തിരുവനന്തപുരം: റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്റെ ടാബ്ലോ ഉള്‍പ്പെടുത്താതിരുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി തിരുത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്‌ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയത് വ്യാപക ആക്ഷേപത്തിനു വഴിതെളിച്ചു. രാജ്യം കണ്ട മഹാനായ സാമൂഹ്യ പരിഷ്‌കര്‍ത്താവും തത്വചിന്തകനുമായ ശ്രീനാരായണ ഗുരുവിന്റെ സന്ദേശം ഉയര്‍ത്തിപ്പിടിക്കുന്ന ടാബ്ലോ അനുവദിക്കാതിരുന്നത് ദൗര്‍ഭാഗ്യകരവും പ്രതിഷേധാര്‍ഹവുമാണെന്നും നടപടി തിരുത്തണമെന്നും ആവശ്യപ്പെട്ടാണ് അമേരിക്കയിലുള്ള പിണറായി വിജയന്‍ ജനുവരി 20 ന് കത്തെഴുതിയിരിക്കുന്നത്. ഫേസ് ബുക്കില്‍ പിണറായി കത്ത് പോസ്റ്റ് ചെയ്തപ്പോള്‍ ചുവടെ വന്ന കന്റുകളേറെയും കളിയാക്കുന്നതായി.
കേരളത്തിന്റെ ടാബ്ലോ ഉള്‍പ്പെടുത്താതിരുന്നതിന്റെ കാരണം കൃത്യമായി പുറത്തു വന്നതിനുശേഷം ഇത്തരത്തിലൊരു കത്തെഴുതിയതിനേയും ശ്രീനാരായണഗുരുവിന്റെ കഴുത്തില്‍ കയറിട്ട് വലിച്ചതിനെക്കുറിച്ചും ഒക്കെ ഓര്‍മ്മിപ്പിച്ചാണ് കുറിപ്പുകള്‍.
കേരളത്തിന്റെ ടാബ്ലോയ്‌ക്ക് അനുമതി ലഭിക്കാത്തതിന്റെ പ്രധാന കാരണങ്ങളായി വിദഗ്ധസമിതി ചൂണ്ടി കാട്ടിയ പോരായ്മകളിവയാണെന്ന് പുറത്ത് വന്നിരിക്കുന്നു:
1) ടാബ്ലോയിലെ മോഡലിന്റെ രൂപകല്‍പ്പന അഥവാ ഡിസൈന്‍, സംസ്ഥാനം തെരഞ്ഞെടുത്ത ടൂറിസം@75 എന്ന ആശയത്തോട് ബന്ധപ്പെടുത്താന്‍ സാധിക്കുന്നില്ലെന്ന് വിദഗ്ധ സമിതി കണ്ടെത്തി.
2) ആദ്യം സമര്‍പ്പിച്ച ഡ്രോയിങ്ങില്‍, ട്രാക്ടറിലും ട്രെയിലറിലുമുണ്ടായിരുന്ന ജടായു ശില്പങ്ങള്‍ ആവര്‍ത്തന വിരസതയുണ്ടാക്കുന്നുവെന്നും, മോഡല്‍ അവതരിപ്പിച്ചപ്പോള്‍, ഈ ശില്പങ്ങള്‍ ആനുപാതികമല്ലെന്നും സമിതി നിരീക്ഷിച്ചു.
3)നിറത്തിന്റെ കാര്യത്തിലും കേരളത്തിന് പിഴച്ചു. രാജ്പഥിനു യോജിക്കുന്ന വര്‍ണ്ണശബളമായ നിറത്തിനു പകരം, മങ്ങിയ സിമന്റ് കളറാണ് സ്വീകരിച്ചത്.
4) ടാബ്ലോയുടെ ട്രെയിലറിലുള്ള ഭാഗം ഫ്രോഗ്‌സ് ഐ വ്യൂവിനു പകരം ഈഗിള്‍സ് ഐ വ്യൂവിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. എന്നു വച്ചാല്‍, നേരെ നിന്നു നോക്കിയാല്‍ കാണുന്നതിലുമുപരി, ഈ ടാബ്ലോ ആകാശവീക്ഷണകോണിനെ അടിസ്ഥാനമാക്കി നിര്‍മ്മിച്ചതാണ്. കുറച്ചുകൂടി വിശദമാക്കിയാല്‍, രാജ്പഥിലെ ഗ്രൗണ്ടിലിരുന്നു പരേഡ് വീക്ഷിക്കുന്ന സുപ്രധാന വ്യക്തിത്വങ്ങള്‍ക്കും കാഴ്ചക്കാര്‍ക്കും ഇതിന്റെ ഭാഗികമായ ഒരു വശം മാത്രമേ കാണാന്‍ സാധിക്കൂ. കേരളത്തിനു പറ്റിയ ഏറ്റവും വലിയ സാങ്കേതിക അബദ്ധമായിരുന്നു ഇത്.
5) ഗുരുദേവന്റെയും ശങ്കരാചാര്യരുടെയും രൂപങ്ങള്‍ ഉള്‍പ്പെടുത്തിയെങ്കിലും, ടാബ്ലോയ്‌ക്കു മുന്‍പുള്ള ട്രാക്ടര്‍ ഉള്‍പ്പെടുന്ന ഭാഗത്തിന്റെ രൂപഘടന വളരെ അനാകര്‍ഷകമായിരുന്നെന്ന് സമിതി വിലയിരുത്തി. ചിട്ടയില്ലാത്ത അവതരണവും ചേര്‍ച്ചയില്ലാത്ത നിറസംയോജനങ്ങളും ടാബ്ലോ ഒഴിവാക്കാന്‍ കാരണമായി.
റിപ്പബ്ലിക് പരേഡിന്റെ സമയപരിമിതിയും സെലക്ഷനെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ്. ഈ വര്‍ഷം വന്ന 56 നിശ്ചലദൃശ്യ നാമനിര്‍ദ്ദേശങ്ങളില്‍ 21 എണ്ണം മാത്രമാണ് തിരഞ്ഞെടുക്കപ്പെട്ടത്. കേരളം, ബംഗാള്‍, തമിഴ്‌നാട് എന്നിവയുടേത് മാത്രമല്ല, ഈ അന്തിമ പട്ടികയില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ വകുപ്പുകളും കേന്ദ്രമന്ത്രിമാരും നേരിട്ട് നിര്‍ദ്ദേശിച്ച ടാബ്ലോകള്‍ പോലും വിദഗ്ധസമിതി തള്ളിക്കളഞ്ഞിട്ടുണ്ട്.
ഒരു രാഷ്‌ട്രീയ വീക്ഷണകോണില്‍ എടുക്കുകയാണെങ്കില്‍, 2018, 2021 എന്നീ വര്‍ഷങ്ങളില്‍ കേരളത്തിന്റെ ടാബ്ലോ പരേഡില്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2016, 2017, 2019, 2020, 2021 എന്നീ വര്‍ഷങ്ങളില്‍ പശ്ചിമ ബംഗാളിന്റെ ടാബ്ലോയും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ആ വര്‍ഷങ്ങളിലും നരേന്ദ്ര മോദി സര്‍ക്കാര്‍ തന്നെയല്ലേ കേന്ദ്രത്തില്‍?
കര്‍ശനമായ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ കൂടി കടന്ന് പോകണം എന്നറിഞ്ഞു കൊണ്ട് തന്നെയാണ് കേരള സര്‍ക്കാര്‍ അലംഭാവത്തോടെ ടാബ്ലോ രൂപകല്‍പന നടത്തിയത്. എന്നിട്ട്, തള്ളിപ്പോയപ്പോള്‍ കേന്ദ്രത്തിന്റെ മുകളില്‍ കുറ്റം ചാരി വിവാദം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു.
ഓര്‍ക്കേണ്ടൊരു ചരിത്രമുണ്ട്. കോണ്‍ഗ്രസ് രാജ്യം ഭരിച്ചിരുന്ന 2009 മുതല്‍ 2014 വരെയുള്ള തുടര്‍ച്ചയായ അഞ്ചു വര്‍ഷങ്ങളില്‍, ബിജെപി ഭരിച്ചിരുന്ന പല സംസ്ഥാനങ്ങളുടെ ടാബ്ലോകള്‍ നിരവധി തവണ അന്തിമ പട്ടികയില്‍ ഇടം പിടിച്ചിട്ടില്ല. എന്നാല്‍, അന്ന് പ്രാദേശികതയുടെ പേര് പറഞ്ഞ് ആരും ഒച്ചപ്പാടുണ്ടാക്കിയിട്ടില്ല.
പ്രാദേശികതയുടെ പേരു പറഞ്ഞ് ദേശീയ ഐക്യത്തെ ശിഥിലീരിക്കാനുള്ള ശ്രമം ഇവിടെ വിലപ്പോവില്ല. കാരണം, ഈ മഹാരാജ്യത്ത് പ്രാദേശികതകള്‍ ഇഴ നെയ്താണ് ദേശീയത സൃഷ്ടിക്കപ്പെടുന്നത്.
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിന് പകരം ഇനിയെങ്കിലും നല്ല തയ്യാറെടുപ്പോടെ ഇതിനെ സമീപിക്കുകയാണ് കേരള സര്‍ക്കാര്‍ ചെയ്യേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക