തിരുവനന്തപുരം : കോവിഡ് മൂന്നാം തരംഗത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ സാഹചര്യവും വിലയിരുത്തിക്കൊണ്ടാണ് നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജലദോഷം പോലുള്ള ലക്ഷണങ്ങള്‍ പോലും ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ അവര്‍ മറ്റുള്ളവരുമായി സമ്പര്‍ക്കത്തില്‍ വരാതെ വീട്ടിനുള്ളില്‍ തന്നെ കഴിയണം. കോവിഡ് വ്യാപനം ഒഴിവാക്കാന്‍ വ്യക്തിപരമായി ഓരോരുത്തര്‍ക്കും ഉത്തരവാദിത്തമുണ്ട്.
പനിയും രോഗ ലക്ഷണവുമുള്ളവര്‍ പൊതുഇടങ്ങളിലേക്ക് ഇറങ്ങരുത്. പനി ലക്ഷണവുമുള്ളവര്‍ ഓഫീസുകളില്‍ പോകുകയോ, കോളേജുകളില്‍ പോകുകയോ, കുട്ടികള്‍ സ്‌കൂളില്‍ പോകുകയോ ചെയ്യരുത്. മറ്റ് അസുഖങ്ങളുള്ളവര്‍ പനി ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ കോവിഡ് പരിശോധന നടത്തണം.
സംസ്ഥാനത്ത് ഇപ്പോഴുള്ള 1,99,041 കോവിഡ് കേസുകളില്‍ മൂന്ന് ശതമാനം മാത്രമാണ് ആശുപത്രികളിലുള്ളത്. ഇതില്‍ 0.7 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകള്‍ ആവശ്യമായുള്ളത്. 0.6 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയു ആവശ്യമായുള്ളത്. ആരോഗ്യവകുപ്പ് പുറത്തിറക്കിയ ക്ലസ്റ്റര്‍ മാനേജ്‌മെന്റ് ഗൈഡ് ലൈന്‍ അനുസരിച്ച് എല്ലാ സ്ഥാപനങ്ങളിലും ഓഫീസുകളിലും ഇന്‍ഫക്ഷന്‍ കണ്‍ട്രോള്‍ ടീം ഉണ്ടായിരിക്കണം. പത്ത് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചാല്‍ അവിടം ലാര്‍ജ് ക്ലസ്റ്ററായി മാറും. പത്തില്‍ അധികം ആളുകള്‍ക്ക് കോവിഡ് ബാധയേറ്റ അഞ്ച് ക്ലസ്റ്ററുകളില്‍ അധികമുണ്ടെങ്കില്‍ ആരോഗ്യവകുപ്പ് അധികൃതരുടെ ഉപദേശം അനുസരിച്ച് സ്ഥാപനം/ ഓഫീസ് അഞ്ച് ദിവസത്തേക്ക് അടച്ചിടാന്‍ തീരുമാനിക്കാം.
എല്ലാ ഓഫീസുകളിലും സ്ഥാപനങ്ങളിലും വെന്റിലേറ്റഡ് സ്‌പെയ്‌സസ് ഉണ്ടെന്ന ഉറപ്പാക്കണം. അതോടൊപ്പം ഓഫീസിനുള്ളില്‍ കൃത്യമായി മാസ്‌ക് ധരിക്കുന്നുവെന്ന് ഉറപ്പാക്കണം. ഓഫീസുകളിലും പൊതുനിരത്തുകളിലും മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ശ്ശനമായി പാലിക്കേണ്ടതാണ്.
തെരഞ്ഞെടുത്ത ടീം അംഗങ്ങള്‍ക്ക് സ്ഥാപനങ്ങളിലും ഓഫീസുകളിലും പിന്തുടരേണ്ട മാര്‍ഗനിര്‍ദ്ദേശം സംബന്ധിച്ച് പരിശീലനം നല്‍കണം. പരിശീലനം സംബന്ധിച്ച പിന്തുണ ആരോഗ്യപ്രവര്‍ത്തകര്‍ ജില്ലാ അടിസ്ഥാനത്തില്‍ ലഭ്യമാക്കും. ഒരു ചെക്ക് ലിസ്റ്റ് ഉപയോഗിച്ച് ദിവസവും രോഗലക്ഷണ പരിശോധന നടത്തുക എന്നത് ഈ ടീമിന്റെ പ്രധാന ഉത്തവാദിത്തം ആയിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: