ഗാന്ധിനഗര്‍: മെഡിക്കല്‍ കോളജിനു മുന്‍വശത്തുള്ള പ്രധാന റോഡില്‍ ഗതാഗതക്കുരുക്ക് നിത്യസംഭവമാകുന്നു. വ്യാപാര സ്ഥാപനങ്ങളുടെ സമീപത്ത് റോഡിലേക്കിറക്കി സ്വകാര്യ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതാണ് ഗതാഗതക്കുരുക്കിന് പ്രധാന കാരണം. വലിയ വാഹനങ്ങളുള്‍പ്പെടെ റോഡിലേക്ക് ഇറക്കിയിട്ടാണ് വ്യാപാര സ്ഥാപനങ്ങളിലേക്ക് സാധനങ്ങള്‍ കയറ്റി ഇറക്കുന്നത്. മണിക്കൂറുകളാണ് ഇത്തരം വാഹനങ്ങള്‍ നടുറോഡില്‍ നിര്‍ത്തിയിടുന്നത്.
മെഡിക്കല്‍ കോളജ് റോഡില്‍ കസ്തൂര്‍ബാ ജങ്ഷന്‍ മുതല്‍ കുരിശുകവല വരെയുള്ള ഭാഗത്ത് റോഡിന്റെ ഇരുവശത്തും അനധികൃത പാര്‍ക്കിങാണ്. നോ പാര്‍ക്കിങ് ബോര്‍ഡിനു സമീപത്തും വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നു.
സ്വകാര്യ ബസ്സുകള്‍ ആശുപത്രി കവാടത്തില്‍ നിര്‍ത്തി യാത്രക്കാരെ കയറ്റുന്നതും ഗതാഗത കുരുക്കിനു കാരണമാകുന്നുണ്ട്. രോഗികളുമായി എത്തുന്ന ആംബുലന്‍സുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഇതുമൂലം മുന്നോട്ടുപോകാനാകാതെ റോഡില്‍ കുരുങ്ങിക്കിടക്കുന്നതും നിത്യസംഭവമാണ്. പാര്‍ക്കിങിന് ആവശ്യമായ സ്ഥലം കണ്ടെത്തി സൗകര്യം ഒരുക്കിയാല്‍ പ്രശ്‌നങ്ങള്‍ക്കു പരിഹാരമാകും. നടപടി സ്വീകരിക്കേണ്ട ആര്‍പ്പൂക്കര പഞ്ചായത്തോ, കോട്ടയം നഗരസഭയോ ഇതൊന്നും കണ്ടില്ലെന്നു നടിക്കുകയാണ്.
കുടമാളൂര്‍ രാധാകൃഷ്ണന്‍
















