മൂലമറ്റം: വെള്ളിയാമറ്റം പൂച്ചപ്രയില്‍ യുവാവ് വെട്ടേറ്റ് മരിച്ച സംഭവത്തിലെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ചേലപ്ലാക്കല്‍ അരുണി(ഉണ്ണി40) നെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ശനിയാഴ്ച രാത്രി എട്ടുമണിക്കാണ് അരുണ്‍ സുഹൃത്തായ കല്ലംപ്ലാക്കല്‍ സനലി(45) നെ മദ്യലഹരിയില്‍ വാക്കത്തിക്ക് വെട്ടി കൊലപ്പെടുത്തിയത്.
പ്രതിയായ അരുണിന്റെ വീട്ടില്‍ വെച്ചായിരുന്നു കൊലപാതകം. മരിച്ച സനലും അരുണും ഉറ്റ സുഹൃത്തുക്കളായിരുന്നു. സംഭവദിവസം ഇരുവരും മറ്റു സുഹൃത്തുക്കളും ചേര്‍ന്ന് മൂലമറ്റത്ത് നിന്ന് മദ്യം വാങ്ങി അരുണിന്റെ വീട്ടിലെത്തി കഴിച്ചു. മറ്റു സുഹൃത്തുക്കള്‍ പോയതിന് ശേഷം സനലിന്റെ ഫോണ്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായി. തുടര്‍ന്ന് മാരകായുധം ഉപയോഗിച്ച് അരുണ്‍ സനലിനെ വെട്ടുകയുമായിരുന്നു. സംഭവസ്ഥലത്ത് തന്നെ സനല്‍ മരിച്ചു. സനലിനെ കൊലപ്പെടുത്തിയശേഷം അരുണ്‍ അയല്‍വാസി അനന്തുവിന്റ വീട്ടിലെത്തി താന്‍ ഒരാളെ കൊന്ന് വീട്ടില്‍ ഇട്ടിട്ടുണ്ടെന്ന് പറയുകയും പോലീസിനെ അറിയിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.
വിവരം അറിഞ്ഞ കാഞ്ഞാര്‍ പോലീസ് ഉടന്‍ തന്നെ സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയില്‍ എടുത്ത ശേഷം, മൃതദേഹത്തിന് പോലീസ് കാവലും ഏര്‍പ്പെടുത്തി. ഇന്നലെ രാവിലെയാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലേയ്‌ക്കയച്ചത്.
സനലിന്റെ ഭാര്യ: മായ. തൊടുപുഴ ഡിവൈഎസ്പി എ.ജി. ലാല്‍, കാഞ്ഞാര്‍ എസ്എച്ച്ഒ സോള്‍ജിമോന്‍, പ്രിന്‍സിപ്പല്‍ എസ്ഐ ജിബിന്‍ തോമസ്, എസ്ഐമാരായ ഉബൈസ്, സജി പി.ജോണ്‍, എഎസ്ഐ സാംകുട്ടി, സ്പെഷ്യല്‍ ബ്രാഞ്ച് എഎസ്ഐ സാനു എന്നിവരുടെ നേതൃത്വത്തിലാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഫോറന്‍സിക്, സയന്റിഫിക് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു. തലയ്‌ക്കേറ്റ പരിക്കാണ് മരണ കാരണം. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വീട്ടുവളപ്പില്‍ ഇന്ന് സംസ്‌കാരം നടത്തും. ഇന്ന് രാവിലെ പ്രതിയെ സംഭവസ്ഥലത്ത് കൊണ്ടുപോയി തെളിവെടുപ്പ് നടത്തും. കൊല്ലാന്‍ ഉപയോഗിച്ച ആയുധവും കണ്ടെത്തണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: