തൃപ്രയാർ: ചിരട്ടയിൽ മുഖചിത്രങ്ങൾ അതിവിദഗ്ധമായി കൊത്തിയെടുക്കുന്ന കഴിമ്പ്രം സ്വദേശി ഊണുങ്ങൽ വത്സന്റെ(50) കരവിരുത് ആരെയും അമ്പരപ്പിക്കുന്നതാണ്. വീടുകൾ, ആരാധനാലയങ്ങൾ, പാർക്കുകൾ തുടങ്ങിയ ഇടങ്ങളിൽ സിമന്റിലും, മരത്തിലും രൂപങ്ങൾ മെനഞ്ഞെടുക്കുന്ന അതുല്യ കലാകാരനും കൂടിയാണ് വത്സൻ.
കലാപരമായ തന്റെ കഴിവിനെ ചിരട്ടയിൽ രൂപം കൊത്തുന്നതിനായി പരുവപ്പെടുത്തിയത് മൂന്ന് വർഷം മുൻപാണ്. ചകിരി മാറ്റിയ നാളികേരം ഉടച്ച് രണ്ടാക്കിയ ശേഷം കനമുള്ള ഭാഗമാണ് ചിത്രം കൊത്തിയെടുക്കാൻ ഉപയോഗിക്കുന്നത്. ഇതിനായി ആദ്യം ചിരട്ടയിലെ ചകിരിനാരുകൾ ഗ്രൈൻഡ് ചെയ്തെടുക്കും. ശില്പകലയിൽ പ്രാവീണ്യമുള്ള വത്സന്റെ ഭാവനയിലുള്ള രൂപം പെൻസിൽ ഉപയോഗിച്ച് രൂപരേഖ വരച്ചിടും. തുടർന്ന് കുഞ്ഞൻ ഉളികൾ ഉപയോഗിച്ചാണ് വിസ്മയിപ്പിക്കുന്ന വിധം രൂപങ്ങൾ കൊത്തിയെടുക്കുന്നത്. അതിനു ശേഷം പോളിഷ് ചെയ്യുന്നതോടെ ഓരോ ചിത്രവും ജീവസുറ്റതാകും.
വളരെ സൂക്ഷ്മത വേണ്ട ജോലിയാണിതെന്ന് വത്സൻ പറയുന്നു. ഇടക്ക് ഒന്ന് പാളിയാൽ വീണ്ടും പുതിയത് ആദ്യം മുതൽ ചെയ്യേണ്ടി വരും. ഒരാഴ്‌ച്ചയോളം എടുത്താണ് ഓരോ ചിത്രവും ഇദ്ദേഹം പൂർത്തിയാക്കുന്നത്. എപിജെ അബ്ദുൾ കലാം, ഇന്ദിരാ ഗാന്ധി, ജയലളിത, അമൃതാനന്ദമയി, നിരവധി ദൈവരൂപങ്ങൾ തുടങ്ങിയവ വത്സന്റെ കരവിരുതിൽ പിറവിയെടുത്തിട്ടുണ്ട്.
ചിരട്ടയിൽ മുഖചിത്രങ്ങൾ മാത്രമല്ല, ലോക്കറ്റുകളും നിർമ്മിക്കുന്നുണ്ട് വത്സൻ. ഒറ്റരൂപാ നാണയത്തിന്റെ വലുപ്പമുള്ള ലോക്കറ്റുകളാണിവ. ഇവയിൽ പേരിന്റെ ആദ്യാക്ഷരങ്ങളും മുഖങ്ങളും ചെയ്തു വരുന്നു. നിരവധിയാളുകൾ ഗിഫ്റ്റ് കൊടുക്കാനായി ചിരട്ടയിൽ മുഖചിത്രം കൊത്തിയെടുപ്പിക്കാനായി വത്സന്റെ അടുത്തെത്തുന്നുണ്ട്. കഴിമ്പ്രത്തുള്ള വത്സന്റെ കടയുടെ പേരും കൗതുകകരമാണ്. കൊറോണ ആർട്ട്സ് ആൻഡ് ക്രാഫ്റ്റ് എന്ന പേരിൽ 2001 ൽ എസ്എസ് ഐ രജിസ്ട്രേഷൻ എടുക്കുമ്പോൾ ഉള്ള പേരാണിത്. വീട്ടമ്മയായ വിജിനിയാണ് വത്സന്റെ ഭാര്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: