മണികണ്ഠന് കുറുപ്പത്ത്
മായനാട് (കോഴിക്കോട്): പക്ഷിത്തൂവലുകളില്‍ നിറങ്ങളെ സമന്വയിപ്പിച്ച് മനോഹരമായി ചിത്രങ്ങള്‍ ഒരുക്കുകയാണ് ലാഗ്മി എന്ന യുവകലാകാരി. അരയന്ന തൂവലില്‍ വരച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം നേരിട്ട് സമ്മാനിക്കാനുള്ള ഒരുക്കത്തിലാണ് ലാഗ്മി എന്ന യുവകലാകാരി ഇപ്പോള്‍.
മായനാട് പുല്ലാട്ട് പറമ്പില്‍ രവീന്ദ്ര മേനോന് – അംബുജം ദമ്പതികളുടെ മകളാണ് ലാഗ്മി മേനോന്. എംബിഎ കഴിഞ്ഞ് രണ്ട് വര്‍ഷം ജോലി ചെയ്യുന്നതിനിടെ കൊവിഡ് സമയത്താണ് ലാഗ്മി തൂവലില്‍ ചിത്രം വരയ്ക്കാന്‍ തുടങ്ങിയത്. ആദ്യമായി കാക്കത്തൂവലിലാണ് ശ്രമം നടത്തിയത്. തുടര്‍ന്ന് പ്രാവ്, അരയന്നം എന്നിവയുടെ തൂവലിലും ചിത്രങ്ങള്‍ വരച്ചു ശീലിച്ചു. വരയ്ക്കാനാവശ്യമായ തൂവലുകള്‍ സുഹൃത്തുക്കള്‍ വഴിയും ഓണ്‍ലൈനായുമാണ് ശേഖരിക്കുന്നത്. അക്രിലിക് കളര്‍ ഉപയോഗിച്ചാണ് ചിത്രങ്ങള്‍ക്ക് വര്‍ണം പകരുന്നത്.
സുരാജ് വെഞ്ഞാറമൂട്, ഉണ്ണി മുകുന്ദന് തുടങ്ങി ജയസൂര്യയുടെ അഞ്ച് സിനിമയിലെ വ്യതസ്ത മുഖങ്ങള്‍ ഒറ്റ കാക്കത്തൂവലില്‍ ഒരുക്കിയതും ശ്രദ്ധേയമാണ്. ജവഹര്‍ലാല്‍ നെഹ്റു, സുഭാഷ് ചന്ദ്രബോസ്, ഭഗത് സിങ്, ലാല്‍ ബഹദൂര്‍ ശാസ്ത്രി, ചന്ദ്രശേഖര്‍ ആസാദ് എന്നിവരുടെ ചിത്രങ്ങള്‍ വരച്ചതിന് പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇരുനൂറില്‍പ്പരം വ്യതസ്ത തൂവല്‍ ചിത്രങ്ങള്‍ ലാഗ്മി ഇതിനകം വരച്ചിട്ടുണ്ട്.
ഗുളികയിലും തുവര പരിപ്പിലും വരച്ച ഗണപതി, അണ്ടിപ്പരിപ്പില്‍ കൃഷ്ണനും കുചേലനും, മഞ്ചാടിക്കുരുവില്‍ ഉണ്ണിക്കണ്ണന്, ഉണക്കമുന്തിരിയില്‍ സാന്റാക്ലോസ്, ബ്ളെയ്ഡില് റെഡ്ഫോര്‍ട്ട് എന്നു വേണ്ട മത്തങ്ങയുടെ കുരുവില്‍ വരച്ച ഗാന്ധിജിയുടെ ചിത്രം വരെ ആരെയും അതിശയിപ്പിക്കുന്നതാണ്. ഓരോ തൂവല്‍ ചിത്രവും നാലും അഞ്ചും മണിക്കൂറെടുത്താണ് പൂര്‍ത്തിയാക്കുന്നത്. ഗുരുവായൂരപ്പന് സമര്‍പ്പിക്കാനായി തയ്യാറാക്കി വച്ചിരിക്കുന്ന പത്ത് തൂവലുകളിലായി തീര്‍ത്തിരുക്കുന്ന ദശാവതാര ചിത്രങ്ങളും ശ്രദ്ധേയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: