ന്യൂദല്‍ഹി: ജനവരി 16 ദേശീയ സ്റ്റാര്‍ട്ടപ് ദിനമായി ആചരിക്കുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്റ്റാര്‍ട്ടപ്പുകളെ പ്രകീര്‍ത്തിച്ച പ്രധാനമന്ത്രി 550ല്‍ നിന്നും 60,000 യൂണിറ്റുകളിലേക്കുള്ള സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയെയും പ്രത്യേകം എടുത്തു പറഞ്ഞു.
സ്റ്റാര്‍ട്ടപ്പുകള്‍ പുതിയ ഇന്ത്യയുടെ നട്ടെല്ലാണെന്നും മോദി പറഞ്ഞു. ശനിയാഴ്ച “ആസാദി ക അമൃത് മഹോത്സവ് പദ്ധതി”യില്‍ 150 സ്റ്റാര്‍ട്ടപ്പുകളുമായി സംവദിക്കുകയായിരുന്നു മോദി. സാങ്കേതിക വിദ്യകള്‍ക്ക് പ്രധാന്യമുള്ള ഈ ദശകത്തെ ടെകേഡ് എന്നാണ് വിളിക്കേണ്ടതെന്നും മോദി പറഞ്ഞു.
സര്‍ക്കാര്‍ കൊണ്ടുവരാനുദ്ദേശിക്കുന്ന മൂന്ന് പ്രധാന മാറ്റങ്ങളെക്കുറിച്ചും അദ്ദേഹം വിവരിച്ചു. നവീനതകളെ ശക്തിപ്പെടുത്തുക, വ്യവസായസംരംഭം നടപ്പാക്കുക, സ്റ്റാര്‍ട്ടപ്പ് ഇക്കോ സംവിധാനം ശക്തിപ്പെടുത്തുക എന്നിവയാണ് ഈ മൂന്ന് മാറ്റങ്ങള്‍. ഉദ്യോഗസ്ഥ ചങ്ങലകളില്‍ നിന്നും സ്റ്റാട്ടപ്പുകളെ സ്വതന്ത്രമാക്കുമെന്നും നവീനസാങ്കേതികവിദ്യകള്‍ നടപ്പാക്കുമെന്നും വ്യവസായസംരംഭകര്‍ക്ക് അനുകൂലമായ ഒരു സ്ഥാപന സംവിധാനം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ 100-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോഴേക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സുപ്രധാന പങ്ക് വഹിക്കാനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ മാത്രം 28,000 പേറ്റന്‍റുകളും 2.5 ലക്ഷം ട്രേഡ് മാര്‍ക്കുകളും രജിസ്റ്റര്‍ ചെയ്തതായും മോദി പറഞ്ഞു.
നവീനതകള്‍ കൃത്യമായി നടപ്പാക്കുന്നത് മൂലം ആഗോള ഇന്നവേഷന്‍ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 81ാം റാങ്കില്‍ നിന്നും 46ാം റാങ്കിലേക്ക് ഉയര്‍ന്നതായും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: