Categories: Alappuzha

അനധികൃത ചെളിയെടുപ്പ്; 27 വള്ളങ്ങള്‍ പിടിച്ചെടുത്തു

അനേക വര്‍ഷങ്ങളായി തുടര്‍ന്നു വന്നിരുന്ന അനധികൃത ചെളി ഖനനത്തിനെതിരെ കര്‍ഷകര്‍ നടത്തിയ പ്രതിഷേധമാണഅ നടപടിയെടുക്കാന്‍ അധികാരികളെ പ്രേരിപ്പിച്ചത്.

Published by

ചാരുംമൂട്: വള്ളികുന്നം കണ്ണന്‍ഞ്ചാല്‍ പുഞ്ചയില്‍അനധികൃതമായി ചെളി ഖനനം ചെയ്തു കടത്തിയ 27 വള്ളങ്ങള്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തു. പുഞ്ചയുടെ ഇരുകരകളിലായി പ്രവര്‍ത്തിക്കുന്ന പതിനഞ്ചോളം സ്വകാര്യ ഇഷ്ടിക ചൂള കമ്പനികളാണ് ഖനനത്തിനു നേതൃത്വം നല്‍കുന്നതെന്നാണ് ആക്ഷേപം. 96 ഹെക്ടര്‍ വരുന്ന നെല്‍വയലാണ് ഉപയോഗശൂന്യമായത്. പുഞ്ചയുടെ പകുതിയിലേറെ ഭാഗവും ചെളിയെടുത്ത് കൃഷിയോഗ്യമല്ലാതായി തീര്‍ന്നു.  

അനേക വര്‍ഷങ്ങളായി തുടര്‍ന്നു വന്നിരുന്ന അനധികൃത ചെളി ഖനനത്തിനെതിരെ കര്‍ഷകര്‍ നടത്തിയ പ്രതിഷേധമാണഅ നടപടിയെടുക്കാന്‍ അധികാരികളെ പ്രേരിപ്പിച്ചത്. സ്വകാര്യ ചൂള നടത്തിപ്പുകാര്‍ നല്‍കിവന്ന പടി വാങ്ങി ഉദ്യോഗസ്ഥര്‍ കണ്ണടച്ചതിനാലാണ് വിശാലമായ നെല്‍വയല്‍ ചളി ഖനന കേന്ദ്രമായി മാറിയതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. റെയ്ഡിന്റെ ആദ്യ ദിവസം 11 വള്ളങ്ങള്‍ മാത്രമാണ് അധികൃതര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞത്. മറ്റുള്ള വള്ളകള്‍ അതിസമര്‍ത്ഥമായി വെള്ളത്തിനടിയില്‍ താഴ്‌ത്തി. ബണ്ടിനു തെക്ക് നടുംതോടിനു കിഴക്കും പടിഞ്ഞാറും ഭാഗങ്ങളില്‍ നിന്നും ചെളിയെടുത്തു കടത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് 16 വള്ളങ്ങള്‍ പിടിച്ചെടുത്തത്.  

വള്ളികുന്നം വില്ലേജ് ഓഫീസര്‍ സജു, കൃഷി ഓഫീസര്‍ നിഖില്‍, വള്ളികുന്നം സ്റ്റേഷന്‍ സിഐ എം.എം.ഇഗ്‌നേഷ്യസ്, എസ്‌ഐ ജി.ഗോപകുമാര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് റെയ്ഡ് നടത്തി വള്ളങ്ങള്‍ കസ്റ്റഡിയിലെടുത്തത്. പിടിച്ചെടുത്തവ പുഞ്ചയുടെ കിഴക്കും പടിഞ്ഞാറുമുള്ള കര ഭാഗങ്ങളിലായി ചങ്ങലയില്‍ കെട്ടി സൂക്ഷിച്ചിരിക്കുകയാണ് വള്ളികുന്നം പോലീസ്.റവന്യു, കൃഷി, ജിയോളജി, പോലീസ് വകുപ്പു ഉദ്യോഗസ്ഥര്‍ വരും ദിവസങ്ങളില്‍ പ്രദേശം സന്ദര്‍ശിച്ച് കൂടുതല്‍ നടപടി സ്വീകരിക്കും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: BoatMud