ഉദയഗിരി ചുവന്നൂ ഭാനുബിംബം വിളങ്ങി
കലിതമുകുളജാലേ മന്ദഹാസം തുടങ്ങി
പനിമതിമറവായീ ശംഖനാദം മുഴങ്ങി
ഉണരുക കണികാണ്മാന് അംബരേശംഭരേശ!
സന്ധ്യാനാമം ചൊല്ലുവാന്‍ തുടങ്ങിയ ശൈശവം മുതല്‍ ഓര്‍മയില്‍നിന്നു മറയാത്ത ശ്ലോകമാണിത്. ഇതില്‍ സ്തുതിക്കപ്പെടുന്നത് ബാലനായ ശ്രീകൃഷ്ണനാണെന്നും അന്നുതന്നെ കേട്ടറിഞ്ഞിരുന്നു. തൃച്ഛംബരത്തെ കൃഷ്ണ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താനുള്ള അവസരം ലഭിച്ചത് സംഘ പ്രചാരകനായി കണ്ണൂര്‍ എത്തിയ 1958 ലാണെന്നു മാത്രം. അതിനുശേഷമേ ആ ക്ഷേത്രത്തെയും അവിടത്തെ സവിശേഷതകളെയും അറിയാന്‍ കഴിഞ്ഞിട്ടുള്ളൂ. അന്ന് കണ്ണൂര്‍ ജില്ലാ പ്രചാരകന് അവിസ്മരണീയനായ വി.പി. ജനാര്‍ദ്ദനനായിരുന്നു. തൃച്ചംബരത്തെ ശാഖയില്‍ ചില വിവരങ്ങള്‍ അറിയിക്കാന്‍ അദ്ദേഹം എന്നെ നിയോഗിച്ചു. അവിടെ കാര്യാലയമായി ഉപയോഗിച്ചിരുന്ന ജാംബവാന്റെ കാലത്തെ ഒരു കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ ദാമോദരന്‍ എന്ന തുന്നല്‍ക്കാരനെയാണ് വിവരങ്ങള്‍ അറിയിക്കേണ്ടത്. കുരിപ്പന്‍ ദാമോദരന്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. മനസ്സിലെ സകല ധാരണകളെയും അട്ടിമറിച്ച ആ കൃതിയും പ്രകൃതിയുമായിരുന്നു ദാമോദരന്റേത്. തൃച്ചംബരത്തെ സംഘശാഖയുടെ അനിഷേധ്യനായകനായിരുന്ന അദ്ദേഹത്തിനു മുന്നില്‍ മറ്റു തയ്യല്‍ക്കാരും സില്‍ബന്ധികളും ഓച്ഛാനിച്ചെന്നപോലെ നിന്നു. അദ്ദേഹത്തിന്റെ ആജ്ഞാശക്തിക്കു മുന്പില് എല്ലാവരും പൂച്ചക്കുഞ്ഞുങ്ങളായിരുന്നു. അവിടെ അച്ചുതവാര്യര്‍ എന്നയാളെ പരിചയപ്പെട്ടു. കൂടെയുള്ള സഹായിയാണ്. മുഖ്യ ശിക്ഷക് ആണ്. ജനേട്ടന് ഏല്‍പ്പിച്ച കാര്യങ്ങള്‍ അച്ചുതവാര്യരാണ് നടപ്പിലാക്കേണ്ടിയിരുന്നത്. ആയിടെ ഗോരക്ഷാ സമിതിയുടെ ചില പരിപാടികള്‍ നടത്തേണ്ടതിന്റെ വിശദവിവരങ്ങള്‍ കൊടുക്കുകയായിരുന്നു എന്റെ ദൗത്യം. അച്ചുതവാര്യര്‍ക്കൊപ്പം സന്ധ്യയ്ക്കു ശാഖയില്‍ പോയി. ശാഖയില്‍ മിക്കവാറും കുലാല സമുദായത്തില്‍പ്പെട്ട സ്വയംസേവകരായിരുന്നു ഉണ്ടായിരുന്നത്. ആ സമുദായക്കാരുടെ വീടുകളും ജോലി സ്ഥലങ്ങളും ഉപകരണങ്ങളും പണിയായുധങ്ങളും നിരത്തിവച്ചിട്ടുള്ള നിരനിരയായ വീടുകളുള്ള ഒരു തെരുവാണവിടം. ശാഖ കഴിഞ്ഞശേഷം കേശവ പുതുവാള്‍ എന്നയാളുടെ വീട്ടില്‍ പോയി കുളി കഴിഞ്ഞു. ക്ഷേത്ര ദര്‍ശനം നടത്തി. പുതുവാളുടെ വീട്ടിലെ ഭക്ഷണം. തളിപ്പറമ്പ് ശാഖയുടെ ചരിത്രം ലഘുവായി മനസ്സിലാക്കി. വാര്യര്‍ക്കു ക്ഷേത്രത്തിലെ കഴകം സംബന്ധമായ അവകാശങ്ങള്‍ ഉണ്ട്. ഹിന്ദു സമൂഹം കാലാനുസൃതമായ പരിവര്‍ത്തനത്തിന് വിധേയമായി വരുന്നതിന്റെ ലക്ഷണങ്ങള്‍ തൃച്ഛംബരം ക്ഷേത്രത്തില്‍ കാണാനുണ്ടായിരുന്നില്ല. ഓരോ ആരാധകനും തീര്‍ത്ഥവും പ്രസാദവും കൊടുക്കുന്ന രീതി തന്നെ അതു വ്യക്തമാക്കിയിരുന്നു.
തൃച്ഛംബരത്തെ ആ അച്ചുതവാര്യരെ മനസ്സില്‍ കണ്ടുകൊണ്ട് കഴിഞ്ഞ മാസത്തില്‍ കണ്ണൂരിലെ സാമൂഹ്യ സാംസ്കാരിക സേവന പ്രസ്ഥാനമായ സര്‍വമംഗള ചാരിറ്റബിള്‍ ട്രസ്റ്റ് സേവാ കേന്ദ്രത്തിന്റെ പുരസ്കാരം അദ്ദേഹത്തിനു നല്കുന്ന വേളയിലേക്കു ക്ഷണിച്ചുകൊണ്ടുള്ള കത്തു വായിച്ചു. അന്നു തന്നെ ഈ പ്രകൃതം എഴുതണമെന്നു വിചാരിച്ചതായിരുന്നു. കണ്ണൂര്കാര്ക്ക് അവിസ്മരണീയ സാംസ്കാരിക നായകനായിരുന്ന പ്രൊഫ. ടി. ലക്ഷ്മണന്റെ സ്മരണയ്ക്കായാണ് പുരസ്കാരം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഞങ്ങളുടെ നിസ്വാര്‍ത്ഥമായ സമാജ സേവനത്തിന്റെ വിവിധ മേഖലകളെ ധന്യമാക്കി ഒരു ഡസനോളം പേര്‍ക്ക് മുന്‍പ് പുരസ്കാരം നല്‍കിക്കഴിഞ്ഞു.
സര്‍വശ്രീ കുട്ടമത്ത് ശ്രീധരന് മാസ്റ്റര്‍, ഡോ. പി. മാധവന്, എന്‍.സി.ടി. മധുസൂദനന് നമ്പ്യാര്‍, കെ.സി. കണ്ണന്, സി. ചന്ദ്രശേഖരന്, പി.പി. മുകുന്ദന് മുതലായി മുന്‍ പുരസ്കൃതരില്‍ ഏറെപ്പേരുമായി അടുത്ത സൗഹൃദം പുലര്‍ത്താന്‍ അവസരമുണ്ടായത് എന്റെ പ്രചാരക ജീവിതകാലത്തെ ധന്യതയായി ഞാന്‍ കണക്കാക്കുന്നു.
തളിപ്പറമ്പിലെ രണ്ടാം യാത്രയിലാണ് എനിക്ക് സാക്ഷാല്‍ രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനത്തിനവസരമുണ്ടായത്. ആ ക്ഷേത്രത്തെപ്പറ്റിയും ബാല്യത്തില്‍ തന്നെ കേട്ടിട്ടുണ്ട്.
വെളുത്തവെണ്ണീറണിയുന്ന കോലം
വെളുക്കവേ കാണ്‍കയിലുണ്ടുവാഞ്ഛ
തളിപ്പറമ്പമ്പിനതമ്പുരാനേ
കുളിര്‍ക്കവേ കാണ്‍കയിലുണ്ടുവാഞ്ഛ എന്നാണാ ശ്ലോകം. എന്റെ അനുജത്തി മലയാള വിദ്വാനു പഠിക്കുന്ന അവസരത്തില്‍ പഠിക്കാന്‍ ചൊല്ലൂര് നാഥോദയം ചമ്പു എന്നൊരു പുസ്തകമുണ്ടായിരുന്നു. അതു വായിച്ചു നോക്കി മടുത്തു മതിയാക്കുകയല്ലാതെ എനിക്കു വഴിയുണ്ടായിരുന്നില്ല. അച്ചുതവാര്യരും ജനേട്ടനും ഒരുമിച്ച് അവിടത്തെ തീര്‍ത്ഥക്കുളങ്ങളുടെ അരികിലുള്ള പല വീടുകളിലും പോയി. അവിടത്തെ ശാഖ നിലച്ചുപോയിരുന്നു. മാമാ വാര്യര്‍ എന്ന ദ്വിതീയ വര്‍ഷം കഴിഞ്ഞ ശിക്ഷക് വളപട്ടണത്ത് ജോലി കിട്ടി താമസം അതിനടുത്തേക്ക് മാറ്റി. പി.വി. കൃഷ്ണന് നായര്‍ കണ്ണൂര്‍ സ്പിന്നിങ് മില്ലില്‍ ചേര്‍ന്നു. പിന്നീട് ജനസംഘത്തില്‍ പ്രവര്‍ത്തിച്ചു. ഒന്നു രണ്ടു ബാല സ്വയംസേവകര്‍ പഠിച്ചു മിടുക്കരായി ഐപിഎസുകാരായി പോയി. അച്ചുതവാര്യര്‍ പിന്നീട് അവരെയൊക്കെ പരിചയപ്പെടുത്തിയിരുന്നു. പില്ക്കാലങ്ങളില് അവരുടെ പരോക്ഷമായ സഹായസഹകരണങ്ങള്‍ അടിയന്തരാവസ്ഥപോലത്തെ പ്രതിസന്ധി ഘട്ടങ്ങളില്‍ ഉണ്ടായിട്ടില്ല എന്നു പറഞ്ഞുകൂടാ.
സര്‍വമംഗള ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ കണ്ണൂരില്‍ നടന്ന മുതിര്‍ന്നവര്‍ക്കായുള്ള ഒരു പരിപാടിയില്‍ ഞാന്‍ കുടുംബസഹിതം പങ്കെടുത്തിരുന്നു. അപ്പോള്‍ അച്യുത വാര്യരുടെ വാരിയത്ത് ചെന്നു ആതിഥ്യം സ്വീകരിച്ചു. അരനൂറ്റാണ്ടു മുന്‍പത്തേതില്‍ നിന്നും ഒരു മെച്ചവും വരാത്തനിലയിലായിരുന്നു ഭവനം. അദ്ദേഹം അച്ഛനും മുത്തച്ഛനുമായിക്കഴിഞ്ഞിരുന്നു. പണ്ടത്തെപ്പോലത്തെ ആത്മീയത മുറ്റിനിന്ന അന്തരീക്ഷത്തില്‍ കണ്ണുനിറയാതിരിക്കാന്‍ എനിക്കു വളരെ പ്രയാസപ്പെടേണ്ടി വന്നു.
ഞാന്‍ ചെറിയ കുട്ടിയായിരുന്നപ്പോള്‍ എന്റെ നാടായ മണക്കാട്ട് എന്‍എസ്എസ് മലയാളം മിഡില്‍ സ്കൂള്‍ മാനേജരായിരുന്നത് കപ്പന കൃഷ്ണ മേനോന് ആയിരുന്നു. അദ്ദേഹം സ്കൂള്‍ പരിശോധനയ്ക്കു വന്നപ്പോള്‍ രാത്രി തങ്ങിയത് എന്റെ വീട്ടിലെ ഒരു ഇടുങ്ങിയ ചായിപ്പിലായിരുന്നു. 1943-44 കാലത്ത്. പിന്നീടദ്ദേഹം തളിപ്പറമ്പിലെ തന്റെ വീട്ടില്‍ താമസമാക്കി. അദ്ദേഹത്തെക്കുറിച്ച് സംസാരിച്ചപ്പോള്‍ അച്ചുതവാര്യര്‍ ആ വീട്ടില്‍ എത്തിച്ചു. വലിയൊരു വീട്ടില്‍ അരിവെപ്പുകാരനുമൊരുമിച്ച് താമസം. സാഹിത്യകാരനായ കപ്പന കൃഷ്ണമേനോന്റെ അമ്മാമനായിരുന്നു അദ്ദേഹം. വിവരിച്ചാല്‍ തീരാത്തത്ര കാര്യങ്ങള്‍ അദ്ദേഹത്തിനു പറയാനുണ്ടായിരുന്നു. എന്‍എസ്എസിന്റെ തുടക്കം മുതലുള്ള കാര്യങ്ങള്‍. നായന്മാര്ക്കു സ്വതസിദ്ധമായ പടലപ്പിണക്കങ്ങള്‍. താന്‍ മാന്നാര്‍ എന്ന സ്ഥലത്തു ഹെഡ്മാസ്റ്ററായിരുന്ന നായര്‍ സമാജം സ്കൂള്‍ എന്‍എസ്എസില്‍ ലയിക്കാതിരുന്നതിന്റെ രഹസ്യങ്ങള്‍. (പലവട്ടം സംഘത്തിന്റെ പ്രാന്തീയ ബൈഠക്കുകള്‍ നടന്ന ആ വിദ്യാലയം ഇന്നും എന്‍എസ്എസിന്റെ വലയത്തിനു പുറത്താണ്)
ഉന്നതവിദ്യാഭ്യാസം ലഭിക്കാത്തവരെങ്കിലും സഹജമായ ആകര്‍ഷകത്വമുള്ള പലയാളുകളുമുണ്ട്. സംഘത്തില്‍ അങ്ങിനത്തവര്‍ ഏറെയുണ്ട് എന്നതു വസ്തുതയാണ്. ഇന്നത്തെ പ്രാന്തസംഘചാലക് അഡ്വ.കെ.കെ. ബാലറാം കഴിഞ്ഞവര്‍ഷം പ്രാന്തസംഘചാലകനായി തെരഞ്ഞെടുക്കപ്പെട്ട വേളയില്‍ പറഞ്ഞ ചില കാര്യങ്ങള്‍ ഓര്‍മയില്‍ വരികയാണ്. തളിപ്പറമ്പിലെ സര് സെയ്ദ് കോളജിലായിരുന്നു താന്‍ ചേര്‍ന്നത്. സംഘവുമായി നേരിട്ടു ബന്ധപ്പെടാന്‍ മുന്‍പവസരമുണ്ടായിരുന്നില്ല. പല സ്ഥലങ്ങളിലുമുള്ള സ്വയംസേവകര്‍ ചേര്‍ന്നിരുന്നു. അവരെയെല്ലാം സമ്പര്‍ക്കം ചെയ്തു ഒരുമിച്ചു വരാനും ആശയവിനിമയം നടത്താനുമുള്ള പരിശ്രമങ്ങള്‍ നടന്നുവന്നിരുന്നു. തന്റെ ചില സുഹൃത്തുക്കള്‍ക്കൊപ്പം ആ യോഗത്തില്‍ ഒരിക്കല്‍ പോയി. പതിവു പരിചയപ്പെടലിനുശേഷം അവര്‍ പല കാര്യങ്ങളും പൊതു വിഷയങ്ങളും സംസാരിക്കുകയുണ്ടായി. അതിന്റെ സമാപനമെന്നോണം സംസാരിച്ചപ്പോള്‍ പറഞ്ഞ കാര്യങ്ങള്‍ വലിയ തത്വജ്ഞാനമൊന്നുമായിരുന്നില്ല. പക്ഷേ ഹൃദയത്തില്‍ ആര്‍ദ്രതയും ചലനവും സൃഷ്ടിക്കുന്നതായിരുന്നു. അടുത്ത തവണ ഇത്തരം പരിപാടി നടക്കുമ്പോള്‍ അതില്‍ പങ്കെടുക്കണമെന്ന ആഗ്രഹം ജനിപ്പിക്കുന്നതായിരുന്നു. നമുക്ക് പ്രാന്ത സംഘചാലകനെത്തന്നയാളാണ് അച്ചുതവാര്യര്‍ എന്നു പറയാന്‍ സാധ്യമല്ല. പക്ഷേ ആ സ്ഥാനത്തെത്തിയപ്പോള്‍ തന്നെ അങ്ങോട്ടെത്തിച്ചതില്‍ അദ്ദേഹത്തിന്റെ പങ്കാണ് പ്രധാനം എന്ന് ബാലറാം പറഞ്ഞത് ഈയവസരത്തില്‍ ഓര്‍ക്കുകയാണ്. സര്‍വമംഗള പുരസ്കാര സമര്‍പ്പണച്ചടങ്ങിന്റെ ഉദ്ഘാടന കര്‍മം നടത്തിയത് അദ്ദേഹമായിരുന്നു.
സഫലവും സക്ഷമവുമായ ജീവിതത്തിന്റെ സായാഹ്നത്തില്‍ എത്തി നില്ക്കുന്ന അച്ചുതവാര്യര്‍ക്കു സര്‍വമംഗളയോടൊപ്പം ഈ സഹപ്രവര്‍ത്തകന്റെയും ആശംസകള്‍.
സുരേന്ദ്ര സ്മരണ
പശ്ചിമകൊച്ചിയെ ഓര്‍മിക്കുമ്പോള്‍ മനസ്സില്‍ കുടികൊണ്ടു കിടക്കുന്ന ഒട്ടേറെ മുഖങ്ങളുണ്ട്. എന്നോടൊപ്പം പ്രഥമവര്‍ഷത്തിനും ദ്വിതീയ വര്‍ഷത്തിനും തൃതീയവര്‍ഷത്തിനും പരിശീലനത്തിന് ഒരേ ഗണയില്‍ത്തന്നെയുണ്ടായിരുന്ന മോഹന്‍ജി എന്ന് നാമെല്ലാം വിളിച്ചുവന്ന മോഹന്‍ കുക്കിലിയ തന്നെയാണവരില്‍ മുഖ്യന്. പ്രഥമവര്‍ഷയിലും ദ്വിതീയ വര്‍ഷയിലും ഒരുമിച്ചുണ്ടാവുകയും പ്രചാരകനായി കണ്ണൂര്‍ ജില്ലയിലും, പിന്നീട് ജന്മഭൂമിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചപ്പോള്‍, അതിന്റെ അച്ചടിക്കാര്യങ്ങള്‍ നോക്കാന്‍ വരണമെന്നഭ്യര്‍ത്ഥിച്ചപ്പോള്‍, കോതമംഗലത്തു താന്‍ നോക്കിവന്ന സുരക്ഷിതമായ ഒരു ജോലി വേണ്ടെന്നു വച്ച് എറണാകുളത്തെത്തുകയും അത് ഭംഗിയായി നിര്‍വഹിക്കുകയും ചെയ്ത എം.എസ്. ശിവാനന്ദ് തന്നെ പിന്നീട് ഓര്‍മയില്‍ വരുന്നത്. ഇവര്‍ക്കു പുറമേയും ധാരാളം പേരുണ്ട്. അവരുടെയൊക്കെ ഓര്മ തിക്കിത്തിരക്കി വരികയാണ്.
തിരുവനന്തപുരത്തിന് പുറത്ത് ഞാന്‍ ആദ്യം പോയിട്ടുള്ള കാര്യാലയം കൊച്ചിയിലായിരുന്നു. സംഘവുമായി ഒട്ടും ബന്ധമില്ലാത്ത ഒരാവശ്യത്തിന് കൊച്ചിയിലെ സ്റ്റേറ്റ് ബാങ്കില്‍ കുറെ പണമടയ്ക്കാന്‍ പോയതായിരുന്നു. അതിന്റെ രശീതി കിട്ടാന്‍ ഏറെ സമയമെടുക്കുമെന്നു വന്നപ്പോള്‍ കാര്യാലയമന്വേഷിച്ചുപോയി. ടി.ഡി. ക്ഷേത്രത്തിന് സമീപം അഴിയിട്ട ഒരു വീടാണ് കാര്യാലയമായി കണ്ടെത്തിയത്. അവിടെ വസുദാന്‍ ഷേണായ് എന്നയാളെ പരിചയപ്പെട്ടു. കുറച്ചു സമയം സംസാരിച്ചശേഷം മടങ്ങി. അദ്ദേഹവുമായി പിന്നെ ഏറെക്കാലം സൗഹൃദം നിലനിര്‍ത്തിയിരുന്നു. എറണാകുളത്തെ ഏറെ ചുമതലകള്‍ വഹിച്ചയാളാണ്.
പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം ജനസംഘത്തിന്റെ സംഘടനാ കാര്യദര്‍ശിയായി പരമേശ്വര്‍ജിയോടൊപ്പം മട്ടാഞ്ചേരിയിലും കൊച്ചിയിലും പലവട്ടം പോയി. അതിനിടെ അടിയന്തരാവസ്ഥയ്ക്കു മുന്‍പു പരിചയപ്പെട്ടവരില്‍ ഒരാളായിരുന്നു എല്‍. സുരേന്ദ്രന്. അമരാവതിയേലക്കു പോകുന്ന റോഡിനരികില്‍ തന്നെയായിരുന്നു വീട്. എന്താവശ്യം പറഞ്ഞാലും അതിന്റെ മര്‍മം മനസ്സിലാക്കി അതു നിറവേറ്റിത്തരുമായിരുന്നു. കൊച്ചി കോര്‍പ്പറേഷനില്‍ അംഗമായി റിക്കോര്‍ഡിട്ട ശ്യാമള പ്രഭുവിന്റെ പ്രവര്‍ത്തനങ്ങളുടെ ചുമതല വഹിച്ചിരുന്ന കാലത്താണ് അദ്ദേത്തെ അവസാനമായി കണ്ടത്. ഒടുവില്‍ സ്വന്തമായ മറ്റു ജോലികള്‍ കാര്യമായി ചെയ്തിരുന്നില്ല.
അദ്ദേഹവും മക്കളും സന്തുഷ്ടകുടുംബമായി കഴിഞ്ഞു. മകന് വീഡിയോഗ്രാഫിയില്‍ തല്പരനായിരുന്നു. ജന്മഭൂമിയില് നിന്ന് വിരമിച്ചശേഷം കെഎസ്എഫ്ഇയിലെ ഒരു ബാധ്യത തീര്‍ക്കാന്‍ കൊച്ചിയില്‍ പോയപ്പോള്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോകാന്‍ സമയം കണ്ടെത്തി. വിശേഷങ്ങള്‍ സംസാരിക്കുന്നതിനിടെ മകന് അനു നാരായണന് ദല്‍ഹിയില്‍ അമൃത ടിവിയിലാണെന്നു പറഞ്ഞപ്പോള്‍ അവരുടെ മകന് അമൃതയില്‍ ക്യാമറാമാനാണെന്ന് പറഞ്ഞു. അപ്പോള്‍ത്തന്നെ അയാളുമായി സംസാരിക്കാനവസരമുണ്ടായി. അവരുടെ വീട്ടില്‍ താളിന്റെ ഇലകള്‍ ഉപയോഗിച്ചുണ്ടാക്കിയ പത്രവട എന്ന വിശിഷ്ട ഭക്ഷ്യവസ്തു തയാറാക്കിയിരുന്നത്, മറ്റു വിഭവങ്ങള്‍ക്കു പുറമെ തരികയുണ്ടായി. എനിക്കും ഇഷ്ടമുള്ള വിഭവമായിരുന്നു അതും. അവിടെ വച്ചുതന്നെ ദല്‍ഹിയിലെ മകന് ജയദീപിനെ വിളിച്ചു ഞങ്ങള്‍ പരിചയം പുതുക്കി.
പിന്നീട് 2008 ല്‍ ഞാന്‍ പത്നിയോടൊപ്പം ദല്‍ഹിയില്‍ പോയപ്പോള്‍ ജയദീപും സഹോദരി ജയശ്രീയും താമസിച്ച വീട്ടില്‍ മകന് അനുവിനോടൊപ്പം പോയി. ഞങ്ങള്‍ക്ക് പത്രവട സല്ക്കരിക്കാന് കഴിയാത്തതില്‍ അവര്‍ക്ക് വലിയ ഇച്ഛാഭംഗമുണ്ടായി. ഞങ്ങളുടെ വരവറിഞ്ഞു രണ്ടു ദിവസം ദല്‍ഹി പൊതുസ്ഥലങ്ങളില്‍ ജയദീപ് താള് അന്വേഷിച്ചു നടന്നുവത്രേ. സംഭാഷണത്തിനിടെ ബംഗാളികളുടെ ഭക്ഷണത്തിലെ ഗംഗാപുഷ്പം സസ്യാഹാരമായി കരുതപ്പെടുന്ന കാര്യം അവര്‍ക്ക് രസകരമായി. പിന്നീട് എന്റെ എറണാകുളം യാത്രകള്‍ പരിമിതമായതിനാല്‍ സുരേന്ദ്രനുമായി സമ്പര്‍ക്കം നിലനിര്‍ത്താനായിട്ടില്ല. വല്ലപ്പോഴും ചെയ്യുന്ന യാത്രകളാകട്ടെ എറണാകുളം, കൊച്ചിക്കായലുകള്‍ക്കക്കരെക്കുണ്ടാവാറുമില്ല. സുരേന്ദ്രന് അന്തരിച്ച വിവരം അനുവാണറിയിച്ചത്. ദല്‍ഹിയിലായിരുന്നു അന്ത്യമത്രേ.
കൊച്ചിയുടെ ആദ്യ സ്മരണകള്‍ ആറുപതിറ്റാണ്ടുകള്‍ക്കപ്പുറത്തെയാണ്. എന്നെ സംബന്ധിച്ചിടത്തോളം അതു സദാ സജീവമാണ്. അടിയന്തരാവസ്ഥയ്ക്കു തൊട്ടു മുന്‍പും അക്കാലത്തെയും അതിനു ശേഷവുമാണ് സുരേന്ദ്ര സ്മരണകള്‍ കൂടുതലായി തെളിഞ്ഞത്. കാലവും ആളും അര്‍ത്ഥവും മാറി വന്നു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: