സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പേരില്‍ ‘ഗുരുദര്‍ശനവും സംഘപരിവാറും’ എന്ന തലക്കെട്ടില്‍ വന്ന ലേഖനം കപടതയുടെ മകുടോദാഹരണമായിരുന്നു. സിപിഎം നുണഫാക്ടറിയില്‍ ആരോ നിര്‍മ്മിച്ചെടുത്ത വിവരങ്ങള്‍ സ്വന്തം പേരില്‍ പ്രസിദ്ധീകരിക്കാന്‍ അയച്ചു കൊടുക്കുന്നതിന് മുന്‍പ് സിപിഎമ്മിന്റെ ചരിത്രം ഒന്ന് വായിച്ചു നോക്കാന്‍ കോടിയേരി ബാലകൃഷ്ണന്‍ തയ്യാറായിരുന്നു എങ്കില്‍ ഇത്തരത്തില്‍ കള്ളം പ്രചരിപ്പിച്ച് അപഹാസ്യനാകേണ്ടി വരില്ലായിരുന്നു. ഗുരുദര്‍ശനവും സംഘപരിവാറും എന്നത് പാലും പഞ്ചസാരയും പോലെ ചേരുമ്പോള്‍ ഗുരുദര്‍ശനവും സിപിഎമ്മും എന്നത് മോരും മുതിരയും പോലെ കിടക്കുന്നതാണെന്ന് ചരിത്രം പരിശോധിക്കുന്ന ഏതൊരു വിദ്യാര്‍ത്ഥിക്കും മനസിലാകും. ചില വസ്തുതകള്‍! പരിശോധിക്കാം.
ശ്രീനാരായണ ഗുരുവിനെ ‘ഗുരുദേവന്‍’ എന്ന് വിശേഷിപ്പിക്കാന്‍ പോലും നാളിതുവരെ തയ്യാറാകാത്ത പ്രസ്ഥാനമാണ് സിപിഎം. പാര്‍ട്ടിയുടെ താത്വികാചാര്യന്‍ ഇ.എം.എസിന് ഗുരുദേവന്‍ വെറും ശ്രീനാരായണന്‍ മാത്രമായിരുന്നു. കേരളത്തെ ഭ്രാന്താലയത്തില്‍ നിന്ന് തീര്‍ത്ഥാലയമാക്കിയതില്‍ പ്രധാന പങ്കു വഹിച്ച ഗുരുദേവനും എസ്.എന്‍.ഡി.പി യോഗത്തിനും കേരള ചരിത്രത്തില്‍ എന്തെങ്കിലും പങ്കുള്ളതായി ഇ.എം.എസ് അംഗീകരിച്ചിരുന്നോ എന്ന് കോടിയേരി ബാലകൃഷ്ണന്‍ ഒന്ന് അന്വേഷിക്കുന്നത് നന്നായിരിക്കും. ‘ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രം’, ‘കേരളം മലയാളികളുടെ മാതൃഭൂമി’, ‘കേരള ചരിത്രവും സംസ്‌കാരവും’ തുടങ്ങിയ കൃതികളിലൊന്നിലും ഗുരുദേവനും അയ്യങ്കാളിയുമൊക്കെ നയിച്ച നവോത്ഥാനത്തെ പുകഴ്‌ത്തിയിട്ടില്ലെന്ന് മാത്രമല്ല കിട്ടിയ അവസരങ്ങളിലൊക്കെ ഇകഴ്‌ത്തുകയും ചെയ്തിട്ടുണ്ട്.
കേരളത്തില്‍ നാരായണ ഗുരുദേവന്‍ നയിച്ച നവോത്ഥാന ശ്രമങ്ങള്‍ ബൂര്‍ഷ്വാ പ്രസ്ഥാനത്തിന്റെ ഭാഗമാണെന്നായിരുന്നു ഇ.എം.എസിന്റെ സുചിന്തിതമായ അഭിപ്രായം. (ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രം പേജ് 174). ഗുരുദേവന്റെ അനുഗ്രഹാശിസുകളോടെ തുടങ്ങിയത് കൊണ്ടായിരിക്കാം വൈക്കം സത്യാഗ്രഹം രേഖപ്പെടുത്തേണ്ട ചരിത്രമായി പാര്‍ട്ടി ആചാര്യന് തോന്നാതിരുന്നത്. എന്ന് മാത്രമല്ല ആദ്ധ്യാത്മികതയുടെ ചിറകേലേറി നടന്ന പരിഷ്‌കരണ ശ്രമങ്ങളെ അപഹസിക്കാനും അദ്ദേഹം മറന്നില്ല. ‘ബൂര്‍ഷ്വാ ദേശീയതയുടെ കൂടെപ്പിറപ്പായ ദൗര്‍ബല്യമാണ് ഹൈന്ദവ പുനരുത്ഥാന വ്യഗ്രത.‘ (ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രം പേജ് 181) എന്നായിരുന്നു ഗുരുദേവന്‍ നയിച്ച വിപ്ലവത്തോടുള്ള ഇ.എം.എസിന്റെ നിലപാട്.
ഗുരുദേവ ദര്‍ശനങ്ങള്‍ പരാജയമായിരുന്നു എന്ന് സ്ഥാപിക്കാന്‍ ശ്രമിച്ച പാര്‍ട്ടി ആചാര്യനെപ്പറ്റി കോടിയേരിക്ക് വലിയ ധാരണ ഇല്ലെന്നും ലേഖനം വായിച്ചപ്പോള്‍ മനസിലായി. ‘ശ്രീനാരായണനെ തുടര്‍ന്ന് വന്ന സന്യാസിമാരും ചുരുക്കം ചില മതഭക്തന്മാരുമൊഴിച്ച് ഈഴവരില്‍ തന്നെ അധികമാരും സ്വാമികളുടെ സന്യാസ ജീവിതത്തെ ആദര്‍ശമായെടുക്കുന്നില്ല.’ (കേരളം മലയാളികളുടെ മാതൃഭൂമി പേജ് 249) എന്ന് എഴുതിയ നമ്പൂതിരിപ്പാടിന്റെ മനസിലിരുപ്പ് അറിയാന്‍ പാഴൂര്‍ പടിപ്പുര വരെ പോകേണ്ടതില്ലല്ലോ? ഗുരുദേവ ദര്‍ശനങ്ങള്‍ പരാജയമാണെന്നും ഈഴവ സമൂഹം പോലും അതിനെ കാര്യമായെടുക്കുന്നില്ലെന്നും സ്ഥാപിക്കാന്‍ ശ്രമിച്ചതു കൊണ്ടാണല്ലോ ശിവഗിരി മഠത്തില്‍ കാലുകുത്താന്‍ പോലും കമ്മ്യൂണിസ്റ്റ് ആചാര്യന്‍ തയ്യാറാകാതിരുന്നത്. 1995 ലെ ശിവഗിരി തീര്‍ത്ഥാടനം ഉദ്ഘാടനം ചെയ്യാനുള്ള ക്ഷണം നിരസിച്ചതിന്റെ കാരണമായി ചിന്ത വാരികയിലെ പ്രതിവാര കോളത്തില്‍ ഇ.എം.എസ് എഴുതിയത് മാത്രം വായിച്ചാല്‍ മതി കോടിയേരിയുടെ ഗുരുഭക്തി വയറ്റിപ്പിഴപ്പ് രാഷ്‌ട്രീയത്തിന്റെ ഉത്പന്നമാണെന്ന് മനസിലാക്കാന്‍. ‘ആ ക്ഷണം സ്വീകരിക്കാതിരിക്കുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി. അദ്ദേഹത്തിന്റെ (ശ്രീനാരായണന്റെ) സന്ദേശങ്ങള്‍ക്ക് ഇന്നും പ്രസക്തിയുണ്ടെന്നും കേരളത്തിന്റെ ഇനിയങ്ങോട്ടുള്ള വളര്‍ച്ചയ്‌ക്ക് ശ്രീനാരായണന്‍ വഴികാണിക്കുന്നുവെന്നും മറ്റും പറയുന്നതിനോട് എനിക്ക് യോജിക്കാന്‍ കഴിയില്ല. ശ്രീനാരായണ പ്രസ്ഥാനത്തിന്റേയും തീര്‍ത്ഥാടന പരിപാടികളുടേയും സംഘാടകരോ വക്താക്കളോ ആയി പൊതുജനങ്ങളുെ മുന്നില്‍ എന്നേപ്പോലെയുള്ളവര്‍ വരുന്നത് അവിവേകമായിരിക്കും’ (ദേശാഭിമാനി വാരിക 1995 ജനുവരി).
‘സംഘടിത വിപ്ലവ പ്രസ്ഥാനങ്ങളെ അപേക്ഷിച്ച് താണപടിയില്‍ കിടക്കുന്നതാണ് ശ്രീനാരായണ പ്രസ്ഥാനമെന്ന് ചൂണ്ടിക്കാണിക്കാന്‍ എനിക്ക് ബാധ്യതയുണ്ട്.‘ 1995 ലെ ഇ.എം.എസിന്റെ ഈ അഭിപ്രായം തിരുത്തിയിട്ട് പോരേ കോടിയേരിയുടെ ഇപ്പോഴത്തെ ഗുരുദേവ ഭക്തി.
സംഘപരിവാര്‍ രാഷ്‌ട്രീയത്തേയും വിചാരധാരയേയും പറ്റി താങ്കള്‍ നടത്തിയ പരാമര്‍ശങ്ങളിലും വികലമായ ചരിത്ര ബോധത്തിന്റെ വേലിയേറ്റമാണുള്ളതെന്ന് ഖേദത്തോടെ പറയട്ടെ. ‘ബ്രാഹ്മണന്‍ തലയാണ്. രാജാവ് ബാഹുക്കളും. വൈശ്യന്‍ ഊരുക്കളും ശൂദ്രന്‍ പാദങ്ങളുമാണ്’ വിചാരധാരയുടെ 44ാം പേജില്‍ പറയുന്നു എന്ന് താങ്കള്‍ പറയുന്ന ഈ ഭാഗം ആര്‍.എസ്.എസ് സൃഷ്ടിയല്ല. പുരുഷസൂക്തത്തിലെ വിരാട് പുരുഷ സങ്കല്‍പ്പമാണ് പ്രസ്തുത ഭാഗം. സംസ്‌കൃതത്തോടും സംസ്‌കാരത്തോടും ഒക്കെ പുച്ഛമുള്ള പാര്‍ട്ടിയുടെ നേതാവില്‍ നിന്ന് സംസ്‌കൃത ശ്ലോകങ്ങളുടെ ശരിയായ വ്യാഖ്യാനം പ്രതീക്ഷിക്കാത്തതിനാല്‍ അതില്‍ കുറ്റപ്പെടുത്തുന്നില്ല. വര്‍ണ്ണവും ജാതിയും തമ്മിലുള്ള വ്യത്യാസം വിശദീകരിക്കാനും സമയം കളയേണ്ടല്ലോ? ‘ജാതിചിന്ത പാപമല്ലെങ്കില്‍ മറ്റൊന്നും പാപമല്ലെ’ന്ന് പ്രഖ്യാപിച്ച ആര്‍.എസ്.എസ് തലവനായിരുന്ന ബാലാസാഹിബ് ദേവറസിനെ താങ്കള്‍ക്ക് പരിചയമുണ്ടാകാന്‍ സാധ്യതയില്ല.
‘പ്രാത:സ്മരണ’യിലൂടെ ഗുരുദേവ മഹത്വം ദിവസവും പ്രകീർത്തിക്കുന്ന ആർ.എസ്.എസിന്റെ ശ്രമഫലമായാണ് രാജ്യം മുഴുവൻ ശ്രീനാരായണ ഗുരുദേവൻ എന്ന പേര് എത്തിയതെന്ന് മറക്കരുത്. പി പരമേശ്വരൻ എന്ന ആർ.എസ്.എസ് പ്രചാരകൻ എഴുതിയ ജീവചരിത്രമാണ് ഗുരുദേവനെപ്പറ്റി എഴുതപ്പെട്ടിട്ടുള്ള ഏറ്റവും മികച്ച രചനയെന്ന് കേരളീയ സമൂഹം പൊതുവേ വിലയിരുത്തിയിട്ടുണ്ട്. താങ്കളുടെ നേതാക്കൾ അടക്കമുള്ളവർ തീണ്ടാപ്പാടകലെ നിർത്തിയ ശിവഗിരിയെ രാജ്യത്തെ പ്രമുഖ ആരാധനാലയമാക്കി മാറ്റിയത് ‘സവർണ്ണ ഫാസിസ്റ്റായ’ നരേന്ദ്രമോദി അധികാരത്തിലെത്തിയപ്പോഴാണ്. സ്വദേശീ ദർശൻ പദ്ധതിയിൽ ഉൾപ്പെടുത്തി 100 കോടി രൂപ ബിജെപി സർക്കാർ അനുവദിച്ചതിന് ശേഷമാണ് സംസ്ഥാന സർക്കാര്‍ പ്രതിനിധികൾ കൂടുതലായി ശിവഗിരിയിലേക്ക് തീർത്ഥാടനം തുടങ്ങിയത്. 1967 ൽ ജനസംഘത്തിന്റെ 14-ാം ദേശീയ സമ്മേളനം കോഴിക്കോട് നടന്നത് ശ്രീനാരായണഗുരുദേവന്റെ പേരിൽ തയ്യാറാക്കിയ നഗരിയിലായിരുന്നു. ദേശീയ രാഷ്‌ട്രീയത്തിൽ ഇത് ആദ്യ സംഭവമായിരുന്നു. അപ്പോഴും താങ്കളുടെ പാർട്ടി ഗുരുദേവനെ ‘സിമന്‍റ് നാണു’ എന്ന് അവഹേളിക്കുന്നതിൽ നിന്ന് പിൻമാറിയിരുന്നില്ല. 2015 ആയിട്ടും സിപിഎം ഗുരുദേവനെ കുരിശിൽ തറയ്‌ക്കുന്ന തിരക്കിലായിരുന്നു എന്നും കോടിയേരി മറന്നു പോയിട്ടുണ്ടാവില്ലല്ലോ?.
സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളില്‍ അനമ്പൂതിരി വിഭാഗത്തില്‍ നിന്നുള്ള (നമ്പൂതിരിയും ബ്രാഹ്മണനും ഒന്നല്ലെന്ന് താങ്കള്‍ മനസിലാക്കിയിട്ടുണ്ടാവില്ലല്ലോ?) ശാന്തിക്കാരനെ 21ാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തില്‍ നിയമിച്ചത് വലിയ സംഭവമായി താങ്കളുടെ പാര്‍ട്ടി കൊട്ടിഘോഷിച്ചുവല്ലോ? ജന്മം കൊണ്ടല്ല കര്‍മ്മം കൊണ്ടാണ് ബ്രാഹ്മണ്യം നേടുന്നതെന്നും അങ്ങിനെനേടിയവര്‍ക്ക് പൗരോഹിത്യത്തിന് അര്‍ഹതയുണ്ടെന്നും പ്രഖ്യാപിച്ച് 1987 ല്‍ നടത്തിയ പാലിയം വിളംബരം നടത്തിയത് വിചാരധാരയുടെ പിന്‍മുറക്കാരാണെന്ന് താങ്കള്‍ക്ക് അറിയുമോ? അവരുടെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളില്‍ നിരവധി അനമ്പൂതിരിമാര്‍ പുരോഹിതരായി ജോലി ചെയ്യുന്നുമുണ്ട്. അത്തരക്കാരുടെ ലഭ്യതക്കുറവ് കൊണ്ട് മാത്രമാണ് കൂടുതല്‍ നിയമനം നടക്കാത്തത് എന്ന് കൂടി അറിയുക.
പിന്നെ ആഭ്യന്തര ശത്രുക്കളെപ്പറ്റി. ഈ രാജ്യത്തിന്റെ ഉപ്പും ചോറും തിന്ന് അന്യരാജ്യങ്ങളെ പുകഴ്‌ത്തുന്ന താങ്കളെപ്പോലെയുള്ള വരെപ്പറ്റി തന്നെയാണ് വിചാരധാരയില്‍ പരാമര്‍ശം ഉള്ളത്. അതില്‍ മന:സാക്ഷിക്കുത്ത് തോന്നിയിട്ട് കാര്യമില്ല. ഈ രാജ്യത്തെ ഒരു സംസ്ഥാനത്തിന്റെ ഭരണഘടനാ പദവിയില്‍ ഇരിക്കുകയും അതിന്റെ പേരില്‍ ഇന്നും ആനുകൂല്യങ്ങള്‍ പറ്റുകയും ചെയ്യുന്ന താങ്കള്‍ക്ക് ചൈന ഒരു വിസ്മയമായി തോന്നുന്നു എങ്കില്‍ അത് തന്നെയാണ് തൊഴുത്തില്‍ കുത്ത്. അത് ഈ രാജ്യത്തെ ജനങ്ങള്‍ മനസിലാക്കിയത് കൊണ്ടാണല്ലോ കനല്‍ ഒരു തരിയായി അവശേഷിച്ചതും താങ്കളുടെ പാര്‍ട്ടി ‘അഖിലേന്ത്യാ സംസ്ഥാന’ പാര്‍ട്ടിയായി അധ:പതിച്ചതും. രാഷ്‌ട്രീയ നേതാക്കളുടെ ‘നിക്കര്‍’ ഊരി നോക്കി ജാതി നിര്‍ണ്ണയിക്കുന്ന താങ്കളുടെ ഗതികേട് ആര്‍ക്കും സംഭവിക്കാതിരിക്കട്ടെ.
സന്ദീപ് വാചസ്പതി
പ്രതികരിക്കാൻ ഇവിടെ എഴുതുക: