നെടുമ്പ്രം: തിരുവല്ല കായംകുളം സംസ്ഥാനപാതയില്‍ പൊടിയാടി ജംഗ്ഷന് സമീപം വൈക്കോല്‍ കയറ്റിപ്പോയ ലോറിക്ക് തീപിടിച്ചു. വൈക്കോല്‍ കൂന വൈദ്യുതി കമ്പിയില്‍ തട്ടി ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീപിടുത്തം ഉണ്ടായത് എന്നാണ് പ്രാഥമിക നിഗമനം.
തമിഴ്നാട്ടിലെ തേനിയില്‍ നിന്നും മാവേലിക്കര കാരായ്മയിലേക്ക് വൈക്കോല്‍ കൊണ്ടുപോയ കെഎല്‍ 26 എച്ച് 6685 എന്ന രജിസ്ട്രേഷന് നമ്പറിലുള്ള ലോറിയാണ് അപകടത്തില്‍പ്പെട്ടത്. 4500 കിലോ വൈക്കോല്‍ ആണ് തിരികള്‍ ആക്കി കെട്ടി ലോറിയില്‍ വെച്ചിരുന്നത്. ഡ്രൈവര്‍ ബാബുവും ക്ലീനര്‍ കുമാറും മാത്രമാണ് ലോറിയില്‍ ഉണ്ടായിരുന്നത്. ഇരുവരും അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്ക്കുശേഷം 3.15 നായിരുന്നു സംഭവം. പൊടിയാടി പാലത്തിനു സമീപമുള്ള ഹോട്ടലിന് തൊട്ടു മുമ്പില്‍ റോഡിന് കുറുകെയുള്ള വൈദ്യുതി കമ്പിയില്‍ ലോറിയിലുണ്ടായിരുന്ന വൈക്കോല്‍ തട്ടിയത് മൂലമാണ് അപകടമുണ്ടായത്.
അപകടസമയത്ത് ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ പ്രദേശത്തുകൂടി കടന്നു പോയെങ്കിലും ലോറി ഡ്രൈവര്‍ സമയോചിതമായി വാഹനം റോഡിന്റെ അരികിലേക്ക് മാറ്റി നിര്‍ത്തിയത് കൊണ്ട് വന്‍ ദുരന്തം ഒഴിവായി. പ്രദേശവാസികള്‍ വിവരമറിയിച്ചതനുസരിച്ച് തിരുവല്ലയില്‍ നിന്നുള്ള ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വീസ്, കെഎസ്ഇബി റിക്കവറി വാന്‍ എന്നിവ ഉടനടി സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പുളിക്കീഴ് പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു. സംസ്ഥാനപാതയില്‍ ഏതാണ്ട് രണ്ടു മണിക്കൂറോളം രൂക്ഷമായ ഗതാഗതക്കുരുക്ക് ഉണ്ടായി. വൈകുന്നേരം 5.30 ഓടെയാണ് പ്രദേശത്ത് ഗതാഗതം സാധാരണ നിലയിലായത്.
ഡ്രൈവറുടെ മനസ്സാന്നിധ്യം ഗുണമായി
പൊടിയാടിയില്‍ ഉണ്ടായ അപകടത്തില്‍ ആളിപ്പടര്‍ന്ന് വന്‍ ദുരന്തം ഉണ്ടാകുന്നത് ഒഴിവായത് ലോറി ഡ്രൈവറുടെ മനസാന്നിധ്യം കൊണ്ട് മാത്രമാണ്.
വൈദ്യുതി കമ്പിയില്‍ തട്ടി വൈക്കോലിന് തീ പിടിച്ചു എന്ന് മനസ്സിലാക്കിയ ഉടന്‍ തന്നെ റോഡ് റോഡരികിലെ ഒഴിഞ്ഞ ഭാഗത്തേക്ക് ലോറി വെട്ടിച്ചു മാറ്റി നിര്‍ത്തിയതിനുശേഷം ഡ്രൈവറും ക്ലീനറും ചാടിയിറങ്ങി തീ പിടിച്ച് വൈക്കോല്‍ കെട്ടുകള്‍ റോഡിലേക്ക് വലിച്ചെറിയുകയാണ് ഉണ്ടായത്. അതുകൊണ്ടു തന്നെ ലോറിയിലുണ്ടായിരുന്ന മറ്റു വൈക്കോല്‍ കെട്ടുകളിലേക്ക് തീ ആളിപ്പടര്‍ന്നില്ല.
തുടര്‍ന്ന് നാട്ടുകാരും പോലീസും ചേര്‍ന്ന് ലോറിയിലുണ്ടായിരുന്ന വൈക്കോല്‍ കെട്ടുകള്‍ മുഴുവന്‍ റോഡിലേക്ക് വലിച്ചെറിയുകയും അഗ്നിശമനസേനാംഗങ്ങള്‍ വെള്ളം ഉപയോഗിച്ച് പുകഞ്ഞ് കൊണ്ടിരിക്കുകയായിരുന്ന ചില കെട്ടുകളിലെ തീ അണയ്ക്കുകയും ചെയ്തു. ലോറിയിലുണ്ടായിരുന്ന വൈക്കോല്‍ കെട്ടുകളിലേക്ക് തീ ആളിപ്പടര്‍ന്നിരുന്നെങ്കില്‍ നിരവധി വൈദ്യുതി കമ്പികളും ഉണങ്ങിയ വൃക്ഷ ശിഖരങ്ങളും സമീപത്ത് ഉള്ളതിനാല്‍ ഒരു വന്‍ ദുരന്തത്തിന് ഇടയാക്കിയേനെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: