വടശ്ശേരിക്കര:ശബരിമലയില്‍ അയ്യപ്പന് ചാര്‍ത്തിയ തിരുവാഭരണങ്ങള്‍ തിരിച്ചുവരാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ പാതയില്‍ നിന്ന് സ്ഫോടക വസ്തുക്കള്‍ കണ്ടെടുത്തു.വടശ്ശേരിക്കര ടൗണിനോട് ചേര്‍ന്ന് പേങ്ങാട്ടുകടവ് പാലത്തിന്റെ പടിഞ്ഞാറ് ഭാഗത്തെ സ്പാനുകളുടെ കീഴിലായാണ് ചാക്കില്‍ കെട്ടിയ നിലയില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെടുത്തത്.ആറ് ജലാറ്റിന്‍ സ്റ്റിക്കുകളും ഉപയോഗിച്ച ഒരു സ്റ്റിക്കിന്റെ ബാക്കിയുമാണ് കണ്ടെടുത്തത്. 21 ന് ആണ് തിരുവാഭരണങ്ങളുമായി പന്തളത്തേക്കുള്ള മടക്കയാത്ര ശബരിമലയില്‍ നിന്ന് ആരംഭിക്കുന്നത്.
റാന്നി പോലീസെത്തി സ്ഫോടക വസ്തുക്കള്‍ കസ്റ്റഡിയിലെടുത്തു.ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജനും ബോംബ് സ്ക്വഡും ഡോഗ് സ്ക്വഡും സംഭവ സ്ഥലത്ത് പരിശോധന നടത്തി.ഏകദേശം 20 കിലോ തൂക്കം വരുന്ന പ്ലാസ്റ്റിക് ചാക്കിലാണ് ജലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തിയത്.കണ്ടെടുത്തതില്‍ ഒരു സ്റ്റിക്ക് ബോംബ് നിര്‍മിക്കാന്‍ ഉപയോഗിച്ചതിന്റെ ബാക്കിയാണെന്നു കരുതപ്പെടുന്നു. പഴക്കം ചെന്ന കുപ്പികള്‍ പൊട്ടിത്തെറിച്ച നിലയില്‍ സംഭവ സ്ഥലത്തു കാണപ്പെട്ടുവെന്നു ദൃക്സാക്ഷി പറഞ്ഞു.
പാലത്തിന്റെ കടവിനോട് ചേര്‍ന്ന് താമസിക്കുന്ന മന്നാക്കുന്നില്‍ ജോസഫ് ജോസ് എന്നയാളാണ് സ്ഫോടക വസ്തുക്കള്‍ ആദ്യം കണ്ടത്. അവിചാരിതമായി കടവിലേക്കിറങ്ങുമ്പോള്‍ പാലത്തിന്റെ സ്പാനുകള്‍ക്കു താഴെ പഴക്കം ചെന്ന കുപ്പികള്‍ ചിന്നിച്ചിതറി കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. തൊട്ടടുത്ത് അസാധാരണ സാഹചര്യത്തില്‍ കറുത്ത തുണിക്കഷണങ്ങളും കണ്ടു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ചാക്കില്‍ കെട്ടിയ നിലയില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെടുത്തത്. ഇതോടെ റാന്നി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
കല്ലാറ്റിലും പമ്പയാറ്റിലും ജലനിരപ്പ് താഴ്ന്ന നിലയിലാണ്. നിലവിലെ അവസ്ഥയില്‍ സ്ഫോടക വസ്തു ഉപയോഗിച്ച് മത്സ്യം പിടിക്കാന്‍ പോലും കഴിയില്ല. മാത്രമല്ല നാട്ടുകാരുടെ ശക്തമായ എതിര്‍പ്പുള്ളതിനാല്‍ നദികളില്‍ തോട്ടകള്‍ കത്തിച്ചിടാന്‍ കഴിയില്ല.സ്ഫോടക വസ്തുക്കളുടെ വലിപ്പം അനുസരിച്ച് മത്സ്യം പിടിക്കാന്‍ കൊണ്ടുവന്നതല്ലെന്നാണ് പ്രാഥമിക നിഗമനം.മത്സ്യം പിടിക്കാന്‍ വരുന്നവര്‍ ഇത്രയും ജലാറ്റിന്‍ സ്റ്റിക്കുകള്‍ ഉപേക്ഷിച്ചു പോകാന്‍ സാധ്യതയില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു.ഏതാനും നാളുകളായി പേങ്ങാട്ടുകടവിലും പരിസരത്തും അപരിചിതരെ കാണാറുണ്ടെന്നും രാത്രികാലങ്ങളില്‍ ആളുകള്‍ എത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു.
താരതമ്യേന ജനവാസം കുറഞ്ഞ പ്രദേശമാണിത്. തിരുവാഭരണത്തിന്റെ തിരിച്ചുള്ള യാത്ര പുലര്‍ച്ചെയാണ് ഈ പ്രദേശത്തുകൂടി കടന്നു പോകുന്നത്.അകമ്പടി വാഹനങ്ങള്‍ പോലും ഇല്ലാത്ത പ്രദേശമാണിത്. പേങ്ങാട്ടു കടവ് പാലവും അനുബന്ധ പ്രദേശങ്ങളും നിരീക്ഷിക്കണമെന്ന് ആവശ്യം ഏറെ നാളായിട്ടുണ്ടെങ്കിലും പോലീസ് അത് കാര്യമാക്കിയിട്ടില്ല.അതേ സമയം ഉപയോഗിച്ച ജലാറ്റിന്‍ സ്റ്റിക്കിന്റെ ബാക്കി ഭാഗം എവിടെ എന്ന ചോദ്യം ഉയരുന്നുണ്ട്. ഇത് ഉഗ്രശേഷിയുള്ള സ്ഫോടക സാമഗ്രിയായി ഉപയോഗിക്കപ്പെട്ടേക്കാം. ബോംബ് നിര്‍മാണ സാമഗ്രികള്‍ കണ്ടെടുത്തതോടെ ഭീതിയിലാണ് പേങ്ങാട്ടു കടവ് നിവാസികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: