കൊട്ടാരക്കര: ദേശീയ കലാഉത്സവത്തില് കേരളത്തിന്റെ തനതുവാദ്യമായ ചെണ്ടയില്‍ പുരസ്കാരം നേടിയിരിക്കുകയാണ് സൂരജ് എന്ന പതിനേഴുകാരന്. പള്ളിക്കല്‍ തയ്യിലഴികത്ത് വീട്ടില്‍ കെ.എസ്. സുധീര്‍-അര്‍ച്ചന ദമ്പതികളുടെ മകനായ സൂരജ് ദേശീയ തലത്തില്‍ 22 സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാകാരന്മാരോട് മത്സരിച്ചാണ് നേട്ടം കൈവരിച്ചത്.
ക്ഷേത്രവാദ്യമായ ചെണ്ടയില്‍ തുകല്വാദ്യവിഭാഗത്തിലാണ് സൂരജ് മത്സരിച്ചത്. കേരളത്തില്‍ സര്‍വശിക്ഷാ അഭിയാന്റെ നേതൃത്വത്തിലായിരുന്നു മത്സരം. തൃശൂര്‍, ചാവക്കാട് ബിആര്‍സിയില്‍ സബ് ജില്ലാ, ജില്ലാ മത്സരങ്ങളില്‍ മികവ് പ്രകടിപ്പിച്ച സൂരജ് പിന്നീട് സംസ്ഥാനതലത്തില്‍ പങ്കെടുത്ത് ഒന്നാമനായി. തുടര്‍ന്ന് കോഴിക്കോട് നടന്ന ദേശീയ മത്സരത്തിലും ഒന്നാം സ്ഥാനത്തെത്തി. ദല്‍ഹിയില്‍ നടക്കേണ്ടുന്ന മത്സരങ്ങള്‍ കൊവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈനായി കോഴിക്കോട് വച്ചാണ് നടത്തിയത്. 27 അംഗ ജൂറിയായിരുന്നു വിധി നിര്‍ണയം. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ ആണ് വിജയികളെ പ്രഖ്യാപിച്ചത്.
തുകല്‍ വാദ്യവിഭാഗത്തില്‍ മറ്റു സംസ്ഥാനങ്ങളില്‍ ചെണ്ടയോട് മത്സരിച്ചത് അവരുടെ തനത് വാദ്യോപകരണങ്ങളായ ഗഞ്ചറ, ഡോലക് എന്നിവയാണ്. ഒന്‍പത് പരമ്പരാഗത വാദ്യോപകരണങ്ങള്‍ ഉപയോഗിച്ചുള്ള മത്സരങ്ങളാണ് നടന്നത്. 6 മിനിട്ട് സമയമാണ് തായമ്പകയ്ക്ക് നിശ്ചയിച്ചത്. 18 പേരില്‍ നിന്നും മികവുറ്റ പ്രകടനത്തിലൂടെ സൂരജ് വ്യത്യസ്തനായി. ഇതിനോടകം നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുള്ള സൂരജ്, ഗിരീഷ് പൂയപ്പള്ളിയുടെ ശിക്ഷണത്തിലാണ് തായമ്പക പരിശീലിക്കുന്നത്.
പള്ളിക്കല്‍ ദേവീകലാ ക്ഷേത്രത്തിലായിരുന്നു അരങ്ങേറ്റം. 2017, 2018, 2019 വര്‍ഷങ്ങളില്‍ സ്കൂള്‍ കലോത്സവത്തില്‍ ഒന്നാം സ്ഥാനം, പുതുമന താന്ത്രിക
വിദ്യാപണ്ടീഠം നല്കുന്ന ബാലപ്രതിഭാ പുരസ്കാരം, കൊട്ടാരക്കര ശ്രീധരന്‍നായര്‍ സ്മാരക പുരസ്കാരം, മുതുപിലാക്കാട് കലാസാരഥി ബാല സര്‍ഗ്ഗ പ്രതിഭാ പുരസ്കാരം തുടങ്ങിയവ നേടിയിട്ടുണ്ട്. സാന്ദ്ര സഹോദരിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: