തൃശൂര്‍ : തൃശൂര്‍ കൊടകരയില്‍ വിദ്യാര്‍ത്ഥിക്ക് നേരെ ക്രൂര മര്‍ദ്ദനം. ചിയ്യാരംം ഗലീലി ചേതന കോളേജിലെ ബിരുദ വിദ്യാര്‍ത്ഥി അമലിനെയാണ് മര്‍ദ്ദിച്ചത്. സഹപാഠിയായ വിദ്യാര്‍ത്ഥിനിക്കൊപ്പം സഞ്ചരിക്കവേയാണ് സംഭവം നടക്കുന്നത്.
ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം നടക്കുന്നത്. അമലും സഹപാഠിയും ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ വാഹനത്തിന്റെ നിയന്ത്രണം വിട്ടതോടെ സഹപാഠി ബൈക്കില്‍ നിന്ന് വീണു. പരിക്കേറ്റ പെണ്‍കുട്ടിയെ സഹായിക്കാതെ പ്രദേശവാസികള്‍ അമിത വേഗതയില്‍ വാഹനം ഓടിച്ചതിനെ ചോദ്യം ചെയ്തതോടെ അമല്‍ ഇവരോട് തട്ടിക്കയറി. ഇതോടെ നിരവധിപേര്‍ അമലിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
അതിനിടെ ഒരാള്‍ അമലിനെ കല്ലെടുത്ത് തല്ലയ്‌ക്ക് അടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കൊടകര സ്വദേശിയായ ഡേവിസ് എന്നയാളാണ് കല്ലെടുത്ത് മര്‍ദ്ദിച്ചതെന്ന് തിരിച്ചറിഞ്ഞു. ഇത് കൂടാതെ ഹെല്‍മറ്റ് ധരിച്ച ഒരാള്‍ കൂടി അമലിനെ മര്‍ദ്ദിച്ചു. ആന്റോ എന്നാണ് ഇയാളുടെ പേര്.
മര്‍ദ്ദനം ഏറ്റെന്ന് ആരോപിച്ച് അമലും, മര്‍ദ്ദിച്ചവരും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അമല്‍ തങ്ങളെ മര്‍ദിച്ചു എന്നാണ് ഇവര്‍ പരാതിയില്‍ പറയുന്നത്. ഒല്ലൂര്‍ പോലീസ് സംഭവവുമായി ബന്ധപ്പെട്ട് കേസെടുത്തിട്ടുണ്ട്. അതേസമയം അമല്‍ സ്ഥിരമായി പ്രദേശത്ത് ബൈക്ക് റേസ് നടത്തിയിരുന്നു. ഇതിനെ നാട്ടുകാര്‍ പലപ്പോഴും ചോദ്യം ചെയ്തിരുന്നു. എന്നാല്‍ അമല്‍ ഇതെല്ലാം അവഗണിച്ച് വീണ്ടും ബൈക്ക് റേസ് തുടരുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: