വാങ്മയി
(ഡോ. പി.പി. സൗഹൃദന്)
ശ്രീ ലളിതാ ദേവിയുടെ അനന്തഭാവങ്ങള്‍, ഷിര്‍ദി സത്യസായിബാബമാര്, ഭാരത മഹാരാജ്യ മഹിമ, ചിന്ത വിഭാവന, ഗൗരിയുടെ ദര്‍ശനം, ബ്രഹ്മസത്യം, നാമസങ്കീര്‍ത്തനം മഹാപുണ്യം, സംഗീതവും ശാസ്ത്രവും, സര്‍വ്വവ്യാപിയായ ഈശ്വരതത്ത്വം ശ്രീലളിതാംബികാവലോകനം ഒരു വിശ്വാവലോകനം, പ്രപഞ്ച വിസ്മയങ്ങള്‍ എന്നീ വിഷയങ്ങളിലൂടെ നമുക്കല്പം സഞ്ചരിക്കാം:
യാ ദേവി സര്‍വ്വ ഭൂതേഷു
വിഷ്ണുമായേതി ശബ്ദിത
നമസ്തസൈ്യ നമസ്തസൈ്യ
നമസ്തസൈ്യ നമോ നമഃ
ഈ ദേവീമഹാത്മ്യ സ്തുതി ഏവര്‍ക്കും സുപരിചിതമാണ.് തുടര്‍ന്ന് അതില്‍ വിഷ്ണുമായയായ ദേവി ചേതന, ബുദ്ധി, നിദ്ര, ക്ഷുധ, ഛായ, ശക്തി, തൃഷ്ണ, ക്ഷാന്തി, ജാതി, ലജ്ജ, ശാന്തി, ശ്രദ്ധ, കാന്തി, ലക്ഷ്മി, വൃത്തി, സ്മൃതി, ദയ, തുഷ്ടി, മാതൃ, ഭ്രാന്തി (വിഭ്രാന്തി), പഞ്ചഭൂത രൂപങ്ങളില്‍ വസിക്കുന്നു എന്ന് വര്‍ണിക്കുന്നു. ശങ്കരഭഗവല്‍പാദരുടെ സൗന്ദര്യ ലഹരിയില്‍ ദേവിയുടെ അധീശത്വം ‘ശിവശക്ത്യാ യുക്തോ’ എന്നു തുടങ്ങുന്ന ശ്ലോകത്തിലൂടെ ഇപ്രകാരം വ്യക്തമാക്കുന്നു: ‘അല്ലയോ ദേവീ, പരമശിവന് ശക്തിയോടു ചേര്‍ന്നാല്‍ സൃഷ്ടി സ്ഥിതി സംഹാരാദികള്ക്ക് ശക്തനാവുന്നു. അല്ലെങ്കില്‍ കേവലം സ്പന്ദിക്കാന്‍ പോലും കഴിയില്ല. അതിനാല്‍ ബ്രഹ്മാ വിഷ്ണു മഹേശ്വരര്ക്കും ആരാധ്യയായ ദേവിയെ ധ്യാനിക്കാന്‍ പുണ്യം ചെയ്യാത്തവന് ശക്തനാവുമോ?’
‘മഹാലക്ഷ്മ്യഷ്ടക’ത്തിലെ;
സര്‍വമംഗള മംഗല്യേ
ശിവേ സര്‍വാര്‍ത്ഥസാധികേ
ശരണ്യേ ത്ര്യയംബകേ ഗൗരീ
നാരായണീ നമോസ്തുതേ
എന്ന പ്രാര്‍ത്ഥന ഭക്തമാനസര്ക്ക് ‘പോസിറ്റീവ് എനര്‍ജി’ നല്കുന്ന ഉത്തമകീര്ത്തനമാണ്.
ഓര്‍മ്മയില്‍ തങ്ങിനില്ക്കുന്ന ഏറ്റവും ശക്തമായ ഇന്ത്യന്‍ ആത്മീയ തേജസ്സുള്ള വാക്യമിതാണ്; ‘ഒരിക്കലും ഒന്നിലും വ്യാകുലപ്പെടരുത്, എപ്പോഴും എപ്പോഴും ആനന്ദനിറവിലായിരിക്കുക’ (ഭഗവാന് ഷിര്‍ദി സായിബാബ).
ഈ വചസ്സില് ഭഗവദ്ഗീത, ഭാഗവതം, ദശോപനിഷത്തുകള്‍, യോഗവാസിഷ്ഠം, ഹരിനാമ കീര്‍ത്തനം, ബ്രഹ്മസൂത്രം, സര്‍വ സഹസ്രനാമങ്ങളും ഇവയുടെയെല്ലാം സാരസര്വസ്വവുമുണ്ട്.
ഷിര്‍ദി സായിബാബയുടെ ജീവിതവും തത്ത്വചിന്തയും ഉപദേശവും അടങ്ങുന്ന കഥകള്‍ സമ്പൂര്‍ണ ‘ഷിര്‍ദിസായി സച്ചരിത’ത്തിലെ (ഹേമദ് പാന്ത്) മേല്‍ ഉദ്ധരിച്ച വാക്യത്തിന്റെ അര്‍ത്ഥപൂര്‍ണിമ ഉള്‍ക്കൊള്ളാന്‍ നാം ആ ഗ്രന്ഥങ്ങളിലൂടെ തെല്ലെങ്കിലും സഞ്ചരിക്കേണ്ടതുണ്ട്.
ഭഗവാന് സത്യസായി ബാബയുടെ ‘സത്യസായി സച്ചരിതം’ മുന്‍ചൊന്ന ഗ്രന്ഥത്തെ പോലെ തന്നെ അമൂല്യമാണ.് എല്ലാം ഭാരതീയ ചിന്തയുടെ രത്നച്ചുരുക്കമാണ്.
അമേരിക്ക ലോകഭരണാധിപത്യത്തിന്റെയും സാങ്കേതികവിദ്യയുടെയും സമ്പത്തിന്റെയുമൊക്കെ തലസ്ഥാനമാണെങ്കിലും ഭാരതമാണ് പുരാതനകാലം മുതലേ ലോകത്തിന്റെ ആധ്യാത്മിക തലസ്ഥാനം.
ഒരു പക്ഷേ നമ്മില്‍ പലരും ശ്രദ്ധിച്ചു കാണില്ല, കഴിഞ്ഞ രണ്ടു വര്‍ഷമായി മഹാമാരിയും അതിന്റെ വകഭേദങ്ങളും ഭൂലോകത്തെ പ്രകമ്പനം കൊള്ളിച്ചപ്പോള്‍ അമേരിക്ക, റഷ്യ, കാനഡ, ബ്രിട്ടന്, ചൈന, പാകിസ്ഥാന് യുഎഇ തുടങ്ങിയ അനേകം രാഷ്ട്രങ്ങള്‍ക്ക് ഇന്ത്യ നല്കിയ ഭൗതിക സഹായങ്ങളേക്കാള്‍ നൂറിരട്ടി വലുതായിരുന്നു ഭാരതത്തിന്റെ ആര്‍ഷ പാരമ്പര്യം പകര്‍ന്നുനല്‍കിയ വിപദിധൈര്യം. യോഗ, അധ്യാത്മ രാമായണം, മഹാഭാരതം, ഉപനിഷദ് ദര്‍ശനം, ഇന്ത്യന്‍ പുരാണങ്ങള്‍, വാല്മീകി, വ്യാസന്, ആദിശങ്കരന് മുതല്‍ സായിബാബമാര്‍, ശ്രീരാമകൃഷ്ണ പരമഹംസര്‍, സ്വാമി വിവേകാനന്ദന്, ജിദ്ദു കൃഷ്ണമൂര്‍ത്തി, മാതാ അമൃതാനന്ദമയി ശ്രീ ശ്രീ രവിശങ്കര്‍ വരെയുള്ള മഹത്തുക്കളുടെ സന്ദേശവും മനുഷ്യമനസ്സുകളെ പ്രോജ്ജ്വലിപ്പിക്കുന്ന പ്രഭാഷണപരമ്പരയുടെ പുനരുജ്ജീവനവും പുനര്‍വായനയും നല്കിയ പ്രസദാത്മതയാണ്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: