പിറ്റേന്നു പ്രഭാതത്തില്‍ ഭീഷ്മന്‍ യുദ്ധക്കളത്തിലെത്തി. ഭാര്‍ഗവരാമന്‍ തേര്‍പൂട്ടി യുദ്ധസന്നദ്ധനായി നിന്നു. ഭീഷ്മന്‍ തേരില്‍നിന്നിറങ്ങി ഭാര്‍ഗവരാമന്റെ മുന്നിലെത്തി അഭിവാദ്യം ചെയ്തു തിരിച്ചുവന്നു തേരിലേറി. ഭീഷ്മന് ഇന്നു ഭീതിയൊട്ടുമില്ലാതായാരിക്കുന്നു. പരസ്പരം അനവധി അസ്ത്രങ്ങള്‍ വാരിപ്രയോഗിച്ചുകൊണ്ടിരുന്നു. അനന്തരം ദിവ്യാസ്ത്രങ്ങളിലേക്ക് ഇരുവരും കടന്നു. ഭാര്‍ഗവരാമനു ഇടതുവശം വന്ന ഭീഷ്മന്റെ നേര്‍ക്ക് രാമനയച്ച ശരം ഭീഷ്മന്റെ നെഞ്ചില്‍ തറച്ചു. ഭീഷ്മന്‍ മോഹാലസ്യത്തെടെ ഇരുന്നുപോയി. സാരഥി അതുകണ്ടു ഭീഷ്മനെ ദൂരേക്കു മാറ്റി. മോഹാലസ്യം മാറി യുദ്ധഭൂമിയില്‍ തിരിച്ചെത്തിയ ഭീഷ്മന്‍ പിന്നീട് ഘോരാസ്ത്രങ്ങളെയ്തുകൊണ്ടിരുന്നു. ഒരിക്കല്‍ കാലനുതുല്യമായ ദീപ്താസ്ത്രത്തെ ഭീഷ്മന്‍ തൊടുത്തുവിട്ടു. ആ അസ്ത്രമേറ്റ് ഭാര്‍ഗവരാമന്‍ ഭൂമിയില്‍ പതിച്ചു. ഋഷിമാരും ദേവഗണങ്ങളും അകൃതവ്രണനും അംബയും മറ്റും ഭാര്‍ഗവരാമന്റെ ചുറ്റുംകൂടി സമാശ്വസിപ്പിച്ചു. അവര്‍ ജയഭേരിമുഴക്കി. ഭാര്‍ഗവരാമന്‍ ആലസ്യംവിട്ടെഴുന്നേറ്റു.
പരസ്പരമയച്ച ദിവ്യാസ്ത്രമേറ്റു മോഹാലസ്യപ്പെട്ടു വീണും, എഴുന്നേറ്റും, വീണ്ടും യുദ്ധംചെയ്തും ആങ്ങനെ ആകെ കലുഷിതമായ ഇരുപത്തുമൂന്നു ദിവസം പിന്നിട്ടു. ഭാര്‍ഗവരാമനെയ്തുവിട്ട ദിവ്യാസ്ത്രങ്ങളെയും ഭീഷ്മന്‍ പ്രത്യസ്ത്രംകൊണ്ട് മുറിച്ചുകൊണ്ടിരുന്നു. ഒരു വേള ഭീഷ്മന്റെ തേരാളി അസ്ത്രമേറ്റു മരിച്ചുവീണു. അങ്ങോട്ടേയ്‌ക്ക് ശ്രദ്ധപോയ ഭീഷ്മന്റെ നേര്‍ക്ക് ഭാര്‍ഗവരാമന്‍ മൃത്യുസമാനമായ അസ്ത്രമയച്ചു. അതു ഭീഷ്മന്റെ കൈത്തണ്ടയില്‍പ്പതിച്ച് അസ്ത്രത്തോടെ മറിഞ്ഞുവീണു. അതുകണ്ട് ഭീഷ്മന്‍ മരിച്ചെന്നുകരുതി ഭാര്‍ഗവരാമന്‍ ആര്‍പ്പുവിളിച്ചുല്ലസിച്ചു. അത്യുച്ചത്തില്‍ അലറി. വീണുപോകുന്ന ഭീഷ്മനെ സൂര്യാഗ്നിസമാനരായ എട്ടു ദേവരൂപങ്ങള്‍ താങ്ങിയെടുത്തു. അവരുടെ സമാശ്വാസവാക്കുകള്‍ കേട്ട് തേരിലിരുന്ന ഭീഷ്മന്‍ തന്റെ കുതിരകളെ ഓടാതെ നിയന്ത്രിച്ചു പിടിച്ചുനില്‍ക്കുന്ന അമ്മ ഗംഗയെക്കണ്ടു. അച്ഛനമ്മമാരുടെ കാലുകള്‍ കൂപ്പി ഭീഷ്മന്‍ വീണ്ടും തേരിലേറി. അമ്മയെ യാത്രയാക്കി.
വീണ്ടുമുണ്ടായ ഉഗ്രയുദ്ധത്തില്‍ ഭീഷ്മന്‍ ഭാര്‍ഗവരാമന്റെ ഹൃദയം കീറുംമട്ടില്‍ ഒരമ്പയച്ചു. അതു ചെന്നുകൊണ്ട് രാമന്‍ മോഹാലസ്യപ്പെട്ട് വില്ലുവിട്ടു മുട്ടുകുത്തി വീണു. രാമന്‍ പതിച്ചപ്പോള്‍ ചോരപെയ്യുന്ന കാറുകള്‍ ആകാശത്തുനിറഞ്ഞു. കൊള്ളിമീനും ഇടിയും മിന്നലും ലോകം മൂടി. ദീപ്തമായ സൂര്യനെ രാഹു മൂടി. കൊടുങ്കാറ്റുവീശി ഭൂമിയെ വിറപ്പിച്ചു. കഴുകന്മാര്‍ കൂട്ടമായെത്തി. കുറുക്കന്മാര്‍ അതിഘോരം ഓരിയിട്ടു. ആരും തൊടാതെ പെരുമ്പറകള്‍ ശബ്ദിച്ചുകൊണ്ടിരുന്നു. മഹാത്മാവായ ഭൃഗുരാമന്‍ ഭൂമിയില്‍ വീണപ്പോള്‍ ഇങ്ങനെ ഭീഷണമായ ഉത്പ്പാതങ്ങള്‍ പലതുമുണ്ടായി.
ഉടനെ ഭാര്‍ഗവരാമന്‍ പിടഞ്ഞെഴുന്നേറ്റു. ക്രോധംകൊണ്ടു മൂര്‍ച്ഛിതനായ അദ്ദേഹം ഭീഷ്മന്റെ നേര്‍ക്ക് അമ്പെടുത്തപ്പോള്‍ ഭീഷ്മന്‍ അതു തടുത്തു. കനിവേറുന്ന മാമുനികളില്‍ കോപംപൂണ്ട ഭാര്‍ഗവരാമന്‍ കാലാഗ്നിസമമായ ഒരസ്ത്രം പ്രയോഗിച്ചു. അതോടെ നേരം സന്ധ്യയായിക്കഴിഞ്ഞു. അന്നത്തെ യുദ്ധം അവസാനിച്ചു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: