Categories: Article

ശ്രീ പദ്മനാഭന്റെ മുന്നിൽ ടിപ്പുവിന്റെ വാട്ടർലൂവും, തിരുവിതാംകൂറിന്റെ സ്പെഷ്യൽ ഫോഴ്സസ് കമാൻഡോ ഗ്രൂപ്പും ഡച്ചുകാരന്റെ നെടുങ്കോട്ടയും

Published by

വിശ്വവരാജ്‌

മൈസൂരിൽ നിന്നും പടയുമായി എത്തിയ ജിഹാദി ഇസ്ലാമിക അധിനിവേശ ഭരണാധികാരി ആയ ടിപ്പു മലബാറിൽ സമൂതിരിയെ തോല്പിച്ചു രാജ്യം പിടിക്കുക മാത്രമല്ല ചെയ്‍തത്. ക്ഷേത്രങ്ങൾ തകർക്കുകയും കൊള്ളയടിക്കുകയും ചെയ്യുക, ഹിന്ദുക്കളെ കൂട്ടമായി മതം മാറ്റുക, അവരെ ഗോമാംസം തീറ്റിക്കുക, സ്ത്രീകളെ തട്ടി എടുക്കുക അങ്ങനെ സംസ്കാരം തൊട്ടു തീണ്ടാത്ത എന്നാൽ കാഫിറുകളോട് എങ്ങനെ പെരുമാറണം എന്ന മതനിയമത്തിന്റെ ശാസനം നിറവേറ്റുകയും ചെയ്തു പോന്നു.

പിന്നീട് കൊച്ചിയും ആയി സന്ധിയിൽ ആയ ടിപ്പു 4 ലക്ഷം കപ്പം വാങ്ങി കൊച്ചി രാജാവിനെ സാമന്തൻ ആക്കി. പക്ഷെ ടിപ്പുവിന്റെ നോട്ടം മുഴുവൻ തിരുവിതാംകൂറിലെ ശ്രീ പദ്മനാഭന്റെ കണക്കറ്റ സ്വത്തു വകകളിൽ ആയിരുന്നു. മൈസൂർ നിന്ന് പട ഓട്ടി വന്നിട്ട് വലിയ ഒരു നിധിയും ഇല്ലാതെ മടങ്ങാൻ ടിപ്പുവിന് മടി, കൂടെ അഹങ്കാരവും. ഒട്ടും മടിക്കാതെ തനിക്ക് കീഴടങ്ങി മലബാറിൽ നിന്ന് വന്നവരെ തിരികെ അയക്കാനും തനിക്ക് കപ്പം നൽകി ഭരണം തുടരാൻ ആവശ്യപ്പെട്ട് ടിപ്പു തിരുവിതാംകൂർ മഹാരാജാവിന് സന്ദേശം അയച്ചു. അഭയം തേടി ഓടി വന്നവരെ കൈവിടുന്നത് ഹിന്ദു ധർമ്മം അല്ല എന്നും അവർ ഇഷ്ടമുള്ള കാലം ശ്രീ പദ്മനാഭന്റെ മണ്ണിൽ തുടരാൻ സൗകര്യങ്ങൾ ചെയ്യുക തന്നെ ചെയ്യും എന്നും ധർമാരാജാവ് മറുപടിയും നൽകി…അതോടെ ടിപ്പുവും തിരുവിതാംകൂറും തമ്മിൽ യുദ്ധം ഉറപ്പായി. ധർമ്മരാജാവ് യുദ്ധത്തിന്റെ തയ്യാറെടുപ്പുകൾ തുടങ്ങി.

അന്ന് തിരുവിതാംകൂർ ഭരിച്ചിരുന്ന ഭരണാധികാരി കാർത്തിക തിരുനാൾ രാമവർമ്മ മഹാരാജാവ് ആയിരുന്നു. ധർമ്മരാജ എന്ന നാമധേയത്തിൽ അറിയപ്പെട്ടിരുന്ന അദ്ദേഹം നീതിമാനും ധീരനും ആയിരുന്നു. അദ്ദേഹത്തിന്റെ  സൈന്യാധിപന്മാരിൽ ഒരാൾ ആയിരുന്നു നന്ത്യാട്ട് കളരി അടക്കം 18 കളരിക്ക് ആശാൻ ആയിരുന്ന വൈക്കം പദ്മനാഭപിള്ള. തിരുവിതാംകൂറിന്റെ ഒരു സൂയ്സൈഡ് സ്‌ക്വാഡ് സ്‌പെഷ്യൽ ഫോഴ്സസ് കമാൻഡോ ഗ്രൂപ്പ് തലവൻ കൂടി ആയിരുന്നു വൈക്കം പദ്മനാഭപിള്ള.

ഡച്ച് സൈന്യത്തിൽ നിന്ന് തടവിൽ പിടിച്ച യൂറോപ്യന്മാരിൽ നിന്ന് തിരുവിതാംകൂർ സേനയിലേക്ക് കൂറ് മാറിയ വലിയ കപ്പിത്താൻ എന്നു പേരുള്ള ക്യാപ്റ്റൻ മാർക്ക് ഡെ ലെനോയ്‌ എന്ന സൈനികനെ ആണ് അന്നത്തെ തിരുവിതാംകൂർ മഹാരാജാവ് ആയിരുന്ന ധർമ്മരാജ കാർത്തിക തിരുനാൾ രാമവർമ്മ നെടുംകോട്ട കെട്ടാൻ വേണ്ടിയുള്ള ഉള്ള ദൗത്യം ഏല്പിക്കുന്നത്.

നെടുംകോട്ട നിർമ്മിതി

35 മൈൽ നീളവും 12 മൈൽ ഉയരവും ഉള്ള നെടുംകോട്ടക്ക് പ്രത്യേകതകൾ അനവധി ആയിരുന്നു.  പള്ളിപ്പുറം കോട്ട മുതൽ ആനമല കുന്നുകൾ വരെ പരന്നു കിടക്കുന്നു നെടുങ്കോട്ട ( ഇന്നത്തെ തൃശൂർ – ചാലക്കുടി ഭാഗം). 16 മുതൽ 20 അടി വീതിയുള്ള കിടങ്ങുകളുടെ ആഴവും അത്ര തന്നെ ഉണ്ടായിരുന്നു. കിടങ്ങുകളിൽ മുള്ളും കൂർത്ത ചെടികളും കൂർത്ത അഗ്രം ഉള്ള ആയുധങ്ങളും  വിഷപ്പാമ്പുകളും നിറച്ചിരുന്നു.  കോട്ടക്ക് അകത്ത് നിരവധി രഹസ്യ അറകൾ ക്യാപ്റ്റൻ ഡി ലെനോയ്‌ ഉണ്ടാക്കിയിരുന്നു. അവിടെ വെടിമരുന്ന്, ആയുധങ്ങൾ സൂക്ഷിക്കാൻ മാത്രമല്ല കുറച്ചു സൈനികർക്ക് ഒളിച്ചിരിക്കാൻ പോലും സാധിക്കുമായിരുന്നു. കോട്ടയിൽ തോക്കുകൾ സ്ഥാപിക്കാൻ ആയി പ്രത്യേക സംവിധാനം ഒരുക്കിയിരുന്നു. .കോട്ടയുടെ തെക്ക് വശത്തായി സൈനിക നീക്കങ്ങൾക്ക് വേണ്ടി റോഡുകളും ഒരുക്കി.

നെടുങ്കോട്ട യുദ്ധം :-

( Ref : ശങ്കുണ്ണി മേനോൻ – തിരുവിതാംകൂർ ചരിത്രം

നാഗം അയ്യ – തിരുവിതാംകൂർ സ്റ്റേറ്റ് മാനുവൽ

A Dutchman in the service of Travancore Eustache Lannoy – Capt. Mark De Lannoy)

1789 ഡിസംബർ 24 ന് ഏതാണ്ട് 30000 സൈനികരും ആയി എത്തിയ ടിപ്പുവിന്റെ സൈന്യം ഫ്രഞ്ച് സൈന്യത്തോടൊപ്പം നേടുങ്കോട്ടക്ക് സുമാർ 5 മൈൽ ദൂരെ തമ്പടിച്ചു. 28,29 ഓടെ നെടുങ്കോട്ട തകർത്തു അടുത്ത ദിവസം വെല്ലുവിളിച്ചത് പോലെ ശ്രീ പദ്മനാഭന്റെ തിരുമുറ്റത്ത് കുതിരമേൽ എത്തുക എന്നതായിരുന്നു പ്ലാൻ… അതിന് വേണ്ടി 28 രാത്രി നേടുങ്കോട്ടക്ക് വടക്ക് ഭാഗം ടിപ്പു സ്വയം നിയന്ത്രിച്ച സൈന്യവും ആയി ആക്രമിച്ചു. പക്ഷെ ആ ആക്രമണത്തെ പരവൂർ സൈന്യം എന്നറിയപ്പെടുന്ന പരവൂർ ബറ്റാലിയൻ പരാജയപ്പെടുത്തി വിട്ടു. ടിപ്പു രാത്രി പാളയത്തിലേക്ക്  മടങ്ങി. പക്ഷെ ആ രാത്രി തന്നെ വീതി കുറഞ്ഞ കിടങ്ങുള്ള ഭാഗം നിരപ്പാക്കി രാവിലെ ഉള്ള മൈസൂർ സൈന്യത്തിന്റെ നീക്കം സുഗമം ആക്കാൻ ടിപ്പു തീരുമാനിച്ചു. തിരുവിതാംകൂർ സൈന്യത്തിന്റെ അംഗബലം കുറഞ്ഞ ഭാഗത്ത് അങ്ങനെ കിടങ്ങുകൾ നിരത്തി. എന്നാൽ തിരുവിതാംകൂർ സൈന്യത്തിന്റെ തന്ത്രം ടിപ്പുവിന് പിടി കിട്ടാതെ പോയി.

രാവിലെ 14000 സൈനികർക്കൊപ്പം കോട്ടക്ക് അകത്തേക്ക് കടന്ന ടിപ്പുവിന്റെ സൈന്യം മുന്നേറാൻ തുടങ്ങിയതോടെ തിരുവിതാംകൂർ സൈന്യം പതിയെ കോട്ടയുടെ ഒരു ഭാഗത്തേക്ക് പിൻവാങ്ങാൻ തുടങ്ങി പക്ഷെ അവർ പ്രതിരോധം വിടാതെ പോരാട്ടം തുടർന്നു. അനുകൂല സാഹചര്യം ആണെന്നു മനസിലാക്കിയ ടിപ്പു യുദ്ധം പെട്ടെന്ന് തീർക്കാൻ കൂടുതൽ സൈനികരോട് കിടങ്ങു കടന്നു അകത്തേക്ക് വരാൻ ആവശ്യപ്പെട്ടു. അവിടെ ആണ് ടിപ്പുവിനെ മറികടക്കാൻ പദ്മനാഭപിള്ളയുടെ സൈന്യം തന്ത്രം ആവിഷ്കരിച്ചത്. കോട്ടയുടെ രഹസ്യ അറകളിൽ ഒളിച്ചിരുന്ന പദ്മനാഭപിള്ളയുടെ നേതൃത്വത്തിൽ ഉള്ള 20 അംഗ ചാവേർ പട ടിപ്പുവിന്റെ സൈന്യത്തിന്റെ മേൽ അഗ്നി ആയി വർഷിച്ചു… പെട്ടെന്ന് ഉണ്ടായ ഗംഭീര ആക്രമണത്തിൽ ടിപ്പു പതറി. സൈന്യത്തോട്‌ കോട്ടക്ക് പുറത്തേക്ക് പിവാങ്ങാൻ ആവശ്യപ്പെട്ടു ടിപ്പു. എന്നാൽ  നേരത്തെ കോട്ടക്ക് ഉള്ളിലേക്ക് പിൻവാങ്ങിയ തിരുവിതാംകൂർ സൈന്യം ടിപ്പുവിന്റെ സൈന്യത്തിന്റെ പിൻഭാഗത്ത് എത്തിയിരുന്നു… കോട്ടക്ക് അകത്തു നിന്ന് പിന്തിരിയാൻ ശ്രമിക്കുന്ന  ടിപ്പു സൈന്യത്തിന്റെ പിന്നിൽ തിരുവിതാംകൂർ സേനയും മുന്നിൽ പദ്മനാഭപിള്ളയുടെ എലീറ്റ് സ്‌പെഷ്യൽ ഫോഴ്‌സസും… കിടങ്ങുകളുടെ ആഴങ്ങളിലേക്ക് ടിപ്പുവിനെ സൈന്യം വീണു തുടങ്ങിയതോടെ ടിപ്പു അപകടം മണത്തു. യുദ്ധം ജയിക്കുക എന്നത് വിട്ടു ജീവൻ രക്ഷിക്കുക എന്നതായി ടിപ്പുവിന്റെ പ്രാഥമിക ലക്ഷ്യം. ഇതിനിടെ പദ്മനാഭ പിള്ള ടിപ്പുവിന്റെ നേർക്ക് നേർ എത്തികഴിഞ്ഞിരുന്നു. പല്ലക്കിന്റെ ഉള്ളിൽ ഇട്ടു പദ്മനാഭ പിള്ള വെട്ടിയ വെട്ട് ടിപ്പുവിന്റെ കണങ്കാലിനാണ് കൊണ്ടത്. അപ്പോഴേക്കും ശവങ്ങൾക്ക് മുകളിലൂടെ ടിപ്പുവിനെ എടുത്തു കൊണ്ട് മൈസൂർ സൈന്യം ജീവനും കൊണ്ടു പാഞ്ഞു.

പദ്മനാഭ പിള്ള യുദ്ധം ജയിച്ചു യുദ്ധത്തിൽ പിൻവാങ്ങിയ ടിപ്പുവിന്റെ കൈത്തോക്ക്, ചുരിക, രാജമുദ്ര മോതിരം, ഔദ്യോഗിക കൊടി എന്നിവ ധർമ്മരാജാവിന് ഉപഹാരം ആയി സമർപ്പിച്ചു. ഇപ്പോഴും ആ പച്ചക്കൊടി ശ്രീപദ്മനാഭ സ്വാമിയുടെ ആറാട്ടിന് ഏറ്റവും പിന്നിൽ ആയി പ്രദർശിപ്പിക്കാറുണ്ട്. ടിപ്പുവിനെ  പല്ലക്കിൽ എടുത്തു കൊണ്ട് ഓടുന്ന ഒരു ഛായാചിത്രം ഇപ്പോഴും പദ്മനാഭപുരം കൊട്ടാരത്തിന്റെ ചുവരുകൾ അലങ്കരിക്കുന്നുണ്ട്.

വൈക്കം പദ്മനാഭപിള്ള നെടുങ്കോട്ടയിൽ നടത്തിയ സർജിക്കൽ സ്‌ട്രൈക്ക് 300 പേരുടെ സംഘത്തെ കൊണ്ടു ബാജി പ്രഭു ദേശ്പാണ്ഡെ ശിവാജി മഹാരാജിനെ രക്ഷിക്കാൻ ആദിൽഷായുടെ 10000 പേരുടെ സൈന്യത്തെ നേരിട്ട പവൻഖിൻഡ് യുദ്ധത്തെ അനുസ്മരിപ്പിക്കുന്നു എന്നു പറഞ്ഞാൽ ഒട്ടും അതിശയം ആവില്ല…

നബി : നെടുങ്കോട്ടയുടെ  അവശിഷ്ടങ്ങൾ ഒന്നുമില്ലാതെ അവ അടുത്ത വരവിന് ടിപ്പു നശിപ്പിച്ചു കളഞ്ഞു. മുകുന്ദപുരം, ചാലക്കുടി, മുള്ളൂർക്കര, കൊടകര തുടങ്ങിയ ചില പ്രദേശങ്ങൾ കോട്ടയയുടെ ഭാഗം ആയിരുന്നു…

നെടുങ്കോട്ടയും ആയി ബന്ധപ്പെട്ട ചില സ്ഥലപ്പേരുകൾ ഇപ്പോഴും നിലനിൽക്കുന്നു..

കൃഷ്ണൻകോട്ട , കോട്ടമുറി, കോട്ടമുക്ക്, കോട്ടപ്പറമ്പ് , കൊട്ടലപറമ്പ് എന്നിവ അവയിൽ ചിലതാണ്. നെടുങ്കോട്ട യുദ്ധത്തിൽ ജിഹാദി ആയ ടിപ്പുവിനെ തിരുവിതാംകൂർ സൈന്യം പരാജയപ്പെടുത്തി ഓടിച്ചത് ചരിത്ര പുസ്തകങ്ങളിൽ നിന്നും നീക്കം ചെയ്യാൻ കമ്മ്യൂണിസ്റ്റ് ചരിത്രകാരന്മാർക്ക് കഴിഞ്ഞു. പക്ഷേ ഇന്നും നിലനിക്കുന്ന തെളിവുകളും രേഖകളും എല്ലാം ഒളി മങ്ങാത്ത ആ ചരിത്രം നമുക്ക് മുന്നിൽ തുറന്നു വച്ചിരിക്കുന്നു. വരും തലമുറക്ക് നമ്മൾ അത് പകർന്നു നൽകണം…

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by