ഓയൂര്‍: നാല് പതിറ്റാണ്ടുകളിലധികം പഴക്കമുള്ള നെടുമണ്‍കാവ് എംഎല്‍എ പാലത്തിന് ശാപമോക്ഷം. പുതിയ പാലത്തിന്റെ നിര്‍മാണം ആരംഭിച്ചു. കാലപ്പഴക്കം കൊണ്ട് കോണ്‍ക്രീറ്റ് ഇളകിയും കൈവരികളും പാലത്തിനോട് ചേര്‍ന്നുള്ള തോടിന്റെ സംരക്ഷണഭിത്തികളും നശിച്ച് പാലം നിലംപൊത്താറായ നിലയിലായിരുന്നു. പ്രദേശവാസികളുടെ നിരന്തമായുള്ള ആവശ്യത്തെത്തുടര്‍ന്ന് ഐഷാ പോറ്റി എംഎല്‍എ ആയിരുന്ന കാലഘട്ടത്തില്‍ അനുവദിച്ച 22 ലക്ഷം രൂപയും, കരീപ്രപഞ്ചായത്ത് ഫണ്ടില്‍ 9.5 ലക്ഷം രൂപയും ചെലവഴിച്ചാണ് പുതിയ പാലം നിര്‍മ്മിക്കുന്നത്.
നാല് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് കൊട്ടറ ഗോപാലകൃഷ്ണന് എംഎല്‍എ ആയിരുന്ന കാലത്താണ് നെടുമണ്‍കാവ് ആറിന്റെ കൈവഴിയായ ഈയല്ലൂര്‍ തോടിന് കുറുകെ പാലം നിര്‍മിക്കുന്നത്. അത് കാരണം എംഎല്എപ്പാലം എന്നാണ് ഇത് അറിയപ്പെടുന്നത്. അന്ന് പ്രദേശത്തെ ഏക കോണ്‍ക്രീറ്റ് പാലവും ഇതായിരുന്നു. ഈയല്ലൂര്‍ തോട് ഇത്തിക്കര ആറിന്റെ കൈവഴിയായ നെടുമണ്‍കാവ് ആറില്‍ ചേരുന്നത് എംഎല്‍എ പാലത്തിന് താഴെയാണ്.
സംരക്ഷണ ഭിത്തികള്‍ തകര്‍ന്ന് വെള്ളം വഴി മാറി സമീപത്തെ വയലിലേക്ക് ഒഴുകുകയായിരുന്നു. ദിനംപ്രതി നിരവധി വാഹനങ്ങളാണ് പാലത്തിലൂടെ കടന്ന് പോയിരുന്നത്. നെടുമണ്‍കാവില്‍ ഗതാഗത കുരുക്ക് ഉണ്ടാകുമ്പോള്‍ വാഹനങ്ങള്‍ വഴി തിരിച്ച് വിട്ടിരുന്നതും എംഎല്‍എ പാലത്തിലൂടെയാണ്. പുതിയ പാലം നിര്‍മിക്കണമെന്നത് പ്രദേശ വാസികളുടെ ദീര്‍ഘകാല ആവശ്യമായിരുന്നു. 5.2 മീറ്റര്‍ വീതിയും 8.2 മീറ്റര്‍ നീളവുമുള്ള പാലം 3 സ്പാനുകളിലാണ് നിര്‍മിക്കുന്നത്. ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍ സ്ഥലം സന്ദര്‍ശിച്ച് നിര്‍മാണ പുരോഗതി വിലയുരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: