മെല്‍ബണ്‍: ഓസ്ട്രേലിയ രണ്ടാം തവണയും വിസ റദ്ദാക്കിയതിനെതിരെ ലോക ഒന്നാം നമ്പര്‍ നൊവാക് ദ്യോക്കോവിച്ച് കോടതിയെ സമീപിച്ചു. ഓസ്ട്രേലിയന്‍ ഫെഡറല്‍ കോടതിയിലെ മൂന്ന് ജഡ്്ജിമാര്‍ നാളെ ദ്യോക്കോയുടെ ഹര്‍ജിയില്‍ വാദം കേള്‍ക്കും. ഓസ്ട്രേലിയന്‍ ഓപ്പണ്‍ ആരംഭിക്കുന്ന തിങ്കളാഴ്ചയ്ക്ക് മുമ്പ്് അനുകൂലമായ വിധി ലഭിച്ചാലേ ദ്യോക്കോവിച്ചിന് ഓസ്ട്രേലിയന്‍ ഓപ്പണില്‍ മത്സരിക്കാനാകൂ. നിലവില്‍ പുരുഷ ചാമ്പ്യനാണ് ഈ സെര്‍ബിയന്‍ താരം.
രണ്ടാം തവണയും വിസ റദ്ദാക്കിയതിനെ തുടര്‍ന്ന് ദ്യോക്കോവിച്ചിനെ വീണ്ടും കരുതല്‍ തടങ്കലിലാക്കിയിരിക്കുകയാണ്. കൊവിഡ് വാക്സിന് എടുക്കാതെ എത്തിയ ദ്യോക്കോ പൊതു സമൂഹത്തിന് ഭീഷണിയാകുമെന്ന് അവകാശപ്പെട്ടാണ് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ ദ്യോക്കോയെ വീണ്ടും തടവിലാക്കിയത്.
ദ്യോക്കോയെ നാട്ടിലേക്ക് തിരിച്ചയക്കാനുള്ള ഒരുക്കത്തിലാണ് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍. അതേസമയം, കോടതിയിലൂടെ വിജയം നേടി ഓസ്ട്രേലിയന്‍ ഓപ്പണില്‍ മത്സരിക്കാമെന്ന പ്രതീക്ഷയിലാണ് ദ്യേക്കോവിച്ച്. വാക്സിന് എടുക്കാതെ എത്തിയ ദ്യേക്കോവിച്ചിനെ നേരത്തെ മെല്‍ബണ്‍ വിമാനത്താവളത്തില്‍ തടയുകയും വിസ റദ്ദാക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ കോടതിയെ സമീപിച്ച് ദ്യോക്കോ അനുകൂല വിധി സമ്പാദിക്കുകയായിരുന്നു. പിന്നീട് ഓസ്ട്രേലിയന്‍ ഇമ്മിഗ്രേഷന്‍ വകുപ്പ് മന്ത്രി അലക്സ് ഹോക്ക് സവിശേഷ അധികാരം ഉപയോഗിച്ച് ദ്യോക്കോയുടെ വിസ വീണ്ടും റദ്ദാക്കി.
വാക്സിനേഷനെ എതിര്‍ക്കുന്ന ദ്യോക്കോവിച്ച് ഓസ്ട്രേലിയയില്‍ തുടരുന്നത് ആഭ്യന്തര പ്രശനങ്ങള്‍ക്ക് കാരണമാകും. അതിനാല്‍ ഉടന്‍ തന്നെ അദ്ദേഹത്തെ നാടുകടത്തണം. ദ്യോക്കോയുടെ സാന്നിദ്ധം വാക്സിനേഷനെതിരായ വികാരം ഉണ്ടാക്കുമെന്ന്് ഓസ്ട്രേലിയന്‍ ഇമ്മിഗ്രേഷന്‍ മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: