തിരുവനന്തപുരം: നോക്കാനാളില്ലാതെ രോഗിയായി ശരണാലയത്തില്‍ കഴിയുന്ന രാധാ റാണിയെ സഹായിക്കാന്‍ സുരേഷ് ഗോപി. ആകാശവാണിയിലെ ഉന്നത ഉദ്യോഗസ്ഥയായ ഇവരുടെ തടഞ്ഞുവെച്ചിരിക്കുന്ന സര്‍വീസ് ആനൂകൂല്യങ്ങള്‍ ലഭിക്കാന്‍ വേണ്ടതു ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഇഎംഎസിന്റെ മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗവും അസോസിയേഷന് ഓഫ് റേഡിയോ ആന്‍ഡ് ടെലിവിഷന്‍ എന്‍ജിനീയറിങ് എംപേ്ളോയീസിന്റെ സെക്രട്ടറിയുമായിരുന്ന രാധാ റാണിയുടെ ദയനീയ അവസ്ഥയെക്കുറിച്ചുള്ള ജന്മഭൂമി വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി.
84-ാം വയസ്സില്‍ മാനസികമായും ശാരീരികമായും തളര്‍ന്ന് തിരുവനന്തപുരത്തെ ശരണാലത്തില് അഭയം പ്രാപിച്ചിരിക്കുന്ന രാധാ റാണി, സര്‍വ്വീസ് ആനുകൂല്യങ്ങള്‍ ലഭിക്കാത്തതിനെക്കുറിച്ചു ചോദിച്ചപ്പോള്‍ സുരേഷ് ഗോപി സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പറഞ്ഞിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ടപ്പോളാണ് നിയമ പരമായ എല്ലാ സഹായവും ചെയ്യുമെന്ന് കോവിഡ് മൂലം വിശ്രമത്തിലിരിക്കുന്ന സുരേഷ് ഗോപി വ്യക്തമാക്കിയത്.
വിഷയത്തില്‍ പ്രസാര്‍ഭാരതി സിഇഒയുടെ വിശദീകരണം കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി എല്‍ മരുകന്റെ ഓഫീസ് തേടി. രോഗിയായതിനാലും ചികിത്സയ്ക്കാവശ്യമായ സാമ്പത്തിക സ്രോതസ്സുകളില്ലാത്തതിനാലും ദയനീയ അവസ്ഥയിലാണ് കടന്നുപോകുന്നതെന്നും ചൂണ്ടിക്കാട്ടി കുടിശ്ശികയുള്ള ശമ്പളവും പെന്‍ഷനും നല്കാന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രാധാ റാണി കത്തെഴുതിയിരുന്നു. ഇതില്‍ എന്തു നടപടി സ്വീകരിച്ചു എന്ന് വിശദീകരിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
അരനൂറ്റാണ്ടു മുന്‍പ് തിളക്കമാര്‍ന്ന ഔദ്യോഗിക ജീവിതം നയിക്കുകയും സംഘടനാരംഗത്ത് തിളങ്ങുകയും ചെയ്ത അഞ്ചുതെങ്ങ് സ്വദേശിയായ രാധാ റാണിയക്ക് മാനസിക പിരിമുറുക്കത്തിനു പുറമെ ക്യാന്‍സര്‍ രോഗവും ഉണ്ട്. പഞ്ചാബിയായിരുന്ന ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചു. അവിവാഹിതയായ മകളും രോഗിയാണ്.
രാധാറാണിയെ പിരിച്ചുവിട്ട ഉത്തരവ് പിന്‍വലിച്ച് പെന്ഷന് ലഭിക്കാന്‍ സാഹചര്യം ഒരുക്കണമെന്ന് റേഡിയോ ആന്‍ഡ് ടെലിവിഷന്‍ എന്‍ജിനീയറിങ് എംപേ്ളോയീസ് ആവശ്യപ്പെട്ടു. സര്‍വീസ് ബുക്ക് ഉടനടി കണ്ടെത്തി, പി എഫ് അലവന്‍സും കുടിശ്ശികയുള്ള ശമ്പളവും നല്‍കണമെന്ന് അസോസിയേഷന് സെക്രട്ടറി ബി ജയകൃഷ്ണന് ആവശ്യപ്പെട്ടു. ആകാശവാണിയില്‍ ആത്മാര്‍ഥമായി 22 ലേറെ വര്‍ഷം പ്രയത്നിച്ച ഒരാളുടെ ഇപ്പോഴത്തെ ദുര്‍ഗതി പ്രസാര്‍ ഭാരതി ഡയറക്ടറേറ്റ് തിരിച്ചറിഞ്ഞ് അവരെ സഹായിക്കണം. ഇക്കാര്യത്തില്‍ മനുഷത്വപരമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രിക്ക് നിവേദനവും നല്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: