കുമരകം: പുഞ്ചക്കൃഷിയുടെ കതിരുകളിലെ നെല്മണികള് കൊത്തിയെടുക്കാന്‍ കൂട്ടമായി പറന്നെത്തിയ കുരുവികള്‍ കര്‍ഷകര്‍ക്ക് പുതിയ പ്രതിസന്ധിയാകുന്നു. ജില്ലയുടെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലെ പുഞ്ചകൃഷിയുടെ കതിരണിഞ്ഞ പാടശേഖരങ്ങളിലാണ് ഇവയുടെ കൂട്ടമായ ആക്രമണം.
പതിനായിരക്കണക്കിന് കുരുവികള്‍ പറന്നിറങ്ങിയാണ് കതിര്മണികള് തിന്നു തീര്‍ക്കുന്നത്. ഇവയുടെ ശല്യമകറ്റാന്‍ പകലന്തിയോളം പാടത്ത് തന്നെ കഴിച്ചു കൂട്ടുകയാണ് കര്‍ഷകര്‍. പടക്കം പൊട്ടിച്ചും പാത്രങ്ങളില്‍ കൊട്ടിയും ഇവയെ ഭയപ്പെടുത്തി ഓടിക്കുവാന്‍ പരിശ്രമം നടത്തുകയാണ് ഇവര്‍. പുലര്‍ച്ചയോടെയും വൈകുന്നേരങ്ങളിലുമാണ് ഇവയുടെ ശല്യമേറുന്നത്.
കുമരകത്ത് ആലക്കാടന്തറ കപ്പട, വിളക്കുമര കായല്‍, പള്ളിക്കായല്‍ എന്നി പാടശേഖരങ്ങളിലാണ് പ്രധാനമായും ഇവയുടെ ശല്യം. പാടശേഖരങ്ങളിലൂടെ കടന്നുപോകുന്ന വൈദ്യുതി കമ്പികളിലും മരചില്ലകളിലും തെങ്ങോലകളുമാണ് ഇവയുടെ പ്രധാന ആവാസ കേന്ദ്രങ്ങള്‍. വിരുപ്പു കൃഷിയിലും പിന്നീട് പുഞ്ചക്കൃഷിയുടെ ആരംഭത്തിലും മഴയും വെള്ളപ്പൊക്കവും വരുത്തിവെച്ച നഷ്ടങ്ങള്‍ക്കിടയിലാണ് കുരുവി കൂട്ടങ്ങള്‍ കര്‍ഷകന്റെ ഉറക്കം കെടുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: