തിരുവനന്തപുരം: പട്ടികജാതിവികസന ഫണ്ട്തട്ടിപ്പ് മുഖ്യമന്ത്രി സ്ഥിരീകരിച്ച സാഹചര്യത്തില്‍ വഴിമുട്ടിനില്ക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണത്തിനു പകരം സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ബിജെപി ജില്ലാപ്രസിഡന്റ് വി.വി. രാജേഷ്. സിപിഎം ജില്ലാസമ്മേളനത്തിലാണ് തിരുവനന്തപുരം നഗരസഭയില്‍ നടന്ന പട്ടികജാതിവികസനഫണ്ട് തട്ടിപ്പ് മുഖ്യമന്ത്രി സ്ഥിരീകരിച്ച് സംസാരിച്ചത്.
ഇതിനെക്കുറിച്ചുള്ള മാധ്യമറിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന് രണ്ടുദിവസം കഴിഞ്ഞിട്ടും പാര്‍ട്ടി നിഷേധിച്ചിട്ടുമില്ല. തട്ടിപ്പ് നടന്നുവെന്ന് മുഖ്യമന്ത്രിക്കുതന്നെ ബോധ്യം വന്ന സ്ഥിതിക്ക് ഇഴഞ്ഞുനീങ്ങുന്ന ക്രൈംബ്രാഞ്ച് അന്വേഷണം സിബിഐക്ക് വിടണം. സിപിഎം നേതാക്കളുടെ പേര് പ്രതിപ്പട്ടികയില്‍ വരാത്തവിധം ഒരുദ്യോഗസ്ഥനെമാത്രം പ്രതിയാക്കി കേസ് അട്ടിമറിക്കുന്ന വിധത്തിലാണ് ക്രൈബ്രാഞ്ചിന്റെ അന്വേഷണമെന്നും രാജേഷ് ആരോപിച്ചു. ഇതിനെതിരെ സാധ്യമായ എല്ലാവിധത്തിലും നഗരസഭ കേന്ദ്രമാക്കി ബിജെപി പ്രക്ഷോഭം സംഘടിപ്പിക്കും. ദേശീയ പട്ടികജാതി കമ്മിഷന് ചെയര്മാന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് ജൂലൈ മാസത്തില്‍ നല്കിയ പരാതി നിലവിലുണ്ട്. പുതിയ സാഹചര്യത്തില്‍ പുതിയ തെളിവുകള്‍ കൂടി കൈമാറുമെന്നും വാര്‍ത്താസമ്മേളനത്തില്‍ രാജേഷ് പറഞ്ഞു.
കേസിന്റെ രേഖകളെല്ലാം ക്രൈംബ്രാഞ്ചിന്റെ കൈയിലാണ്. പട്ടികജാതിക്കാര്‍ക്കുള്ള ഫണ്ട് ഉന്നതകുലജാതരായ സിപിഎം നേതാക്കളുടെ കുടുംബാംഗങ്ങളുടെ അക്കൗണ്ടിലേക്കും വന്നെങ്കിലും അതിനെക്കുറിച്ചു അന്വേഷണം നടക്കുന്നില്ല. മരിച്ചു പോയവരുടെയും ഇതുവരെ ജനച്ചിട്ടില്ലാത്തവരുടെയും പേരില്‍ കൃത്രിമരേഖകള്‍ സൃഷ്ടിച്ചുകൊണ്ടും തട്ടിപ്പുകള്‍ നടക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പരാതിയും ഉണ്ടാകുന്നില്ല. ഇത്തരത്തില്‍ 16 അക്കൗണ്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ചില തദ്ദേശസ്ഥാപനങ്ങളില്‍ പലകാരണങ്ങളാല്‍ ഉപയോഗിക്കാതെ വരുന്ന പട്ടികജാതിഫണ്ട് മന്ത്രിയുടെ ഓഫീസ് ഇടപെട്ട് തിരുവനന്തപുരം കോര്‍പ്പറേഷനിലേക്ക് മാറ്റുകയും അതില്‍ നിന്നും തട്ടിപ്പു നടത്തുകയും ചെയ്യുന്നു. കണ്ണൂര്‍, പെരുങ്കടവിള എന്നിവിടങ്ങളിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഫണ്ടില്‍നിന്ന് ഇത്തരത്തില്‍ വെട്ടിപ്പ് നടത്തിയതിന് തെളിവുണ്ട്. പട്ടികജാതിവികസന വകുപ്പിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ഇത് നടക്കുന്നത്.
ഉന്നത പാര്‍ട്ടിനേതാക്കളിലേക്കും അവരുടെ മക്കളിലേക്കും അന്വേഷണം എത്തുന്നുവെന്ന് മനസിലാക്കിയതോടെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം അട്ടിമറിക്കാന്‍ തുടങ്ങിയത്. 2015 മുതല്‍ നഗരസഭയില്‍ നടന്ന പട്ടികജാതി വികസന ഫണ്ട് തട്ടിപ്പ് അന്വേഷിക്കണം. ഏതാനും ചില ഉദ്യോഗസ്ഥരെ ബലിയടാക്കി അന്വേഷണം അവസാനിപ്പിക്കാനുള്ള ക്രൈംബ്രാഞ്ച് ശ്രമം അപലപനീയമാണ്. സത്യസന്ധമായി മൊഴിനല്‍കാനെത്തുന്നവരെ ഭീഷണിപ്പെടുത്തി പാര്ട്ടിതാല്പര്യം സംരക്ഷിക്കുന്നവിധത്തില്‍ മൊഴിരേഖപ്പെടുത്തുകയാണെന്നും രാജേഷ് പറഞ്ഞു. ഒബിസി മോര്‍ച്ച സംസ്ഥാന ജനറല്‍സെക്രട്ടറി പൂങ്കുളം സതീഷ്, എസ്സി മോര്‍ച്ച ജില്ലാപ്രസിഡന്റ് വിളപ്പില്‍ സന്തോഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: