സിന്ധു അയിരവീട്ടിൽ
“ജീവനോടെ വിമാനത്താവളം വരെ എത്താൻ സാധിച്ചതിനു നിങ്ങളുടെ മുഖ്യമന്ത്രിയോട് നന്ദി പറയണം”. രാജ്യത്തിന്റെ പ്രധാനമന്ത്രി ഒരു സംസ്ഥാനമുഖ്യമന്ത്രിയുടെ ഉദ്യോഗസ്ഥരോട് പറഞ്ഞതാണിത്.
ലോകനേതാക്കളിൽ പ്രഥമ ഗണനീയനും ലോകത്തെ ഏറ്റവും വലിയ സംഘടനയുടെ നേതാവുമായ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകടപ്പെടുത്താൻ ശ്രമിച്ച നാണംകെട്ട കോൺഗ്രസ്സിന്റെ യുവവിഭാഗം ദേശീയ നേതാവ് ശ്രീനിവാസ് ബി. വി ചോദിയ്‌ക്കുകയാണ് , “ ഹൗ ഈസ് ദ ജോഷ്?”
പ്രധാനമന്ത്രിയുടെ യാത്രയ്‌ക്കിടയിൽ സുരക്ഷാ വീഴ്‌ച്ച ഉണ്ടായ ഉടൻ പഞ്ചാബ് മുഖ്യമന്ത്രി എന്തിന് ആ വിവരങ്ങൾ പ്രിയങ്ക വാദ്രയെ വള്ളി പുള്ളി വിടാതെ അറിയിക്കണം?
പഞ്ചാബ് മുഖ്യമന്ത്രിയ്‌ക്കും പോലീസിനും മാത്രം അറിയാവുന്ന പ്രധാനമന്ത്രിയുടെ റോഡ് മാർഗ്ഗമുള്ള റൂട്ട് സമരക്കാർക്ക് ചോർത്തികൊടുത്തത് ആരാണ്?
അപകടപ്പെടുത്താൻ ഏറ്റവും എളുപ്പമുള്ള രീതിയിൽ, ഇരുവശത്തു നിന്നും ആക്രമിയ്‌ക്കാവുന്ന രീതിയിൽ മേൽപ്പാലത്തിനു മുകളിൽ രാജ്യത്തിന്റെ പ്രധാനമന്ത്രിയെ ഇരുപതു മിനിറ്റ് നേരം തടഞ്ഞിടാൻ മാത്രം അധഃപതിച്ച രാഷ്‌ട്രീയം കളിയ്‌ക്കുന്ന കോൺഗ്രസ്സിന്റെ പിന്നിലെ ബുദ്ധികേന്ദ്രം ആരാണ്?
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പഞ്ചാബ് യാത്രയിലെ സുരക്ഷാ വീഴ്‌ച്ചയെപ്പറ്റി മാധ്യമങ്ങളിൽ വരുന്ന റിപ്പോർട്ട് കാണുമ്പോൾ ഏതൊരു സാധാരണക്കാരന്റെയും മനസ്സിൽ വരുന്ന ചിന്തകളും ചോദ്യങ്ങളുമാണിവ.
ഒറ്റ മറുപടിയെ ഉള്ളൂ..
അത്രയേറെ പരാജയഭീതിയിലാണ് കോൺഗ്രസ്.
നെഹ്‌റു കുടുംബത്തിന്റെ കപട ഗാന്ധി പാരമ്പര്യത്തിന്റെ മുഖംമൂടി വലിച്ച് ചീന്തപ്പെട്ടിരിയ്‌ക്കുന്നു.
സ്വയമെടുത്തണിഞ്ഞ വിശ്വപൗരൻ എന്ന മേലങ്കി ലോക രാഷ്‌ട്രങ്ങളെക്കൊണ്ട് അംഗീകരിപ്പിയ്‌ക്കാനും സ്വന്തം കുടുംബാധിപത്യത്തിന്റെ സിംഹാസനം ഇവിടെ ഉറപ്പിയ്‌ക്കാനും നെഹ്‌റു ഈ ഭാരതമണ്ണിനോട് ചെയ്തതെല്ലാം ഇന്ന് മറനീക്കിപ്പുറത്തു വന്നുകൊണ്ടിരിയ്‌ക്കുന്നു.
സോണിയയും രാഹുലും ചൈനയുമായി ഒപ്പ് വെച്ച ഉടമ്പടി എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല. കർഷക സമരം എന്ന പരിപാടിയ്‌ക്കു വിദേശത്തുനിന്നും ഫണ്ട് ചെയ്ത ഭീകരസംഘടനകളുടെ ലിസ്റ്റ് ദേശീയ മാദ്ധ്യമങ്ങൾ പുറത്ത് വിട്ടിരിയ്‌ക്കുന്നു.
നാശത്തിന്റെ നെല്ലിപ്പടവിൽ എത്തിനിൽക്കുന്ന കോൺഗ്രസ്സും അധികാരമില്ലാതെ ഇനി ഇന്ത്യയിൽ തുടരാനാവില്ലെന്ന കൊടിയ അപകടത്തെ മുഖാമുഖം കാണുന്ന ഇറ്റാലിയൻ കുടുംബവും കണ്ടെത്തിയ പരിഹാരമാർഗ്ഗമാണോ ഈ സുരക്ഷാ വീഴ്‌ച്ച?
അധികാരത്തിൽ തിരിച്ചെത്താൻ അവർ സകല ക്ഷേത്രങ്ങളിലും കയറിയിറങ്ങുന്നു. ഗംഗയിൽ മുങ്ങുന്നു. ഹിന്ദു രാഷ്‌ട്രവാദം ഉന്നയിയ്‌ക്കുന്നു.
ഗാന്ധിയുടെ ഹിന്ദുത്വദേശീയവാദത്തിലൂടെ അധികാരത്തിലേയ്‌ക്ക് പാലം പണിത കോൺഗ്രസ്സ് ഒരിയ്‌ക്കൽ അധികാരം കൈയിൽ കിട്ടിയാൽ എന്താണ് ഇന്ത്യൻ സംസ്കാരത്തോട് ചെയ്യുക എന്നതിന് സ്വാതന്ത്ര്യാനന്തര ഭാരത ചരിത്രം തെളിവ് നൽകും.
ഇന്ന് അത്തരം ഗിമ്മിക്കുകൾ കാണിച്ച് അധികാരത്തിലേറാൻ അവർക്ക് മുമ്പിലുള്ള വിലങ്ങുതടി നരേന്ദ്രമോദി എന്ന അസാധാരണ മനുഷ്യനാണെന്ന് അവർ മനസ്സിലാക്കുന്നു. അദ്ദേഹത്തെ ഏത് വിധത്തിലും അപകടപ്പെടുത്താൻ പാക്കിസ്ഥാനിലും ചൈനയിലും പോയി അപേക്ഷിയ്‌ക്കാൻ തയ്യാറാവുന്നു.
രാഷ്‌ട്രത്തിനു വേണ്ടിയുള്ള രാഷ്‌ട്രീയവും, കുടുംബത്തിന് വേണ്ടിയുള്ള രാഷ്‌ട്രീയവും ഇന്നീ ഡിജിറ്റൽ കാലഘട്ടത്തിലെങ്കിലും ജനം മനസ്സിലാക്കുമെന്ന് ഇക്കൂട്ടർ എന്നാണ് തിരിച്ചറിയുക?
മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ഡി. ജി. പി ഇവർ മൂവരും പ്രധാനമന്ത്രിയെ ആ യാത്രയിൽ അനുഗമിയ്‌ക്കേണ്ടവരാണ്. ആരും ഉണ്ടായിരുന്നില്ല എന്നത് ചില അപ്രിയ സത്യങ്ങളിലേയ്‌ക്ക് വിരൽ ചൂണ്ടുന്നില്ലേ?
വി. ഐ. പി സന്ദർശന വേളകളിൽ ഒരേ സമയം ആകാശ മാർഗ്ഗവും റോഡ് മാർഗ്ഗവും സഞ്ചരിയ്‌ക്കാനുള്ള ക്രമീകരണങ്ങൾ സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്തം ആണെന്നിരിയ്‌ക്കെ, അവസാന നിമിഷം കോപ്റ്റർ യാത്ര വേണ്ടെന്നു വെച്ച് റോഡ് മാർഗ്ഗം തിരഞ്ഞെടുത്തതാണ് പ്രശ്നങ്ങൾക്ക് കാരണം എന്ന മുഖ്യമന്ത്രി ഛന്നിയുടെ വിശദീകരണത്തിന് എന്തു വിശ്വാസ്യതയാണ് ഉള്ളത്?
സുരക്ഷാ വീഴ്‌ച്ചയെക്കുറിച്ച് പ്രിയങ്കാ വാദ്രയ്‌ക്ക് ബ്രീഫ് ചെയ്ത് കൊണ്ട് സത്യപ്രതിജ്ഞാ ലംഘനം നടത്തിയ പഞ്ചാബ് മുഖ്യമന്ത്രി, ആർക്കോ വഴങ്ങി മനഃപൂർവ്വം ചെയ്ത കാര്യങ്ങൾ ആണെന്ന് മനസ്സിലാക്കാൻ പാഴൂർ പടിപ്പുര വരെ പോകേണ്ട ആവശ്യമൊന്നുമില്ല.
സംസ്ഥാന മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ സുരക്ഷാ ക്രമീകരണങ്ങളെപ്പറ്റിയും സുരക്ഷാ വീഴ്ചകളെപ്പറ്റിയും ബ്രീഫ് ചെയ്യാൻ മാത്രം എന്തു പ്രധാന പദവിയാണ് പ്രിയങ്കാ വാദ്ര വഹിയ്‌ക്കുന്നത്? ഗൂഡാലോചനയുടെ വേരുകൾ എങ്ങോട്ടാണ് ആഴ്ന്നിറങ്ങുന്നത്?
തല്പരകക്ഷികളുടെ ഉദ്ദേശം നടത്തിയെടുക്കുന്നത് വരെ, ഇന്ത്യൻ പ്രധാനമന്ത്രി ആ മേൽപ്പാലത്തിൽ കുടുങ്ങികിടക്കുന്നത്രയും സമയം മുഖ്യമന്ത്രിയെ ഫോണിൽപ്പോലും ലഭ്യമാവാത്ത തരം പദ്ധതി ആവിഷ്ക്കരിച്ചിരുന്നു എന്ന് മനസ്സിലാക്കുമ്പോഴാണ് ഗൂഡാലോചനയുടെ വ്യാപ്തിയും ഭീകരതയും വ്യക്തമാവുക.
കോടിക്കണക്കിന് മനുഷ്യരുടെ സ്വപ്ന സാക്ഷാത്ക്കാരമായ രാഷ്‌ട്രപുനർനിർമ്മാണവും സാംസ്കാരിക നവോത്‌ഥാനവും വ്യാവസായിക കാർഷിക കുതിപ്പുകളും യഥാർത്ഥ്യമാക്കാൻ വേണ്ടി മനസാ വാചാ കർമ്മണാ പ്രവർത്തിയ്‌ക്കുന്ന നരേന്ദ്രമോദി എന്ന മനുഷ്യന്റെ ആത്മാർത്ഥ മോദി വിരുദ്ധരെ ഭ്രാന്ത് പിടിപ്പിയ്‌ക്കുന്നു എന്നതാണ് സത്യം. സാമ്പത്തിക അച്ചടക്ക നടപടികളിലൂടെയും ഡിജിറ്റലൈസേഷനിലൂടെയും സാധാരണക്കാരനിലേയ്‌ക്ക് നീളുന്ന മോദിയുടെ കൈകൾ, ഡൂൺ സ്കൂളുകളുടെയും ലണ്ടൻ യൂണിവേഴ്സിറ്റികളുടെയും ഡിസ്‌കോ തെക്കുകളുടെയും ദന്തഗോപുരങ്ങളിൽ വിഹരിച്ചിരുന്നവർക്ക് ഒരു ദുഃസ്വപ്നമായി മാറിയിരിയ്‌ക്കുന്നു.
അവരുടെ ഉറക്കം കെടുത്തുന്ന, അടിവേര് മാന്തുന്ന ആ കൈകൾ വെട്ടാൻ അവർ എന്തും ചെയ്യും എന്നത് ചരിത്രത്തിലേയ്‌ക്ക് തിരിഞ്ഞുനോക്കുന്നവർക്ക് മനസ്സിലാക്കാവുന്നതേ ഉള്ളൂ.
ദുരൂഹമരണങ്ങൾ, വിമാനാപകടങ്ങൾ, ജയിലിലടക്കൽ , അവഹേളിച്ച് ഇറക്കി വിടൽ…. അങ്ങനെ എന്തും ചെയ്യും. കുടുംബാധിപത്യത്തിന് വിലങ്ങുതടിയാവുമെന്ന് തോന്നുന്ന കോൺഗ്രസ്സുകാരോട് തന്നെ അവർ അത് ചെയ്യും. അവർക്ക് രാഷ്‌ട്രം അധികാരത്തിനുള്ള ഭൂമിക മാത്രമാണ്. അതുകൊണ്ട് തന്നെയാണ് രാജീവ് ഗാന്ധിയുടെ മരണസ്ഥലത്ത്, ആ സമയത്ത് അവിടെ ഉണ്ടായിരുന്ന അസാനിദ്ധ്യങ്ങൾ ശ്രദ്ധേയമാവുന്നതും സുബ്രഹ്മണ്യം സ്വാമിയുടെ ആരോപണങ്ങൾ സുവർണ്ണാക്ഷരത്തിൽ തെളിഞ്ഞു നിൽക്കുന്നതും. വ്യക്തിപരമായ ആരോപണമായിട്ടു കൂടി സോണിയാ ഗാന്ധി നിശ്ശബ്ദയായി എന്നത് ആപത്കരമായ ചില കാര്യങ്ങളിലേയ്‌ക്ക് വിരൽ ചൂണ്ടുന്നതാണ്.
ഇത്തരുണത്തിൽ പ്രധാനമന്ത്രി കടന്ന് പോകുന്ന റൂട്ട്, പത്ത് മിനിറ്റ് മുൻപേ പരിശോധിച്ച് സീൽ ചെയ്ത് ക്ലിയർ ചെയ്യണം എന്ന സുരക്ഷാ നിയമം കാറ്റിൽപ്പറത്തി, പ്രതിഷേധക്കാർക്കും അക്രമികൾക്കും നിലയുറപ്പിയ്‌ക്കാൻ അവസരം ഉണ്ടാക്കികൊടുത്ത സുരക്ഷാ ഉദ്യോഗസ്ഥർക്ക് പിന്നിലുള്ളവർ ആരാണ് എന്നത് രാഷ്‌ട്രം അറിയണം. ഖലിസ്ഥാൻ ഭീകരവാദ സംഘടനകളോടൊപ്പം ഇന്ത്യൻ രാഷ്‌ട്രീയത്തിലെ മോദി വിരുദ്ധ ഘടകങ്ങളും കൈകോർത്തു എന്നതല്ലേ പഞ്ചാബ് മുഖ്യമന്ത്രിയുടെ പ്രവൃത്തികൾ കാണിയ്‌ക്കുന്നത്?
ലോകത്തിനു മുമ്പിൽത്തന്നെ ഇന്ത്യയെ നാണം കെടുത്തിയ ഈ സംഭവത്തിന് പിന്നിൽ ആരാണെന്ന് സമൂഹം അറിയണം. അതിനു കൃത്യവും സംശുദ്ധവുമായ അന്വേഷണം നടക്കും എന്ന് നമുക്ക് ആശിയ്‌ക്കാം. ശരിയായ രീതിയിലുള്ള കോടതി ഇടപെടലുകൾ കൊണ്ട് സംസ്ഥാന സർക്കാരുകളുടെ രാഷ്‌ട്ര വിരുദ്ധ, ജനവിരുദ്ധ നയങ്ങൾക്ക് തടയിടാൻ കഴിഞ്ഞില്ലെങ്കിൽ, ഫെഡറൽ അവകാശങ്ങളുടെ പേരിൽ രാജ്യത്തിനകത്ത് പ്രത്യേക റിപ്പബ്ലിക്കുകൾ പ്രഖ്യാപിച്ച്, ഭരിച്ചു കളയാമെന്ന ചില സംസ്ഥാന ഭരണാധികാരികളുടെ വ്യാമോഹം പുഷ്ടിപ്പെടാൻ സാദ്ധ്യതയുണ്ട്.
ചൈനയെയും പാക്കിസ്ഥാനേയും ഖലിസ്ഥാൻ ഭീകരതയെയും ഒക്കെ തലയിലേറ്റി നടക്കുന്ന അവർക്ക്, രാഷ്‌ട്രത്തെ സാമ്പത്തികവും രാഷ്‌ട്രീയവും സാസ്‌കാരികവുമായി തകർക്കാൻ ആവശ്യമായ എല്ലാ സാമ്പത്തിക രാഷ്‌ട്രീയ ബൗദ്ധിക സഹായങ്ങളും പ്രസ്തുത ശത്രുനിരയുടെ ഭാഗത്ത് നിന്ന് ലഭിയ്‌ക്കും എന്ന് ഉറപ്പാണ്. ഒരു പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തി തിരിച്ചയച്ച ആ ശക്തികളെ തിരിച്ചറിഞ്ഞ് തികഞ്ഞ ജാഗ്രത പുലർത്തേണ്ടത് ദേശീയതയും ജനാധിപത്യ വിശ്വാസവുമുള്ള ഓരോ ഭാരതീയന്റെയും കടമയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: