‘കെ-റെയില്‍’ എന്ന സംഭവം നമ്മുടെ മനസ്സില്‍ ആധിവ്യാധികള്‍ക്ക് കാരണമായിരിക്കുന്നു. ആധി കൂടിയാല്‍ വ്യാധി ഉറപ്പെന്ന് ആചാര്യമതം. ചിലര്‍ കെ റെയില്‍ എന്ന സംഭവത്തെ സില്‍വര്‍ലൈന്‍ എന്നാണ് പറയുന്നത്. എന്നു വച്ചാല്‍ വെള്ളിവര. ഇനിയത് വെള്ളത്തിലെ വരയാവുമോ എന്ന സംശയവും അസ്ഥാനത്തല്ല. കരുതലിന്റെ റെയിലായും കാലന്റെ റെയിലായും വിശേഷിപ്പിക്കുന്നവരുമുണ്ട്.
കേരളം കാലാകാലം ഇരുണ്ടയിടത്തു തന്നെ നില്‍ക്കണോ എന്ന ചോദ്യവുമായി കരുതലിന്റെ റെയിലിനൊപ്പം നില്ക്കുന്നവര് കുറച്ചുപേരുണ്ട്. കാലന്റെ റെയിലാണത് എന്നു കരുതുന്നവരുടെ അംഗ സംഖ്യ ദിനം തോറും വര്‍ധിക്കുന്നു. നമുക്ക് വികസനവും ഉയര്‍ച്ചയും വേണ്ട എന്നാഗ്രഹമുള്ളവര്‍ ഈ കൊച്ചു സംസ്ഥാനത്ത് ആരുമുണ്ടാവില്ല എന്നത് തര്‍ക്കമറ്റ സംഗതിയത്രെ. പക്ഷേ,ആ വികസനവും ഉയര്‍ച്ചയും ഇവിടുത്തുകാരുടെ സൈ്വര്യവും സമാധാനവും തകര്‍ക്കുന്നതാവരുത് എന്നേയുള്ളൂ. മാസത്തില്‍ ഒരു ലക്ഷം വരുമാനമുള്ളവനും അയ്യായിരം വരുമാനമുള്ളവനും സ്വസ്ഥമായി കഴിയാനു
ള്ള അവസ്ഥയാണ് സംജാതമാവേണ്ടത്. എന്നാല്‍ ഭരണകൂടം കരുതുന്നത് കോടികളുടെ വരുമാനമുണ്ടാക്കാന്‍ തനി സാധാരണക്കാരനെ തൊഴിച്ചെറിഞ്ഞാലും കുഴപ്പമില്ല എന്നാണ്. ജനുവരി 12 ലോകംകണ്ട പ്രത്യാശാപുരുഷനായ സ്വാമി വിവേകാനന്ദന്റെ ജന്മദിനമായിരുന്നു. യുവജനദിനമായി അത് ആഘോഷിച്ചു വരുന്നത് യുവാക്കള്‍ക്ക് നേരും നേര്വഴിയുമുണ്ടാക്കാന് ദത്തശ്രദ്ധനായി ആ മഹാന് രംഗത്തിറങ്ങിയതിന്റെ ബാക്കിപത്രമായാണ്. അദ്ദേഹം ഒരു വന്‍സദസ്സിനെ അഭിസംബോധന ചെയ്തപ്പോള്‍ ഭരണകര്‍ത്താക്കളെക്കുറിച്ചും അഭിപ്രായപ്രകടനം നടത്തി. അതിതാ:’നയിക്കുമ്പോള്‍ സേവകനാവുക,നിസ്വാര്‍ത്ഥനാവുക, ക്ഷമാശീലനാവുക;വിജയം നിങ്ങളുടേതായിരിക്കും’.
സ്ഥാനത്തും അസ്ഥാനത്തും വിവേകാനന്ദനെ പുകഴ്ത്തുകയും വാഴ്ത്തുകയും ചെയ്യുന്ന ഭരണകര്‍ത്താക്കള്‍ ഈ മൊഴിയിലെ സന്ദേശം സ്വായത്തമാക്കുമോ? ഈ സംസ്ഥാനത്തെ സ്നേഹിക്കുന്നവരും ഇതാണ് തങ്ങളുടെ സ്വര്‍ഗമെന്ന് കരുതുന്നവരും ആത്മാര്‍ത്ഥമായി ഭരണകൂടത്തോട് ചോദിക്കുന്ന ചോദ്യം കൂടിയാണിത്. ഉടുതുണിക്ക് മറുതുണിയില്ലാത്തവരും ഒരുനേരം കഞ്ഞി പോലും കുടിക്കാന്‍ പാങ്ങില്ലാത്തവരും എങ്ങനെയെങ്കിലും ഇവിടെ ജീവിക്കണ്ടേ? അവര്‍ക്ക് ശാന്തിയും സമാധാനവുമില്ലാത്ത ‘കെ റെയില്‍’ കാലനായല്ലേ അവര്‍ക്കു തോന്നൂ. അവരെ വിശ്വാസത്തിലെടുക്കാതെ,അവരും കൂടി ഉള്‍പ്പെടുന്ന സമൂഹത്തെ വിശ്വാസത്തിലെടുക്കാതെ ഒരു ഭീമന് പദ്ധതി കൊണ്ടുവരുമ്പോള്‍ അതില്‍ ദുരൂഹതയില്ലേ? ഒളിച്ചും മറച്ചും വച്ചാണോ ഒരു സംസ്ഥാനത്തെ മൊത്തം ബാധിക്കുന്ന പദ്ധതിയുമായി ജനകീയ ഭരണകൂടം മുന്നോട്ടു പോവുക? പദ്ധതി കൊണ്ട് തങ്ങള്‍ക്ക് ഒരു നഷ്ടവും ഇല്ലെന്ന് കരുതുന്ന കോട്ട് -സ്യൂട്ട് ഗ്രൂപ്പിന്റെ മുമ്പില്‍ വായിട്ടലച്ചാല്‍ എല്ലാം അവസാനിക്കുമെന്നാണോ ബന്ധപ്പെട്ടവര്‍ ധരിച്ചുവച്ചിരിക്കുന്നത്? നാഴികയ്ക്ക് നാല്പതുവട്ടം കോര്‍പറേറ്റു മാഫിയയ്ക്കെതിരെ ആക്രോശിക്കുന്നവര്‍ തന്നെയാണ് കോര്‍പറേറ്റ് കോപ്പിയടിയുമായി രംഗത്ത് അലറിത്തുള്ളുന്നത്.
ജനങ്ങളെ നന്നാക്കാനോ സംസ്ഥാനത്തെ പുരോഗതിയിലേക്ക് ഉയര്‍ത്താനോ ലക്ഷ്യമിട്ടുള്ളതല്ല ഈ പദ്ധതി. ഇതിന്റെ പിന്നില്‍ കണ്ണഞ്ചിക്കുന്ന കമ്മിഷനുണ്ട്. അത് ഒരു വഴിയ്ക്കല്ല, പല വഴിയ്ക്ക് നേതാക്കളിലേക്കും പാര്‍ട്ടിയിലേക്കും ഒഴുകിയെത്തുന്നതാണ്. ആ ഒഴുക്കിനെതിരുനില്ക്കുന്ന ആരെയും നിശ്ശബ്ദമാക്കുന്ന തരത്തിലുള്ള ആ യോധനമുറകള് പ്രയോഗിക്കാന്‍ അങ്കക്കോഴികള്‍ക്ക് അനുവാദവും കൊടുത്തുകഴിഞ്ഞു. പാതിരാത്രി സില്‍വര്‍ ലൈനിനായി കല്ലിടാനും അതിരിടാനും എത്തുന്നവരെ തടഞ്ഞാല്‍ അടിച്ചു പല്ലുകൊഴിക്കുമെന്ന് ഭരണകക്ഷിനേതാക്കള്‍ പരസ്യമായി ഭീഷണി മുഴക്കുകയാണ്. ദുരിത ബാധിതര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുമെന്ന മോഹന വാഗ്ദാനം വാരിക്കോരി നല്‍കുന്നുണ്ട്. എന്നാല്‍ മൂലമ്പള്ളി ഉള്‍പ്പടെയുള്ളയിടങ്ങളില്‍ നടപ്പാക്കിയ പദ്ധതികളുടെ പേരില്‍ തെരുവിലേക്ക് തൊഴിച്ചെറിയപ്പെട്ടവര് ഇന്നും കണ്ണീരില്‍ മുങ്ങിക്കിടക്കുകയാണെന്നത് മറന്നുകൂട. അവരെ ആശ്വസിപ്പിക്കുന്ന ഒരക്ഷരം പോലും ഭരണാധികാരിയുടെ ഭാഗത്തു നിന്നുണ്ടോ? പകരം ധാര്‍ഷ്ട്യത്തിന്റെ ചുറ്റികയടിയല്ലേ. അത്തരം ദുരിത ദുരന്തങ്ങളുടെ മേലേയ്ക്കാണ് അശനിപാതം പോലെ കെ റെയില്‍ ചൂളമടിച്ചോടാന് പോവുന്നത്.
ഈ ഭീമന്പദ്ധതി ഒരു ജനകീയ സര്‍ക്കാരിന്റെ ജനാഭിമുഖ്യമുള്ള പദ്ധതിയല്ല. സ്യൂഡോ ജനകീയ സര്‍ക്കാരിന്റെ രാക്ഷസീയ പദ്ധതിയാണ്. സാധാരണക്കാരുടെ ചോരയും നീരും ഊറ്റിക്കുടിച്ച് തടിച്ചുവീര്‍ക്കുന്ന ഈ ഭരണകൂട ദുരന്തത്തിനെതിരെ മാനവികതയുടെ മഹാസന്ദേശമുള്ക്കൊണ്ടുള്ള ചെറുത്തു നില്‍പ്പ് അനിവാര്യമാണ്. ‘തോല്‍പ്പിക്കാന്‍ അവര്‍ ശ്രമിച്ചുകൊണ്ടേയിരിക്കും, ജയിക്കാന്‍ നമ്മളും’എന്ന ദൃഢനിശ്ചയത്തിന്റെ മുള്‍പ്പാതയിലൂടെ തന്നെ നീങ്ങിയേ തീരൂ. ഭാവനാത്മകമെങ്കിലും പരശുരാമന് മഴു കൊണ്ട് നാടു കെട്ടിപ്പടുക്കുകയാണ് ചെയ്തത്. അത് അരിവാളുകൊണ്ട് വെട്ടിപ്പിളര്‍ക്കാന്‍ അനുവദിച്ചു കൊടുത്തുകൂടാ.
നേര്‍മുറി
നീന്തല്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നത് പരിഗണിക്കും: മന്ത്രി ശിവന്‍കുട്ടി വാട്ടര്‍ റെയിലിന് സാധ്യത
പ്രതികരിക്കാൻ ഇവിടെ എഴുതുക: