ഡോ. ആര്. ഗോപിനാഥന്
ഇന്ത്യയെ, വിശ്വസംസ്കാര ധാരകളുടെയും നരവംശ വൈവിധ്യങ്ങളുടെയും കാഴ്ചബംഗ്ലാവെന്ന് ധാരാളം പേര് വിശേഷിപ്പിക്കുകയും ഭാരതീയ പാരമ്പര്യം അതില്‍ അഭിമാനിക്കുകയും ചെയ്യുന്നുണ്ട്. ഒരു പക്ഷേ, ഭാരതീയ പൈതൃകവും സ്വത്വ സമഗ്രതയും ലോകസമൂഹങ്ങള്‍ക്കിടയില്‍ വേര്‍തിരിച്ചറിയപ്പെടുന്നതിന്റെ മുഖ്യകാരണവും അതാണെന്ന് പറയാം.
മലനാടാണ് ചരിത്രാതീതകാലം മുതല്‍ ഈ സമ്മിശ്ര സാംസ്കാരിക സമ്പര്‍ക്ക ഭൂമികയുടെ സുപ്രധാന കവാടമായിരുന്നത്. ബി.സി. 3000 മുതലെങ്കിലും പശ്ചിമേഷ്യന്‍ രാജ്യങ്ങളുമായുള്ള വാണിജ്യ ബന്ധങ്ങള്‍ വരെയുള്ള സമ്പര്‍ക്കങ്ങളിലൂടെ അന്യചിന്തകളെയും സംസ്കാര ധാരകളെയും ഭാരതവുമായി ബന്ധപ്പെടുത്തിയതിന്റെ ഫലമായി വിവിധ സമുദായങ്ങള്‍ ഇവിടെ എത്തിച്ചേര്‍ന്നു. അങ്ങനെ കടന്നുവന്നവരെയെല്ലാം സൗഹൃദത്തോടെ സ്വീകരിച്ചു. സ്വന്തം വിശ്വാസ പ്രമാണങ്ങളിലുറച്ച് ജീവിക്കാന്‍ അനുവദിച്ചു. ധാരാളം സഹായങ്ങളും നല്കി. ഉള്‍ക്കൊള്ളലിന്റെ രാഷ്ട്രീയമാണ് ഭാരതത്തിലെ ജനങ്ങളെയും ഭരണാധികാരികളെയും അതിന് പ്രേരിപ്പിച്ചിരുന്നത്.
ഈ ചരിത്ര പശ്ചാത്തലമാണ് വര്‍ത്തമാന കാലത്ത്, കാലാന്തരത്തില്‍ ഭൂമിശാസ്ത്ര ഘടനയില്‍ വന്നിട്ടുള്ള മാറ്റങ്ങള്‍ പോലും തിരിച്ചറിയാത്ത ഇടുങ്ങിയ മനോഭാവമുള്ള ചിലരെ, ഇന്ത്യക്കാര്‍ മുഴുവന്‍ അന്യരാജ്യങ്ങളില്‍ നിന്ന് കുടിയേറിയവരാണെന്ന് പ്രചരിപ്പിക്കാന്‍ പ്രേരിപ്പിച്ചിട്ടുള്ളത്. ഒരേ ഭൂമിശാസ്ത്ര രേഖയില്‍ കിടക്കുന്ന ആഫ്രോ- ഇന്ത്യന്‍ (തെന്നിന്ത്യന്‍) രാജ്യങ്ങളുടെ സമാന സാഹചര്യങ്ങള്‍ മനുഷ്യര്‍ ഉള്‍പ്പെടെയുള്ള ജീവജാലങ്ങളുടെ ഉല്‍പ്പത്തി വികാസങ്ങളില്‍ ചെലുത്തിയിട്ടുള്ള സ്വാധീനം നിഷേധിക്കാന്‍ അത്തരക്കാരെ പ്രേരിപ്പിക്കുന്നതില്‍ തുടങ്ങി, ഇന്ന് ഇന്ത്യയും വിശേഷിച്ച് കേരളവും നേരിടുന്ന അപകടകരമായ ശിഥിലീകരണ പ്രവണതകളുടെ പോഷണത്തിന് വരെ ഉപയോഗിക്കപ്പെടുന്നത് ഭാരതവും കേരളവും എക്കാലത്തും പുലര്‍ത്തിയിട്ടുള്ള ഉള്‍ക്കൊള്ളലിന്റെ രാഷ്ട്രീയമാണ്.
സ്വന്തം മാതൃഭൂമിയില്‍ നിന്ന് ജീവരക്ഷാര്‍ത്ഥം ഓടേണ്ടിവന്ന ജൂതരോടും പാഴ്സികളോടും ഭാരതം കാട്ടിയ ഉദാര മനോഭാവം ഇന്ത്യയ്ക്ക് ദോഷം ചെയ്തിട്ടില്ലെങ്കിലും ക്രൈസ്തവ-ഇസ്ലാം മതങ്ങളുടെ പോഷണത്തിന് നല്കിയ സഹായങ്ങള്‍ കേരളത്തില്‍ പ്രത്യേകിച്ച്, ശിഥിലീകരണ ശക്തികളുടെ അതിക്രമങ്ങള്‍ക്ക് വളമേവുകയാണ് ചെയ്തതെന്ന ചരിത്ര പാഠം നമ്മുടെ മുന്നിലുണ്ട്. ക്രിസ്തീയ സമുദായങ്ങള്‍ക്ക് എഡി പതിനാലാം നൂറ്റാണ്ടുവരെ ഭരണകൂടവും തദ്ദേശീയ ജനതയും പള്ളികള്‍ പണിയാനും ജീവിത സാഹചര്യങ്ങള്‍ കരുപ്പിടിപ്പിക്കാനും ഭൂമിയും ധനവും എന്തിനേറെ നികുതികള്‍ പിരിച്ചെടുക്കാനുള്ള അധികാരം പോലും നല്കിയ നടപടികളിലടങ്ങിയിരുന്ന രാഷ്ട്രീയമായ അപകടം അക്കാലങ്ങളില്‍ ഒരു പ്രശ്നമായി അനുഭവപ്പെട്ടിരുന്നില്ലെന്നത് നേരാണ്. പക്ഷേ, പോര്‍ച്ചുഗീസുകാരുടെ വരവോടെ ക്രിസ്തീയ സഭകള്‍ക്കുള്ളിലെ പ്രശ്നങ്ങള്‍ കേരളത്തില്‍ സാമൂഹികാസ്വാസ്ഥ്യങ്ങള്‍ക്ക് വഴിയൊരുക്കിയത് കൂടാതെ, കേരളത്തിലുണ്ടായിരുന്ന അന്തഃച്ഛിദ്ര രാഷ്ടീയത്തിലൂടെ ലഭിച്ച ഇടങ്ങളില്‍ സ്വന്തം അധികാര രാഷ്ട്രീയത്തിന്റെ കോട്ടകൊത്തളങ്ങളുയര്ത്താനും അവര്‍ക്കു കഴിഞ്ഞു. വൈദേശിക ക്രൈസ്തവ സഭകളുടെ പ്രശ്നങ്ങള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യപ്പെട്ടതിന്റെ പ്രത്യാഘാതങ്ങള്‍ ഈ മണ്ണിന് നേരിടേണ്ടിവന്നതിനോടൊപ്പം ഓരോ ഭാഗത്തും ആള്‍ബലം കൂട്ടാനായി അതിശക്തമായ മതംമാറ്റല്‍ നടപടികളും ആരംഭിച്ചു.
ഇസ്ലാമിക രാഷ്ട്രം
രാമരാജ്യമെന്ന ആദര്‍ശ ഭരണ സങ്കല്‍പ്പം പോലെ ഒന്നല്ല, ഇസ്ലാമിക രാജ്യമെന്ന രാഷ്ട്രീയ ലക്ഷ്യത്തിന് പിന്നിലുള്ളത്. അത് തികച്ചും കൃത്യമായ രാഷ്ട്രീയ പ്രശ്നമാണ്. ഖുര്‍-ആന്‍ അടിസ്ഥാനപരമായി വിഭാവനം ചെയ്യുന്നത് രാഷ്ട്രീയാധിപത്യമാണെന്ന് മനസ്സിലാക്കാതിരുന്നതിന്റെ പ്രത്യാഘാതം പല രാജ്യങ്ങളും നേരിടുന്നുണ്ട്. കേരളത്തില്‍ കടന്നുവന്നിരുന്ന മധ്യപൂര്‍വേഷ്യന്‍ വ്യാപാരികള്‍ക്കും മറ്റും സ്വാഭാവികമായും എഡി ഒമ്പതാം നൂറ്റാണ്ടില്‍ ഇസ്ലാം മതത്തിന്റെ ആവിര്‍ഭാവം വരെ രാഷ്ട്രീയ താല്‍പ്പര്യങ്ങളുണ്ടായിരുന്നില്ല. അതിന് ശേഷം, തോമാശ്ലീഹയുടെ ഐതിഹ്യത്തിന് കിട്ടിയ ചരിത്രപരിവേഷം ചേരമാന്‍ പെരുമാള്‍ മതംമാറിയ കഥ നിര്‍മ്മിച്ച് പ്രചരിപ്പിക്കാന്‍ മുസ്ലിങ്ങള്‍ക്കും പ്രേരണയായി. ആ കഥയും ഒരു വിഭാഗം ചരിത്രമെഴുത്തുകാരുടെ സഹായത്തോടെ ചരിത്രപരിവേഷം നേടി. എങ്കിലും സാമൂതിരിയുടെ കാലം വരെ ഖുര്‍-ആന്‍ നിര്‍ദേശിക്കുന്നതുപോലെ അവര്‍ തികച്ചും രാഷ്ട്രീയ താല്‍പ്പര്യങ്ങളുന്നയിക്കാതെ ഭൂരിപക്ഷ ജനതയോടും ഭരണാധികാരികളോടും സഹകരിച്ചാണ് കഴിഞ്ഞിരുന്നത്.
സാമൂതിരി, വാണിജ്യ വികസനത്തിനെന്ന പേരില്‍ കോഴിക്കോട്ട് കടല്‍ത്തീരത്തെ എല്ലാ അമുസ്ലീം കുടുംബങ്ങളിലും നിന്ന് ഒരാളെങ്കിലും ഇസ്ലാംമതം സ്വീകരിക്കണമെന്ന് കല്‍പ്പന നല്കി. ഇസ്ലാമിക രാഷ്ട്രീയത്തിന്റെ നയങ്ങള്‍ പരിശോധിക്കാതെ താല്‍ക്കാലിക താല്‍പ്പര്യങ്ങളുടെ അടിസ്ഥാനത്തില്‍ എടുത്ത ആ തീരുമാനം, കേരള രാഷ്ടീയത്തില്‍ ഹൈദര്‍ അലി, ടിപ്പു സുല്‍ത്താന്‍ എന്നീ ഭരണാധികാരികളുടെ ഇടപെടലിലൂടെ ഇസ്ലാമിക രാഷ്ട്രീയ രൂപം കൈവരിച്ചു. ഹൈദറിനെയും ടിപ്പുവിനെയും മഹത്വവത്ക്കരിച്ച് പല ചരിത്രകൃതികളും രചിക്കപ്പെട്ടു. പോര്‍ച്ചുഗീസുകാരുടെ സ്വാധീനം വര്‍ദ്ധിച്ചത് മുസ്ലീം രാഷ്ട്രീയത്തിന് ശക്തിയേറ്റുകയും, കുഞ്ഞാലിമാരും സാമൂതിരിയുമായുണ്ടായിരുന്ന ഗാഢ ബന്ധം തകരുന്നതിനും സാഹചര്യമൊരുക്കി.
ഇസ്ലാമിക സ്വത്വത്തിന്റെ രാഷ്ട്രീയം പതുക്കെ ശക്തമാകാന്‍ സാമൂതിരിയുടെ ഇസ്ലാമിക പക്ഷപാതിത്തം കാരണമായതായി പോര്‍ച്ചുഗീസുകാര്‍ കരുതി. എന്തായാലും പോര്‍ച്ചുഗീസ് വിരുദ്ധ സമീപനത്തിലൂടെ മുസ്ലീങ്ങള്‍ രാഷ്ട്രീയമായ തനതിടങ്ങള്‍ കണ്ടെത്തിത്തുടങ്ങിയത് ഇക്കാലത്താണ്. 1920ലെ മഞ്ചേരി സമ്മേളനമാണ് 1921ലെ മാപ്പിള കലാപത്തിന്റെ തുടക്കമെങ്കിലും അത് വളരെ വേഗം കോണ്‍ഗ്രസിന്റെ കൈവിട്ടുപോയി.
മലബാറില്‍ ബ്രിട്ടീഷ് ഭരണകൂടം ബോധപൂര്‍വം സൃഷ്ടിച്ച കാര്‍ഷിക പ്രശ്നങ്ങളെ വര്‍ഗീയവത്കരിക്കുന്നത് കോണ്‍ഗ്രസിന് നോക്കി നില്‍ക്കേണ്ടി വന്നു. അതിലുപരി 1922ല്‍ മുസ്ലീം ഐക്യ സംഘം സ്ഥാപിച്ചുകൊണ്ട് കേരളത്തിലെ മത രാഷ്ട്രീയത്തിന് തുടക്കം കുറിച്ച് കോണ്‍ഗ്രസിനെ വെല്ലുവിളിക്കുകയും, കൊച്ചി സ്റ്റേറ്റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ രണ്ട് മുസ്ലീം സ്ഥാനാര്‍ഥികളെ മതപരമായ അടിസ്ഥാനത്തില്‍ നിര്‍ത്തി വിജയിപ്പിക്കുകയും ചെയ്തു. ഹിന്ദുനവോത്ഥാനത്തെയും ക്രിസ്ത്യന്‍ മിഷനറിമാരെയും നേരിടാന്‍ വേണ്ടി ഇസ്ലാം മതത്തിനുള്ളിലുള്ള അഭിപ്രായ ഭിന്നതകള്‍ മാറ്റിനിര്‍ത്തി ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അവര്‍ തീരുമാനിച്ചു. മതമാണ് പ്രധാനമെന്നും മറ്റെല്ലാം അതിന് ശേഷമേ വരുന്നുള്ളൂവെന്നുമുള്ള ഖുര്‍-ആന്‍ ആഹ്വാനം മുസ്ലിം രാഷ്ട്രീയത്തിന്റെ ആധാരശിലയാണ്. മുസ്ലീങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന അനിസ്ലാമിക പ്രവണതകളെല്ലാം കളഞ്ഞ് ഇസ്ലാമിക വിശുദ്ധി തിരിച്ചുപിടിക്കുക എന്നതായിരുന്നു സംഘത്തിന്റെ പ്രധാന ദൗത്യം.
മുസ്ലിങ്ങള്‍ ജനസംഖ്യയില്‍ ഭൂരിപക്ഷമായാല്‍ ആ പ്രദേശം മുസ്ലീം നാടായി പ്രഖ്യാപിക്കണമെന്ന തത്വമാണ് 1921 ലെ മാപ്പിള ലഹളയില്‍ സ്ഥാപിക്കപ്പെട്ടത്. തങ്ങള്‍ ന്യൂനപക്ഷമോ, അശക്തരോ ആണെങ്കില്‍ സഹകരണം; തുല്യശക്തിയായാല്‍ കരാര്‍; ഭൂരിപക്ഷമായാല്‍ മുസ്ലീം ഭരണം-ഇതാണ് ഇസ്ലാമിക രാഷ്ട്രീയ തന്ത്രം. അത് മനസ്സിലാകാത്തതോ അവഗണിച്ചതോ ആണ് ഇസ്ലാമിക രാഷ്ട്രീയത്തിന്റെ ഇരയായി കേരളം മാറുന്ന സാഹചര്യം സൃഷ്ടിച്ചത്. ടിപ്പുവിനെ വീരപുരുഷനാക്കി മഹത്വവത്കരിക്കാനും പഴശ്ശിരാജയെ മാളത്തിലൊളിച്ച എലി എന്ന് പരിഹസിക്കുവാനുംഇസ്ലാമിക ഭീകരവാദികളെ പ്രാപ്തരാക്കിയത് ആദ്യം കോണ്‍ഗ്രസുകാരും പിന്നീട് കമ്മ്യൂണിസ്റ്റുകളുമാണ്. അവരും ചരിത്ര പാഠങ്ങള്‍ അവഗണിച്ച് ഇസ്ലാമിക രാഷ്ട്രീയത്തെയും മാപ്പിള ലഹളയെയും ന്യായീകരിക്കുന്നത് താല്‍ക്കാലിക നേട്ടങ്ങള്‍ക്ക് വേണ്ടിയാണ്.
ഒരു സ്കൂളില്‍ 51 ശതമാനം കുട്ടികള്‍ മുസ്ലീങ്ങളാണെങ്കില്‍ അതിന് മുസ്ലീം സ്കൂള്‍ എന്ന് പേരിടണമെന്ന വാദം നിരുപദ്രവകരമാണെന്ന് തോന്നാമെങ്കിലും അതാണ് ഇസ്ലാമിക രാഷ്ട്രീയത്തിന്റെ നയം. ആ തിരിച്ചറിവാണ് പ്രധാനം. ടിപ്പു മതനികുതി ഏര്‍പ്പെടുത്തിയത് മതം മാറാന്‍ തയ്യാറാകാതിരുന്നവര്‍ക്കാണ്. പോര്‍ച്ചുഗീസുകാരും ബ്രിട്ടീഷുകാരും ക്രിസ്തീയ മതംമാറ്റ പ്രക്രിയ ത്വരിതപ്പെടുത്തിയതുപോലെ ഹൈദറും ടിപ്പുവും ഇസ്ലാമിലേക്കുള്ള മതംമാറ്റം വേഗത്തിലാക്കി. 1921 ലെ മാപ്പിള ലഹളയോടെ മലബാര്‍ മുസ്ലീം ഭൂരിപക്ഷ പ്രദേശമായി. ഹിന്ദു മതത്തിലെ ജാതീയതയും മതംമാറ്റത്തിന് ഒരു കാരണമായിരുന്നുവെങ്കിലും മതംമാറിച്ചെന്ന താഴ്ന്ന ജാതിക്കാരെ ക്രൈസ്തവ-ഇസ്ലാം മതങ്ങളും രണ്ടാം തരക്കാരായിത്തന്നെ കരുതി. ആ രീതി മാറ്റണമെന്ന് മുസ്ലീം ഐക്യസംഘം ആഹ്വാനം ചെയ്തത് അതിന്റെ രാഷ്ട്രീയമായ തിരിച്ചടി ഒഴിവാക്കാനാണ്.
ഈ മതങ്ങള്‍ ദുര്‍ബലമായിരുന്നപ്പോള്‍ നല്കി വന്ന പരിഗണനകള്‍, ഇന്ന് ശക്തി ഉപയോഗിച്ച് അവകാശമാക്കി മാറ്റുന്നതിന് സഹായകമായി, ന്യൂനപക്ഷ വാദമുയര്‍ത്തുന്ന രാഷ്ട്രീയ കക്ഷികള്‍ സ്വാര്‍ഥതാല്‍പ്പര്യങ്ങള്‍ക്കായി പഴയ തെറ്റുകള്‍ ആവര്‍ത്തിക്കുകയാണ്. ചരിത്ര വസ്തുതകള്‍ മൂടിവച്ച് മതഭീകരവാദത്തെ പിന്തുണയ്ക്കുന്നവരുടെ താല്‍ക്കാലിക ലാഭക്കൊതി അറവുശാലയിലേക്ക് ഇന്ത്യന്‍ ജനാധിപത്യത്തെ കൊണ്ടെത്തിക്കും. ഇന്ത്യയുടെ സംയുക്ത സൈനിക മേധാവിക്കും സംഘത്തിനും അപകട മരണം സംഭവിച്ചപ്പോള്‍ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ഉയര്‍ന്ന ആഹ്ലാദാരവം കേരളം സഞ്ചരിക്കുന്ന പാതയില്‍ പതിയിരിക്കുന്ന ആപത്തുകളുടെ വ്യാപ്തിഎത്രയെന്ന് ബോധ്യപ്പെടുത്തുന്നുണ്ട്. അവരെ കരുതിയിരിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: