തിരുവനന്തപുരം : സംസ്ഥാനത്ത് അടച്ചുപൂട്ടല്‍ ഉണ്ടാകില്ല. ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ നിയന്ത്രണങ്ങളുമായി മുന്നോട്ട് പോകാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് റവന്യൂ മന്ത്രി കെ. രാജന്. കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണെങ്കിലും നിയന്ത്രണങ്ങള്‍ കടുപ്പിച്ച് അധികം ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതിരിക്കാനാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു.
കോവിഡ് വ്യാപനം സംസ്ഥാനത്ത് രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ സജ്ജമാണ്. ഏറ്റവും ശാസ്ത്രീയമായി കോവിഡിനെ സമീപിക്കുക. ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്കി കഴിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ ആശുപത്രികളും മറ്റും അടിയന്തിര സാഹചര്യങ്ങള്‍ക്കായി സജ്ജമായി കഴിഞ്ഞു. സ്വകാര്യമാധ്യമത്തിന് നല്കിയ പ്രതികരണത്തിലാണ് മന്ത്രി രാജന് ഇക്കാര്യം അറിയിച്ചത്.
അതേസമയം വ്യാഴാഴ്ച വൈകിട്ട് കോവിഡ് അവലോകന യോഗം ചേര്‍ന്ന് സംസ്ഥാനത്തെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യും. വൈകിട്ട് അഞ്ച് മണിക്ക് ചേരുന്ന കോവിഡ് അവലോകന യോഗത്തിലാണ് നിയന്ത്രണങ്ങള്‍ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക. കോവിഡ് പ്രതിരോധത്തിനായി ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ സംബന്ധിച്ച് ഈ യോഗത്തില്‍ തീകുമാനം എടുത്തേക്കും.
കൂടാതെ സ്കൂളുകളിലും കോളേജുകളിലും നിരവധി കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ പല വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്ന് കോവിഡ് ക്ലസ്റ്ററുകളാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ സ്കൂളുകള്‍ക്ക് പിന്നാലെ കോളേജുകളും അടയ്ക്കുന്നത് പരിഗണനയിലുണ്ട്. ഇതുസംബന്ധിച്ചും ഇന്ന് ചേരുന്ന യോഗത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. ബുധനാഴ്ച 34,199 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 49 പേര് മരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 37 കടന്നു. നിലവില്‍ 1,68,383 പേരാണ് ചികിത്സയിലുള്ളത്. ഒരാഴ്ചക്കുള്ളില്‍ രോഗബാധയുണ്ടായവരില്‍ 60ശതമാനവും രണ്ടു ഡോസ് വാക്സിന് എടുത്തവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: