Categories: Agriculture

മുണ്ടകന്‍ കൊയ്‌ത്ത് കഴിഞ്ഞ ആത്മസംതൃപ്തിയില്‍ റോസാന്റോ സിസ്റ്റര്‍

ദിലീപ്

Published by

ഇരിഞ്ഞാലക്കുട: കോമ്പാറ പടിഞ്ഞാറെ പാടത്ത് 2 ഏക്കര്‍ പാട്ടത്തിനെടുത്ത സ്ഥലത്താണ് റോസാന്റോ സിസ്റ്റര്‍ ഇത്തവണ കൃഷി ചെയ്തത്. തന്റെ നെല്‍ വയലുകളില്‍ മുണ്ടകന്‍ കൊയ്‌ത്ത് കഴിഞ്ഞ് ആത്മസംതൃപ്തിയിലാണ് ഇപ്പോള്‍ സിസ്റ്റര്‍. ആത്മാഭിമാനത്തിന്റെയും സന്തോഷത്തിന്റെയും നിമിഷങ്ങളാണ് സിസ്റ്റര്‍ക്കിത്. നൂറ് ശതമാനം ജൈവ രീതിയില്‍ കൃഷി ചെയ്‌തെടുത്തതാണ് ഈ നെല്‍ വയലുകള്‍.

ആലപ്പുഴ ജില്ലയിലെ കൈതവനയില്‍ മംഗലത്തു ഹൗസില്‍ ദേവസ്യ ആന്റണിയുടേയും ത്രേസ്യാമ്മയുടെയും 12 മക്കളില്‍ ഒന്‍പതാമത്തെ മകളാണ് സിസ്റ്റര്‍. ഇരിഞ്ഞാലക്കുട സെ. ജോസഫ്‌സ് കോളേജില്‍ അദ്ധ്യാപികയായ ശേഷം സന്യാസിനിയായി. 30 വര്‍ഷം കോളേജില്‍ പഠിപ്പിച്ചു. 2020 ല്‍ വിരമിച്ചു. സന്യാസത്തിന്റെ ജൂബിലി വര്‍ഷമായ 2018ല്‍ ദൈവത്തോടുള്ള നന്ദിസൂചകമായി ഇരിഞ്ഞാലക്കുട ആസാദ് റോഡിലെ വൃക്കരോഗം മൂലം കഷ്ടപ്പെട്ടിരുന്ന സൈക്കിള്‍ മെക്കാനിക്കായ തിലകന് സ്വന്തം വൃക്ക നല്‍കി. 17 പ്രാവശ്യം രക്തദാനം ചെയ്തു. ഇതുപോലെ നിരവധി ജീവകാരുണ്യ, സാമൂഹ്യ- പരിസ്ഥിതി പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുകയാണ് സിസ്റ്റര്‍.

മഴക്കുറവടക്കം ഏറെ പ്രതിസന്ധികള്‍ അതിജീവിച്ചാണ് ഈ നെല്‍ക്കതിരുകള്‍ തളിരിട്ടത്. പുതിയ തലമുറയെ കൃഷിയിലേക്ക് അടുപ്പിക്കുകയാണ് സിസ്റ്ററുടെ ലക്ഷ്യം. നമുക്കുള്ളത് നാം തന്നെ ഉണ്ടാക്കണം എന്നതാണ് പുതിയ തലമുറ മനസ്സിലാക്കേണ്ടതെന്ന് സിസ്റ്ററുടെ ജീവിതം നമുക്ക് കാട്ടിത്തരുന്നു. ഹിന്ദി സേവി സമ്മാന്‍, മികച്ച പരിസ്ഥിതി പ്രവര്‍ത്തകയ്‌ക്കുള്ള അവാര്‍ഡ്, അണക്കത്തില്‍ ഭാസ്‌കരന്‍ മെമ്മോറിയല്‍ അവാര്‍ഡ്, കൊറ്റവേ പുരസ്‌കാരം എന്നിങ്ങനെ നിരവധി ബഹുമതികള്‍ക്ക് അര്‍ഹയാണ് റോസാന്റോ സിസ്റ്റര്‍.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts