തൃശൂര്‍ : തിരുവനന്തപുരം സിപിഎം ജില്ലാ സമ്മേളനത്തിനോടനുബന്ധിച്ച് നടത്തിയ തിരുവാതിരക്കളി വിവാദങ്ങളുണ്ടാക്കിയതിന് പിന്നാലെ തൃശ്ശൂരിലും മെഗാ തിരുവാതിര. ജില്ലാസമ്മേളനത്തിന്റെ ഭാഗമായി ഊരോക്കാടാണ് തിരുവാതിരക്കളി സംഘടിപ്പിച്ചത്. ജനാധിപത്യ മഹിളാ അസോസിയേഷന്റെ പ്രവര്‍ത്തകരാണ് തിരുവാതിരക്കളിയില്‍ പങ്കെടുത്തത്.
പാറശ്ശാലയില്‍ അഞ്ഞൂറോളം പേരെ പങ്കെടുപ്പിച്ച് മെഗാ തിരുവാതിര സംഘടിപ്പിച്ചതിന്റെ വിവാദങ്ങള്‍ കെട്ടടങ്ങുംമുമ്പാണ് വീണ്ടും കോവിഡ് മാനദണ്ഡം ലംഘിച്ച് തൃശൂരിലും ‘മെഗാ’ തിരുവാതിര അരങ്ങേറിയത്. നൂറോളം പേര് പങ്കെടുത്തതില്‍ എല്ലാവരും മാസ്ക് ധരിച്ചിട്ടുണ്ടായിരുന്നു. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ എം.കെ. ശ്രീജയുടെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
അതേസമയം നേരത്തെ നിശ്ചയിച്ച മെഗാതിരുവാതിര ഒഴിവാക്കി കോവിഡ് മാനദണ്ഡമനുസരിച്ച് ചുരുങ്ങിയരീതിയിലാണ് പരിപാടി നടത്തിയതെന്ന് മഹിളാ അസോസിയേഷന് ജില്ലാ പ്രസിഡന്റ് എം. ഗിരിജാദേവി പറഞ്ഞു. ഈമാസം 21 മുതല്‍ 23 വരെയാണ് തൃശൂര്‍ ജില്ലാ സമ്മേളനം.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് തൃശൂരില്‍ തിരുവാതിര അരങ്ങേറിയതെന്ന് സംഘാടകര്‍ അവകാശപ്പെട്ടു. എല്ലാവരും മാസ്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചുമാണ് തിരുവാതിരക്കളിയില്‍ അണിനിരന്നതെന്നും അവര്‍ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: