ഹരിപ്പാട്: നിര്‍മ്മാണം പൂര്‍ത്തിയായ വലിയഴീക്കല്‍ പാലത്തില്‍ ഭാര പരിശോധന തുടങ്ങി. ബുധനാഴ്ച അവസാനിക്കും. പാലത്തിന്റെ മൂന്നു സ്ഥലങ്ങളിലാണ് ഭാരപരിശോധന നടത്തുന്നത്. പാലത്തിന്റെ വടക്കേ അറ്റത്തോട് ചേര്‍ന്നുള്ള സ്പാനുകളുമായി ബന്ധപ്പെട്ട ഭാഗത്താണ് ആദ്യം പരിശോധന നടത്തിയത്. ഈ ഭാഗത്ത് പാലത്തിന് മുകളിലായി 35 ടണ്‍ ഭാരമുള്ള നാലു ലോറികള്‍ 24 മണിക്കൂര്‍ നേരം നിര്‍ത്തിയിട്ടാണ് പരിശോധന.
സമാനമായ രീതിയില്‍ പാലത്തിന്റെ തെക്ക് ഭാഗത്തും പിന്നീട് ആര്‍ച്ച് സ്പാനുകള്‍ സ്ഥിതിചയ്യുന്ന ഭാഗത്തും പരിശോധന നടത്തും. പൊതുമരാമത്ത് ഹരിപ്പാട്പാലം വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഡോ.സിനി, അസി.എഞ്ചിനീയര്‍ അനു കെ.പീറ്റര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് പരിശോധന നടക്കുന്നത്. വരും ദിവസങ്ങളില്‍ പൊതുമരാമത്ത് ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഭാരപരിശോധന കഴിയുന്നതോടെ പാലവുമായി ബന്ധപ്പെട്ട സുപ്രധാന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകും. പാലത്തില്‍ വൈദ്യുതി വിളക്കുകള്‍ സ്ഥാപിക്കുന്ന പണി അടുത്തയാഴ്ച ആരംഭിക്കും.
എന്നാല്‍ പാലത്തിന്റെ നിര്‍മ്മാണ ജോലികള്‍ കഴിഞ്ഞിട്ട് മാസങ്ങളായിട്ടും, അവശേഷിക്കുന്ന സൗന്ദര്യവത്ക്കരണ ജോലികള്‍ വെച്ചു താമസിപ്പിക്കുകയാണ്. ഇത് മന്ത്രിമാരുടെ സൗകര്യം നോക്കി ഉദ്ഘാടനം ചെയ്യാനാണെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. നിരവധി തവണയാണ് പാലത്തിന്റെ ഉദ്ഘാടനം മാറ്റിവെച്ചത്. ഇനി മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും സൗകര്യാര്‍ത്ഥം അടുത്ത മാസത്തേക്ക് മാറ്റിവെക്കുവാനുള്ള മെല്ലപ്പോക്കാണ് ഇപ്പോള്‍ നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: