തിരുവനന്തപുരം : കോവിഡ് വ്യാപന ഭീതി നിലനില്‍ക്കേ മെഗാ തിരുവാതിരകളി സംഘടിപ്പിച്ചതില്‍ ക്ഷമാപണവുമായി സിപിഎം. പാറശ്ശാലയില്‍ തിരുവനന്തപുരം സിപിഎം ജില്ലാ സമ്മേളനത്തിനിടെ അഞ്ഞൂറിലധികം പേരെ ഉള്‍ക്കൊള്ളിച്ച് തിരുവാതികളി സംഘടിപ്പിച്ചത് വിവാദമായിരുന്നു. അതിനു പിന്നാലെ കഴിഞ്ഞ ദിവസം തൃശൂരിലും തിരുവാതിരക്കളി സംഘടിച്ചു. ഇതിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് ക്ഷമാപണം നടത്തിയിരിക്കുന്നത്.
സ്വാഗതസംഘം കണ്‍വീനര്‍ അജയകുമാറാണ് തിരുവാതിര വിവാദത്തില്‍ ക്ഷമാപണം നടത്തിയത്. തിരുവനന്തപുരം ജില്ലാ സമ്മേളനം അവസാനിക്കും മുമ്പായിരുന്നു ക്ഷമാപണം. തിരുവാതിര നടത്തിയ സമയവും ചില വരികളും പലരിലും വേദനയുണ്ടാക്കി. അതില്‍ ക്ഷമചോദിക്കുന്നതായി സമ്മേളനത്തിന്റെ നന്ദി പ്രസംഗത്തില്‍ സ്വാഗതസംഘം കണ്‍വീനര്‍ പറഞ്ഞു.
അതേസമയം തിരുവാതിര നിരോധിച്ച കലാരൂപമല്ലെന്നാണ് തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗ്ഗീസ് പ്രതികരിച്ചത്. കോവിഡ് മാനദണ്ഡം ലംഘിച്ചിട്ടില്ലെന്നും 80 പേര് മാത്രമാണ് പങ്കെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായിട്ടാണ് അഞ്ഞൂറിലേറെ പേര് പങ്കെടുത്ത സമൂഹ തിരുവാതിര സിപിഎം സംഘടിപ്പിച്ചത്. ജില്ലാ സമ്മേളനത്തിന് മുന്നോടിയായി പാറശ്ശാലയിലാണ് മെഗാ തിരുവാതിര അരങ്ങേറിയത്. സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയും ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും അടക്കമുള്ള നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു.
കോവിഡ് കേസുകള്‍ കുത്തനെ കൂടിയതിന് പിന്നാലെ സംസ്ഥാനത്ത് ആള്കൂട്ടങ്ങള് നിയന്ത്രിക്കാനായി സര്‍ക്കാര്‍ ശക്തമായ നടപടികളെടുക്കുമ്പോഴാണ് സിപിഎം പോളിറ്റ് ബ്യൂറോ അംഗമടക്കം നിയന്ത്രണങ്ങള്‍ ലംഘിച്ചത്. കൂടാതെ ഇടുക്കി എന്‍ജിനീയറിങ് കോളജില്‍ കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവര്ത്തകന് ധീരജിന്റെ മൃതദേഹവുമായി കണ്ണൂര്‍ തളിപ്പറമ്പിലേക്കുള്ള വിലാപയാത്ര നടക്കുമ്പോഴാണ് പരിപാടി അരങ്ങേറിയത്. ഇതിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്.
തിരുവനന്തപുരം ഡിസിസി വൈസ് പ്രസിഡന്റ് എം മുനീര്‍ നല്കിയ പരാതിയില്‍ നടത്തിയ മെഗാ തിരുവാതിരക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ജില്ലാ പഞ്ചായത്തംഗം സലൂജ ഉള്‍പ്പടെ കണ്ടലറിയാവുന്ന 550 പേര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം പാറശ്ശാല പോലീസാണ് കേസെടുത്തത്. തിരുവനന്തപുരത്തെ മെഗാതിരുവാതിര വിവാദമായിരിക്കെയാണ് തൃശൂരില്‍ വീണ്ടും തിരുവാതിര അരങ്ങേറിയത്. തെക്കുംകര വെസ്റ്റ് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഊരോംകാട് അയ്യപ്പ ക്ഷേത്ര പരിസരത്തായിരുന്നു പരിപാടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: