പനാജി : നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാര്‍ത്ഥികളെക്കൊണ്ട് കൂറ്മാറില്ലെന്ന് സത്യപ്രതിജ്ഞ ചെയ്യിപ്പിച്ച് കോണ്‍ഗ്രസ്. 2017ലെ നിയമഭാ തിരഞ്ഞെടുപ്പില്‍ ഗോവയിലെ ഏറ്റവും വലിയ ഒറ്റകക്ഷി ആയിരുന്നിട്ടും കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പിന് മുന്നോടിയായി തന്നെ കൂറ് മാറില്ലെന്ന് സത്യപ്രതിജ്ഞ ചെയതത്.
കോണ്‍ഗ്രസ് ഇതുവരെ പ്രഖ്യാപിച്ച് 36 സ്ഥാനാര്‍ത്ഥികളേയും അമ്പലത്തിലും പള്ളികളിലും എത്തിച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്. ജയിച്ചാല്‍ പാര്‍ട്ടിക്കൊപ്പം തന്നെ ഉറച്ച് നില്‍ക്കും കൂറ് മാറില്ലെന്ന് പറഞ്ഞാണ് കോണ്‍ഗ്രസ് ഇവരെക്കൊണ്ട് പ്രതിജ്ഞ എടുപ്പിച്ചിരിക്കുന്നത്. ശനിയാഴ്ച പനാജിയിലെ മഹാലക്ഷ്മി ക്ഷേത്രത്തിലും കൊങ്കണിയിലെ ബാംബോലിം ക്രോസിലും എത്തിയ സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് ശേഷം അടുത്ത അഞ്ച് വര്‍ഷത്തേക്ക് കോണ്‍ഗ്രസ് പാര്‍ട്ടിക്കൊപ്പം തുടരുമെന്ന് സത്യം ചെയ്തു.
‘ഞങ്ങള്‍ 36 പേരും മഹാലക്ഷ്മി ദേവിയുടെ കാല്‍ക്കല്‍… ഞങ്ങള്‍ക്ക് ടിക്കറ്റ് തന്ന കോണ്‍ഗ്രസ് പാര്‍ട്ടിയോട് വിശ്വസ്തരായി തുടരുമെന്ന് പ്രതിജ്ഞ ചെയ്യുന്നു. തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാര്‍ത്ഥികള്‍ ഏത് സാഹചര്യത്തിലും പാര്‍ട്ടിക്കൊപ്പമുണ്ടാകുമെന്ന് ഞങ്ങള്‍ പ്രതിജ്ഞ ചെയ്യുന്നു’ എന്നായിരുന്നു സത്യപ്രതിജ്ഞ. പിന്നീട് സ്ഥാനാര്‍ഥി പട്ടികയിലെ 34 പുരുഷന്‍മാര്‍ ബെറ്റിമിലെ ഒരു മുസ്ലിം പള്ളിയിലെത്തി അവിടെവെച്ചും പ്രതിജ്ഞയെടുത്തു.
ഗോവയുടെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാക്കളായ പി.ചിദംബരം, ദിനേശ് ഗുണ്ടറാവു, ഗോവ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗിരീഷ് ചോദങ്കര്‍ എന്നിവരും സത്യപ്രതിജ്ഞാ സമയത്ത് സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: