കോട്ടയം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കോട്ടയം ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ ഉത്തരവായി. ജില്ലയിലെ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക, സാമുദായിക പൊതുപരിപാടികള്‍ക്കും വിവാഹം, മരണാനന്തര ചടങ്ങുകള്‍, മതപരമായ ചടങ്ങുകള്‍ എന്നിവയ്ക്കും പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം പരമാവധി 50 ആയി നിജപ്പെടുത്തി. ടിപിആര്‍ നിരക്ക് 30ന് മുകളില്‍ എത്തുന്ന സാഹചര്യത്തില്‍ ജില്ലയില്‍ പൊതുപരിപാടികള്‍ അനുവദിക്കില്ല.
അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ഓഫീസുകളും സംഘടനകളും യോഗം സംഘടിപ്പിക്കേണ്ട സാഹചര്യമുണ്ടായാല്‍ ഓണ്‍ലൈന്‍ സംവിധാനത്തില്‍ ചേരണം. ഹോട്ടലുകളില്‍ 50 ശതമാനം ഇരിപ്പിടങ്ങളേ അനുവദിക്കൂ. കൊവിഡ് മാനദണ്ഡങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം, ദുരന്തനിവാരണ നിയമം, ഇന്ത്യന്‍ ശിക്ഷാനിയമം എന്നിവയനുസരിച്ച് നിയമനടപടി സ്വീകരിക്കും. പൊലീസുമായി ചേര്‍ന്ന് നടപടി സ്വീകരിക്കാന്‍ ഇന്‍സിഡന്റ് കമാന്‍ഡര്‍മാരെ ചുമതലപ്പെടുത്തി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ആരോഗ്യവകുപ്പുമായി ചേര്‍ന്ന് കൂടുതല്‍ കൊവിഡ് പരിശോധനകള്‍ നടത്തുകയും ടി.പി.ആര്. നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുകയും ചെയ്യണം. സ്ഥാപനങ്ങളില്‍ കൊവിഡ് മാനദണ്ഡം കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് സ്ഥാപനമേധാവി ഉറപ്പാക്കണം.
മാസ്ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍, സാനിറ്റെസര്‍ ഉപയോഗം, തെര്‍മല്‍ സ്കാനര്‍ ഉപയോഗിച്ച് ശരീരോഷ്മാവ് പരിശോധിക്കല്‍ എന്നിവ നടപ്പാക്കണം. പൊതുജനങ്ങള്‍ വിനോദയാത്രകളും അനാവശ്യ യാത്രകളും ഒഴിവാക്കണം. ടിപിആര്‍. നിരക്ക് 30 ശതമാനത്തിനു മുകളിലായ കാലയളവില്‍ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കില്ല. വ്യാപാര സ്ഥാപനങ്ങളില്‍ തെര്‍മ്മല്‍ സ്കാനര്‍ പരിശോധന നടത്തണം.
സാമൂഹിക അകലം പാലിക്കല്‍, മാസ്ക്, സാനിറ്റൈസര്‍ ഉപയോഗം എന്നിവ പാലിക്കണമെന്നും ഉത്തരവില്‍ പറയുന്നു. കൊവിഡ് വ്യാപന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ സേവനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ പറഞ്ഞു. ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു കളക്ടര്‍. ഓഫീസ് സന്ദര്‍ശനങ്ങള്‍ പരമാവധി കുറയ്ക്കണം. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ അപേക്ഷ സ്വീകരിക്കുന്നതിന് ഡ്രോപ് ബോക്സുകള്‍ സ്ഥാപിക്കുന്നതിന് വിവിധ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആവശ്യഘട്ടത്തില്‍ സിഎസ്എല്ടി സികള്‍ തുറക്കേണ്ട സാഹചര്യമുണ്ടായാല്‍ അടിയന്തര നടപടി സ്വീകരിക്കുന്നതിന് എഡിസി ജനറലിനെ ചുമതലപ്പെടുത്തി.
കൊവിഡ് ബാധിച്ചു മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള സര്‍ക്കാര്‍ ധനസഹായത്തിന് ലഭിച്ച 1640 അപേക്ഷകളില്‍ 1454 എണ്ണം അംഗീകരിച്ചു. 50,000 രൂപ വീതമാണ് ധനസഹായം. ഇനിയും അപേക്ഷിക്കാത്തവര്‍ക്ക് രേഖകള്‍ സഹിതം വില്ലേജ് ഓഫീസുകള്‍ വഴി അപേക്ഷ നല്‍കാം. പദ്ധതിയിലേക്ക് ലഭിച്ച 561 അപേക്ഷകളില്‍ 182 എണ്ണം അംഗീകരിച്ചു. 236 എണ്ണം നിരസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: