കോഴിക്കോട് : കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ പരിശോധിച്ച 38 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ആശുപത്രിയില്‍ കോവിഡ് പോസിറ്റീവായി എത്തിയ 51 പേരെ എസ്ജിടിഎഫ് സ്ക്രീനിംഗ് ടെസ്റ്റിന് വിധേയമാക്കിയതില്‍ 38 പേരുടെ റിസല്‍ട്ടാണ് പോസിറ്റീവായത്. സംസ്ഥാനത്ത് ഒമിക്രോണ്‍ സാമൂഹിക വ്യാപനമുണ്ടായെന്ന സൂചന നല്‍കുന്നതാണ് പരിശോധനാ ഫലം.
ഒമിക്രോണ്‍ സ്ഥിരീകരിച്ച 38 പേരില്‍ ആരും വിദേശയാത്ര നടത്തുകയോ, വിദേശത്ത് നിന്നെത്തിയവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരോ അല്ല. അതുകൊണ്ട് തന്നെ സംസ്ഥാനത്ത് ഒമിക്രോണ്‍ സാമൂഹിക വ്യാപനം ഉണ്ടായെന്നാണ് കണക്കുകള്‍ ചൂണ്ടി ആരോഗ്യവിദഗ്ധര്‍ പറയുന്നത്. വരുന്ന രണ്ടാഴച്ചയ്ക്കുള്ളില്‍ ഒമിക്രോണ്‍ കേസുകള്‍ വേഗത്തില്‍ പടരാന്‍ സാധ്യതയുണ്ടെന്നും ആരോഗ്യപ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കൂടാതെ കോവിഡ് രോഗികളുടെ എണ്ണം നാല്‍പ്പതിനായിരത്തിനും അമ്പതിനായിരത്തിനും മുകളില്‍ പോവാനും ടിപിആര്‍ 50 ശതമാനത്തിന് മുകളിലെത്താനുമുള്ള സാധ്യതയുണ്ട്. കോവിഡ് പോസിറ്റീവായി വരുന്നവരില്‍ സ്ക്രീനിങ് ടെസ്റ്റ് നടത്തി ഒമിക്രോണ്‍ ബാധിതരുണ്ടോയെന്ന് തിരിച്ചറിഞ്ഞില്ലെങ്കില്‍ സംസ്ഥാനത്ത് വലിയ തോതില്‍ വ്യാപനം ഉണ്ടാവുമെന്നാണ് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്.
കോവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നതോടെ ഒമിക്രോണ്‍ ഭീതിയും നിലനില്‍ക്കുന്നതിനാല്‍ കര്‍ണ്ണാടകയും തമിഴനാടും അടക്കമുള്ള സംസ്ഥാനങ്ങള്‍ ഞായറാഴ്ചകളില്‍ നിയന്ത്രണങ്ങളും രാത്രി കര്‍ഫ്യൂകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ പാത പിന്തുടര്ന്ന് സംസ്ഥാനത്തേയും നിയന്ത്രണങ്ങള്‍ കര്‍ശ്ശനമാക്കേണ്ട സ്ഥിതിയിലേക്കാണ് ഇപ്പോള്‍ കേരളവും നീങ്ങിക്കൊണ്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: