തിരുവനന്തപുരം: കേരളത്തിന്റെ ക്രമസമാധാന പാലനം ഗുണ്ടകള്‍ ഏറ്റെടുത്ത സ്ഥിതിയ്ക്ക് കേരളാ പൊലീസിനെ പിരിച്ചു വിടണമെന്ന് ബിജെപി വക്താവ് സന്ദീപ് വാചസ്പതി. പൊലീസ് ഇന്ന് കേരളത്തില്‍ കോമഡി കഥാപാത്രങ്ങളായി മാറിയിരിക്കുകയാണ്. സ്റ്റേഷന് നേരെ പോലും ബോംബെറിയുന്ന സംഭവം പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ലാലുപ്രസാദിന്റെ ബിഹാറില്‍ നിന്നാണ് മലയാളികള്‍ കേട്ടത്. അത് പിണറായി ഭരണത്തില്‍ കേരളത്തില്‍ യാഥാര്‍ഥ്യമായി.
മുക്കാ ചക്രത്തിന്റെ ഗുണ്ടകള്‍ മാത്രമല്ല ഇന്ന് കേരളത്തില്‍ ഉള്ളത്. മതതീവ്രവാദികളും അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയകളും ഒക്കെ കേരളത്തില്‍ സ്വൈര്യവിഹാരം നടത്തുകയാണ്. ഏറ്റവും ഒടുവില്‍ തിരുവാഭരണ ഘോഷയാത്രയെ അക്രമിക്കാനുള്ള ഗൂഡാലോചനയാണ് പുറത്തു വന്നത്. ഘോഷയാത്ര കടന്നു പോകുന്ന റാന്നി പേങ്ങാട്ട് കടവ് പാലത്തിന് അടിയില്‍ സ്ഥാപിച്ചിരുന്ന ജലാറ്റിന്‍ സ്റ്റിക്കുകള്‍ നാട്ടുകാരാണ് കണ്ടെത്തിയത്. തിരുവാഭരണ ഘോഷയാത്രയെ ലക്ഷ്യം വെച്ചതിലൂടെ കേരളത്തില്‍ ഒരു കലാപമാണ് തീവ്രവാദികള്‍ ആഗ്രഹിച്ചത് എന്ന് വ്യക്തം. ഇതൊന്നും കണ്ടുപിടിക്കാനുള്ള സംവിധാനം കേരളാ പൊലീസിനില്ല എന്നതാണ് ഏറ്റവും പരിതാപകരം.
കേരളത്തിന്റെ ക്രമസമാധാനം പുനഃസ്ഥാപിക്കാന്‍ കേന്ദ്ര സേനയെ വിളിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഗുണ്ടകള്‍ക്കും തീവ്രവാദികള്‍ക്കും കീഴടങ്ങിയ കേരളാ പൊലീസിനെ കൊണ്ട് കേരളത്തിലെ ജനങ്ങളുടെ സ്വത്തും ജീവനും സംരക്ഷിക്കാന്‍ സാധിക്കില്ല എന്ന് തെളിഞ്ഞ സ്ഥിതിയ്ക്ക് കേന്ദ്രസേനയ്ക്ക് മാത്രമേ മലയാളികള്‍ക്ക് സ്വൈര്യ ജീവിതം ഉറപ്പാക്കാന്‍ സാധിക്കൂ സന്ദീപ് വാചസ്പതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: