ഭാഗികമായി ദിവസങ്ങളോളമാണ് അടഞ്ഞു കിടന്നത്.
കൂലി ഒറ്റയടിക്ക് 17 ശതമാനം വരെ വര്‍ധിപ്പിച്ച ഡിഎല്‍ഒയുടെ ഉത്തരവ് അംഗീകരിക്കാന്‍ തയ്യാറാണെന്ന് ഒരുവിഭാഗം വ്യാപാരികള്‍ പറഞ്ഞെങ്കിലും മുന്‍കാല പ്രാബല്യത്തോടെയുള്ള വര്‍ധനവ് അംഗീകരിക്കാനാവില്ലെന്ന നിലപാടിനെ തുടര്‍ന്ന് തര്‍ക്കം പരിഹരിച്ചില്ല. കൊവിഡിനെ തുടര്‍ന്ന് വ്യാപാരം കാര്യമായി നടക്കുന്നില്ലെന്നും കച്ചവടം സാധാരണ നിലയിലേക്കെത്തുന്നത് വരെ നിലവിലെ കൂടി തുടരണമെന്നായിരുന്നു വ്യാപാരികളുടെ ആവശ്യം.
മാര്‍ക്കറ്റുകളില്‍ ചുമട്ടു തൊഴിലാളി യൂണിയനുകളും വ്യാപാരികളും തമ്മിലുണ്ടാക്കിയ വേതന കരാറിന്റെ കാലാവധി 2020 ഫെബ്രുവരി ആറിന് അവസാനിച്ചിരുന്നു. കൂലി കരാര്‍ രണ്ട് വര്‍ഷം മുമ്പ് അവസാനിച്ചിരുന്നെങ്കിലും കൊവിഡിനെ തുടര്‍ന്ന് പുതിയ കരാറുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തിയിരുന്നില്ല. മൂന്ന് മാര്‍ക്കറ്റുകളിലുമായി ഭരണപക്ഷ-പ്രതിപക്ഷ യൂണിയനുകളിലടക്കം 500ഓളം ചുമട്ടുതൊഴിലാളികളാണ് പണിയെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക