പെരുവ: മുന്നറിയിപ്പില്ലാതെ എംവിഐപി കനാല്‍ തുറന്നു വിട്ടത് മൂലം വിത കഴിഞ്ഞ് നാല് ദിവസമായ 5 ഏക്കര്‍ പാടം വെള്ളത്തില്‍ മുങ്ങി. മുളക്കുളം ഇടയാറ്റ് പാടശേഖരത്തിലെ കുളപ്പാടം ഭാഗത്തെ വിതയാണ് വെള്ളം കയറി നശിച്ചത്.
വിതകഴിഞ്ഞ് വെള്ളം വറ്റിക്കാനായി ചാലുകള്‍ തുറന്നു വച്ചിരിക്കുകയായിരുന്നു. ഇതിലുടെയാണ് പാടത്ത് വെള്ളം കയറിയത്. വെള്ളിയാഴ്ച രാത്രിയിലാണ് വെള്ളം തുറന്ന് വിട്ടത്. വെള്ളം തുറന്ന് വിടുമെന്ന് അറിയിപ്പ് നല്കിയിരുന്നെങ്കില് ചാലുകള്‍ അടച്ചു വയ്ക്കുമായിരുന്നുവെന്ന് കര്‍ഷകര്‍ പറഞ്ഞു. 27ന് വെള്ളം തുറന്നു വിടുമെന്നാണ് അറിയിച്ചിരുന്നത്, എന്നാല്‍ 21ന് വെള്ളം തുറന്നതാണ് കര്‍ഷകര്‍ക്ക് വിനയായത്.
പാടത്തെ വെള്ളം വറ്റാന്‍ താമസിച്ചത് മൂലം മൂപ്പ് കുറഞ്ഞ നെല്‍വിത്ത് പാലക്കാട് നിന്ന് കിലോക്ക് 45 രൂപാ മുടക്കി വാങ്ങി വിതച്ചതായിരുന്നു കര്‍ഷകര്‍. ആയിരക്കണക്കിന് രൂപയുടെ നഷ്ടമാണ് കര്‍ഷകര്‍ക്ക് ഉണ്ടായിരിക്കുന്നതെന്ന് അവര്‍ പറഞ്ഞു. ഇനി ഈ വെള്ളം വറ്റാന്‍ ദിവസങ്ങള്‍ വേണ്ടിവരും. അപ്പോഴേക്കും വിത്ത് മുഴുവന്‍ ഇരണ്ട തിന്ന് പോകുവാന്‍ സാത്യതയുണ്ട്.
എല്ലാവര്‍ഷവും എംവിഐപിയുടെ കനാല്‍ തുറന്ന് വിടുമ്പോള്‍ ഇടയാറ്റ്പാടത്ത് വെള്ളം കയറാാറുണ്ട്. ഇതിന് പരിഹാരമായി എംവിഐപി കാനാലിന്റ അവസാന ഭാഗത്ത് നിന്ന് വരുന്ന വെള്ളം തോട്ടിലേക്ക് ഓഴുക്കാനായ് ഓട തീര്‍ത്തിരുന്നു. ഇതുവഴിയെത്തിയ വെള്ളം തോട്ടില്‍ നിറഞ്ഞാണ് പാടത്ത് വെള്ളം കയറിയത്.
ഇങ്ങനെ വരുന്ന വെള്ളവും, വര്‍ഷ കാലത്തെ വെള്ളവും അടിച്ച് വറ്റിക്കാനായി വലിയ തോട്ടില്‍ ചിപ്പ് നിര്‍മ്മിച്ച് മോട്ടോര്‍ ഉപയോഗിച്ച് വെള്ളം പമ്പു ചെയ്യാന്‍ പദ്ധതി തയാറാക്കിയെങ്കിലും നടപ്പായില്ലെന്ന് കര്‍ഷകര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: