പത്തനംതിട്ട: കൊടുമണ്‍ പ്രദേശത്തെ സിപിഐ- എഐവൈഎഫ് പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ട് ഡിവൈഎഫ്ഐ. സഹകരണ സംഘം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഐ- സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം രാത്രിയും ഇന്ന് പുലര്‍ച്ചെയുമായി സിപിഐ നേതാക്കളുടെ വീടുകള്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചത്.
എഐവൈഎഫ് കൊടുമണ്‍ മേഖലാ സെക്രട്ടറി ജിതിന്റെ വീട്ടിലേയ്ക്ക് ഇരച്ചുകയറിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വീട്ടിലുണ്ടായിരുന്ന വസ്തുക്കള്‍ അടിച്ചുതകര്‍ത്തു. സിപിഐ നേതാവ് സഹദേവന് ഉണ്ണിത്താന്റെ വീടിന്റെ ജനല്‍ ചില്ലുകളും അടിച്ചുപൊട്ടിച്ചു.
അടൂര്‍ കേന്ദ്രീകരിച്ച് കാലങ്ങളായി സിപിഐ സിപിഎം സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. അടുത്തിടെ സിപിഎം വിട്ട് കൂട്ടത്തോടെ പ്രവര്‍ത്തകര്‍ സിപിഐലേയ്ക്ക് ചേക്കേറിയത് സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതിന് കാരണമായി.
പാര്‍ട്ടി പ്രവര്‍ത്തകരെ അടര്‍ത്തിയെടുത്ത വ്യക്തിയെന്ന് ആരോപിച്ചാണ് സഹദേവന് ഉണ്ണിത്താന്റെ വീട് ആക്രമിച്ചത്. വീട്ടിലുള്ളവരെ മര്‍ദിച്ചതായും സ്ത്രീകള്‍ക്ക് നേരെ അസഭ്യവര്‍ഷം നടത്തിയെന്നും സിപിഐ നേതാക്കള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: