കൊച്ചി : ജില്ലയില്‍ വന്‍ ലഹരി മരുന്ന് വേട്ട. അങ്കമാലിയല്‍ പിക്കപ്പ് വാഹനത്തില്‍ 78 ചാക്കുകളിലായി കടത്തുകയായിരുന്ന 58500 പായ്ക്കറ്റ് ഹാന്‍സ് പിടികൂടി. ഇതുമായി ബന്ധപ്പെട്ട് മാറമ്പിള്ളി സ്വദേശികളായ കൊറ്റനാട്ട് വീട്ടില്‍ അബ്ദുള്‍ ജബ്ബാര്‍ (49), വള്ളോപ്പിള്ളി വീട്ടില്‍ ഹുസൈന് അബ്ദുള്‍ റഷീദ് (56) എന്നിവരെ അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തു. ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ശനിയാഴ്ച പുലര്‍ച്ചെ ഹൈവേയില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ ഹാന്‍സുമായി പിടിയിലാകുന്നത്.
ബെംഗളൂരില്‍ നിന്നും പാലക്കാട്ടെത്തിച്ച് അവിടെ നിന്നും വാഹനത്തില്‍ മാറ്റിക്കയറ്റിയാണ് ഹാന്‍സ് കൊണ്ടുവന്നത്. എട്ടുലക്ഷം രൂപയ്ക്കാണ് വാങ്ങിയതെന്നും, ഇവിടെ വിറ്റു കഴിയുമ്പോള്‍ 30 ലക്ഷത്തോളം രൂപ ലഭിക്കുമെന്നും പ്രതികള്‍ പറഞ്ഞു. പെരുമ്പാവൂരിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ വില്‍പ്പന നടത്തുവാനാണ് കൊണ്ടുവന്നത്. അങ്കമാലി ഇന്‍സ്പെക്ടര്‍ സോണി മത്തായി, എസ്ഐമാരായ എല്‍ദോ പോള്‍, അക്ബര്‍ എസ്. സാദത്ത്, എഎസ്ഐ ടി.വി ജോര്‍ജ്, സിപിഒ മഹേഷ് തുടങ്ങിയവര്‍ ചേര്‍ന്നാണ് പിടികൂടിയത്.
എറണാകുളം റൂറല്‍ ജില്ലയില്‍ മയക്കുമരുന്ന്, നിരോധിത പുകയില ഉത്പന്നങ്ങള്‍, വ്യാജ മദ്യം എന്നിവയുടെ വില്‍പ്പനയും വിതരണവും ഉപയോഗവും തടയുന്നതിന് ലക്ഷ്യമിട്ട് മൂന്ന് ദിവസമായി നടത്തി വന്ന സ്പെഷ്യല്‍ ഡ്രൈവില്‍ അമ്പത്തിരണ്ട് കേസുകള്‍. രജിസ്റ്റര്‍ ചെയ്തു.
ഇവയില്‍ മയക്കുമരുന്ന് നിരോധന നിയമ പ്രകാരം എട്ട് കേസുകളും, അബ്കാരി നിയമ പ്രകാരം 14 കേസുകളും, നിരോധിത പുകയില ഉത്പന്നങ്ങള്‍ വില്‍പ്പന നടത്തിയതിന് 30 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തത്. ജില്ലാ പോലിസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ ജില്ലയിലെ 34 പോലീസ് സ്റ്റേഷന് പരിധിയിലും റെയ്ഡ് നടക്കുകയാണ്. ഡ്രൈവിന്റെ ഭാഗമായി മയക്ക്മരുന്ന്, അനധികൃത മദ്യവില്‍പ്പന, നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന എന്നിവയില്‍ മുന്‍ കാലങ്ങളില്‍ പ്രതികളായിട്ടുള്ളവരെ നിരീക്ഷണ വിധേയമാക്കിയിരുന്നു. കൂടാതെ സമൂഹ മാധ്യമങ്ങളിലൂടെ ഇത്തരം കച്ചവടങ്ങള്‍ നടക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാന്‍ സൈബര്‍ സെല്ലിനും സൈബര്‍ പോലീസ് സ്റ്റേഷനും നിര്‍ദ്ദേശവും നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: