ഒറ്റപ്പാലം: കൊവിഡ് മൂന്നാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ ചിനക്കത്തൂര്‍ പൂരം നടത്തുന്നത് സംബന്ധിച്ച് മാസ്റ്റര്‍ പ്ലാന്‍ സമര്‍പ്പിക്കാന്‍ തീരുമാനം. മാനദണ്ഡം പാലിച്ച് നിയന്ത്രണങ്ങളോടെ പൂരം നടത്താനാകുമോയെന്നതിനുള്ള മാസ്റ്റര്‍പ്ലാന്‍ സമര്‍പ്പിക്കുന്നതിന് കെ. പ്രേംകുമാര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ പൂരക്കമ്മിറ്റി ഭാരവാഹികളുമായി നടന്ന ചര്‍ച്ചയിലാണ് തീരുമാനം.
നാലുദിവസത്തിനകം മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കി സബ്കളക്ടര്‍ ശിഖാ സുരേന്ദ്രന് മുഖാന്തരം ജില്ലാ ഭരണകൂടത്തിന് സമര്‍പ്പിക്കും. ദേവസ്വവും പൂരം കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയും സെന്‍ട്രല്‍ കമ്മിറ്റിയും ചേര്‍ന്ന് പൂരം മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും.
കഴിഞ്ഞ വര്‍ഷവും മാസ്റ്റര്‍ പ്ലാന്‍ സമര്‍പ്പിച്ചാണ് പൂരം നടത്തിയത്. അതുപോലെ ആചാരങ്ങള്‍ക്ക് പ്രാധാന്യം നല്കി കൊണ്ട് പൂരം നടത്താമെന്ന് ഭാരവാഹികള്‍ യോഗത്തില്‍ നിര്‍ദ്ദേശം മുന്നോട്ടുവെച്ചു. എന്നാല്‍ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജനത്തിരക്ക് നിയന്ത്രിക്കാന്‍ നടപടികളുണ്ടാകും. അടുത്തമാസം 17 നാണ് പ്രസിദ്ധമായ ചിനക്കത്തൂര്‍ പൂരം. അന്ന് നിലനില്‍ക്കുന്ന കൊവിഡ് സാഹചര്യമനുസരിച്ചാകും ഇളവുകളോ കൂടുതല്‍ നിയന്ത്രണങ്ങളോ നടപ്പാക്കുകയെന്ന് ഒറ്റപ്പാലം സബ് കളക്ടര്‍ പറഞ്ഞു.
ഓരോ ദേശത്തുനിന്നും ഓരോ ആനകള്‍ വീതം ഏഴ് ആനകളെയും 16 കുതിരകളെയും ഉള്‍പ്പെടുത്തിയായിരുന്നു കഴിഞ്ഞ വര്‍ഷത്തെ പൂരം. ഇത്തവണത്തെ പൂരത്തിന്റെ വരവറിയിച്ചുകൊണ്ടുള്ള തോല്‍പ്പാവക്കൂത്തിന് 21ന് തുടക്കമാവും. ഫെബ്രുവരി ആറിനാണ് കൊടിയേറ്റം. 15ന് പൂരതാലപ്പൊലിയും 16ന് കുമ്മാട്ടിയും കഴിഞ്ഞ് 17നാണ് ചിനക്കത്തൂര്‍ പൂരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: