അതിരാവിലെ ഒരു നാട്ടുപാതയിലൂടെ ബസില്‍ യാത്രചെയ്തിട്ടുള്ളവര്‍ക്ക് വഴിയരികിലെ വീടുകള്‍ ജീവിതത്തിന്റെ കൗതുകചിത്രങ്ങളാവാറുണ്ട്. ഓരോ വീടും ജീവിതത്തെ വെവ്വേറെ നിര്‍വ്വചിക്കുന്നതായി തോന്നും. ഭാഗികവും ശിഥിലവുമായ കാഴ്ചകളിലൂടെ വീടുകള്‍ നമ്മോടു സംവദിക്കും. ഗൃഹാതുരത്വം പുതിയ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചു തുടങ്ങും. അപരിചിതങ്ങളായ ആ വീടുകളില്‍ നിങ്ങള്‍ അംഗങ്ങളാവും. അവരുടെ നേരും നൊമ്പരങ്ങളും നിങ്ങളുടേതുകൂടിയാവും. അങ്ങനെയൊരു വിചിത്രാനുഭൂതിയാണ് ചെന്താപ്പൂരിന്റെ കവിതകളിലൂടെ സഞ്ചരിക്കുമ്പോള്‍ സംഭവിക്കുന്നത്.
ചെന്താപ്പൂരിന് കവികൗശലം സ്വയംസിദ്ധമാണ്. നാട്ടിന്‍പുറത്തെ ജീവിതം നാട്ടുഭാഷയിലെഴുതുന്ന ശീലമാണ് കവിയുടെ ബലം. പെണ്ണൊഴിഞ്ഞവീട്, പൊറുതിപ്പാട്ട്, ആണ്ട് മുതലായ രചനകള്‍ ഈ കരുത്തിന്റെ അടയാളങ്ങളാണ്. ചെറുക്കന്വീട്ടിലെ പ്രാരാബ്ധങ്ങളുടെ കെട്ടഴിക്കുന്ന പെണ്ണിന്റെ വാമൊഴി അവളെപ്പോലെതന്നെ നിരാഢംബരമാണ്. എടുക്കാവുന്നതെടുത്തും കൊണ്ട് സ്വന്തംവീട്ടിലേക്കു മടങ്ങിയതാണവള്. പുതുതലമുറയുടെ പൊറുതികേടുകള്‍ മുത്തശ്ശിക്കു പിടിക്കുന്നില്ല. ഇടത്തിണ്ണയില്‍ ഇരുന്നുതുപ്പി പറയുന്ന മുത്തശ്ശി അവളോടു കയര്‍ക്കുന്നു.
”ഉടുതുണിക്ക് നിനക്കവിടെ
പഞ്ഞമുണ്ടോടീ…?
ഊറ്റിവാരി തിന്നുവാനും
പുകയുന്നില്ലേടീ…?”’
നാട്ടുമൊഴിയില്‍ നാടകീയത കൊണ്ടുവരുന്ന കവികൗശലം ശ്രദ്ധേയമാണ്.
ചീരയും ചേമ്പും ആടും കോഴിയും കുടിപാര്‍ക്കുന്ന കുടുക്കവീട് കാല്പനികഭംഗിയുള്ളതല്ല. നെയ്യാമ്പലും രാജഹംസങ്ങളുമുള്ള നായികാഗൃഹങ്ങളെ വര്‍ണിക്കുന്നതിനു പകരം ‘കാ കൊണ്ടീടും വഴുതിനകളും മന്ദിരേ മല്പ്രിയായാ:’ എന്നെഴുതിയതിന് ഉണ്ണുനീലിസന്ദേശകാരന്‍ ഏറെ പഴികേട്ടതാണ്. അതിശയോക്തികള്‍ തോരണം തൂക്കുന്ന കാലഹരണപ്പെട്ട കാവ്യഭാഷ ഇന്നില്ല. സ്വര്‍ണപാത്രം കൊണ്ടു മൂടാത്ത സത്യത്തെ പകല്‍വെളിച്ചത്തില്‍ ചിത്രീകരിക്കുന്ന കാലം വന്നിരിക്കുന്നു.
”എഴുപതു കൊല്ലത്തെ ജന്മമൂല്യം
മൂന്നിഡ്ഡലിയും സാമ്പാറും”’
എന്നു നിര്‍വചിക്കുന്ന വാസ്തവോക്തിയിലാണ് കവിക്ക് താല്പര്യം. തന്റെ തിണ്ണക്കിരുന്നു സംസാരിക്കുന്ന നാട്ടിന്‍പുറത്തെ എഴുത്തച്ഛനില്‍ നിന്നാണ് ഈ കവിഭാഷ പഠിച്ചത്.
പെണ്ണും പ്രകൃതിയും പിഞ്ചുകുഞ്ഞും പ്രായംചെന്നവരും ഉള്‍പ്പെടെ ജീവിതത്തില്‍നിന്നു വലിച്ചെറിയപ്പെട്ടവര്‍ക്കു വന്നുതാമസിക്കാനുള്ള വീടാണിത്. ഉറക്കത്തില്‍ ഞെട്ടിയുണര്‍ന്നു നിലവിളിക്കുന്നവരാണ് അന്തേവാസികള്‍. അവരുടെ മുറിഞ്ഞുപോയ ജീവിതങ്ങളാണ് ആ നിലവിളികള്‍. പൊന്നുരുകുംപോലൊരു വെളിച്ചം അവരുടെ വേദനകളില്‍ കവി കാണുന്നു.
ഹൃദയംതൊടുന്ന പ്രയോഗവിശേഷങ്ങളാണ് കവിതയില്‍ സൗന്ദര്യം കൊണ്ടുവരുന്നത്. ആലോചനാമൃതവും ആനന്ദദായകവുമായ വാക്ക് കാമധേനു തന്നെയാണ്. രസാത്മകമായ വാക്ക് കവിയില്‍ പ്രസാദിച്ചു നില്ക്കുന്നു. ഒന്നുകൂടി ചൊല്ലാനും ഉള്ളില്‍ നുണഞ്ഞനുഭവിക്കാനും കൊതിക്കുന്ന കാവ്യഭാവനകള്‍ സ്വാഭാവികമായി വന്നുചേരുകയാണ്.
”മകള്‍ വന്നെന്നതറിഞ്ഞപ്പോള്
പൂക്കാച്ചെടിയും പൂത്തല്ലോ
മുറ്റം പുളകംകൊണ്ടല്ലോ
കുറ്റിച്ചൂല് ചിരിച്ചല്ലോ.”’
എന്ന് സന്തോഷിക്കാനും
ഒറ്റയ്ക്കായ വൃദ്ധയുടെ നിസ്സഹായമായ മരണത്തില്‍
”മൂവന്തി മൂര്‍ച്ഛിച്ചു നില്ക്കുമ്പോള്
ഒരു വെള്ളക്കൊക്ക് പറന്നുപോയി.”’
എന്നു സങ്കടപ്പെടാനും ഉചിതമായ കാവ്യബിംബങ്ങള്‍ തെളിഞ്ഞുവരുന്നു.
തമിഴ് പാരമ്പര്യത്തിലെ അകംകവിതകളുടെ ചാരുത ഈ രചനകള്‍ക്കുണ്ട്. ലളിതമായ പ്രമേയങ്ങള്‍. അതിസാധാരണമായ ജീവിത സന്ദര്‍ഭങ്ങള്‍. പെട്ടെന്നു ചിറകടിച്ചുയരുന്ന ദര്‍ശനങ്ങള്‍. നാട്ടുമൊഴിയുടെ വശ്യഭംഗി. എന്നാല്‍ തിണകള് വ്യത്യസ്തമാണ്. മുല്ലയും കുറിഞ്ചിയും പാലയും കെട്ടുപോയിടത്തുനിന്നാണ് പുതിയ കാഴ്ചകള്‍ പിറക്കുന്നത്. പ്രണയത്തേക്കാളേറെ ജീവിതത്തിന്റെ പൊറുതികേടുകളാണ് തെളിഞ്ഞുനില്ക്കുന്നത്. രോഗം, ദാരിദ്ര്യം, അനാഥത്വം, മരണം എന്നിവയുടെ തിണ ഏതാണ്? ആതുരാലയത്തിലേക്കു കുതിച്ചുപായുന്ന വാഹനത്തിലിരുന്നു വഴിക്കാഴ്ചകള്‍ കാണുകയായിരുന്നോ? ഭ്രാന്തമായ കാലത്തെ ലളിതമായി ആഖ്യാനം ചെയ്യുന്ന, ജനിതകമാറ്റം സംഭവിച്ച അകംകവിതകള്‍ എന്ന് സ്നേഹപൂര്‍വ്വം ഞാനിവയ്ക്കു പേരുനല്കട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: