കോഴിക്കോട്: രണ്ടാമതും മുഖ്യമന്ത്രിയായ പിണറായി വിജയനെ വിശ്രമിപ്പിക്കാന്‍ സിപിഎമ്മില്‍ ആലോചന. ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ള സാഹചര്യത്തില്‍ സമ്പൂര്‍ണ വിശ്രമത്തിനില്ലെങ്കിലും ഭരണച്ചുമതലകള്‍ പങ്കിട്ട് ഭാരമൊഴിക്കാന്‍ പിണറായിക്കും താല്‍പര്യമുണ്ടെന്നാണ് സൂചനകള്‍. പിണറായിയെ പ്രധാനമന്ത്രി സ്ഥാനത്തേക്കെത്തിക്കാനെന്ന നിലയില്‍ നടക്കുന്ന ചര്‍ച്ചകളുടെ പിന്നില്‍ അതാണ് അജണ്ടയെന്നാണ് വിവരം.
മൂന്നാം മുന്നണിയെന്നൊന്നിന് പ്രസക്തിയില്ലാത്തപ്പോഴാണ് ഈ ചര്‍ച്ചകള്‍. സിപിഎം ഉള്‍പ്പെടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ മാത്രമായി ഒതുങ്ങിയിരിക്കുകയുമാണ്. എന്നാല്‍, പാര്‍ട്ടി കോണ്‍ഗ്രസ് കേരളത്തില്‍ നടക്കുന്ന വേളയില്‍ ഇത്തരമൊരു ചര്‍ച്ച ഉയര്‍ത്തി പിണറായിയെ ‘ദേശീയ പുരുഷന്‍’ ആക്കാനും കേരള ഭരണച്ചുമതലകള്‍ ചിലത് ഒഴിവാക്കാനുമുള്ള തന്ത്രമാണിതെന്ന് വിശകലനം ചെയ്യപ്പെടുന്നു.
അവസരം വന്നപ്പോള്‍ ജ്യോതി ബസുവിനെ തടയാന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിങ് സുര്‍ജിത് ഉന്നയിച്ച അതേ കാരണങ്ങള്‍ നിലനില്‍ക്കുകയാണ്. പിണറായിയേക്കാന്‍ പിടിപാടുള്ള കേരള നേതാവ് കെ. കരുണാകരന്‍ കോണ്‍ഗ്രസ് നേതാവായി പരീക്ഷിച്ച് അടിയറവു പറഞ്ഞതാണ് ദേശീയ രാഷ്‌ട്രീയത്തിലെ നേതൃത്വം. പിന്നെ ‘കനല്‍ ഒരു തരി മാത്രമുള്ള’ കേരളത്തിന്റെ സിപിഎം നേതൃത്വം പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പിണറായിയെ അവതരിപ്പിക്കുന്നുവെന്ന വാര്‍ത്ത രാഷ്‌ട്രീയ തമാശയായാണ് നിരീക്ഷകര്‍ കാണുന്നത്. മരുമകനും ‘ഭാവിമുഖ്യമന്ത്രി’യെന്ന് പലരും വിശേഷിപ്പിക്കുകയും ചെയ്യുന്ന മന്ത്രി മുഹമ്മദ് റിയാസ്, പിണറായി വിജയന് പ്രധാനമന്ത്രിയാകാനുള്ള യോഗ്യതകള്‍ ഉണ്ടെന്ന് വാദിച്ചിരുന്നു. പാര്‍ട്ടിയുടെ ജില്ലാ സമ്മേളനങ്ങളില്‍ രണ്ടാം പിണറായി സര്‍ക്കാര്‍ പോരാ എന്ന് പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും മാര്‍ക്കിടുമ്പോഴാണിത്.
ആഭ്യന്തര വകുപ്പിനെതിരേ അതിശക്തമായ വിമര്‍ശനങ്ങള്‍ പൊതുവേയും പാര്‍ട്ടിക്കുള്ളിലും നിന്ന് വരുന്നതാണ് ഏറെ ശ്രദ്ധേയം. ‘കോടിയേരിയെ വിളിക്കൂ പാര്‍ട്ടിയെ രക്ഷിക്കൂ’ എന്ന മട്ടിലാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രചാരണം. കോടിയേരിക്ക് അതില്‍ താല്‍പര്യവുമുണ്ട്. പാര്‍ട്ടിക്ക് ഉപമുഖ്യമന്ത്രി വേണമെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. അങ്ങനെ വരുമ്പോള്‍ മന്ത്രിസഭയുടെ പുനസ്സംഘടനയും പിണറായിയുടെ ചില വകുപ്പുകള്‍ ഒഴിയലും ഉണ്ടാകുമെന്നു തന്നെയാണ് ലഭിക്കുന്ന വിവരം. ആരോഗ്യ വകുപ്പിലും വിദ്യാഭ്യാസ വകുപ്പിലും പരിഷ്‌കാരങ്ങള്‍ ഉണ്ടായേക്കും. അതിനിടെ, ചികിത്സയ്‌ക്ക് വിദേശത്ത് പോയ മുഖ്യമന്ത്രി ആര്‍ക്കും ഭരണച്ചുമതല നല്‍കിയിട്ടില്ല. അവസരം വിനിയോഗിച്ച് ആ സ്ഥാനവും അധികാരവും പ്രകടിപ്പിക്കാനുള്ള മത്സരവും മന്ത്രിസഭയിലും പാര്‍ട്ടിയിലും രഹസ്യമായി നടക്കുന്നുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: