ന്യൂദല്‍ഹി: പുതിയ ഫീല്‍ഡ് യൂണിഫോം ഔദ്യോഗികമായി പുറത്തിറക്കി ഇന്ത്യന്‍ സൈന്യം. കരസേന ദിനത്തിന്റെ ഭാഗമായുള്ള പരേഡിലാണ് ഇന്ത്യന്‍ സൈന്യം പുതിയ യൂണിഫോം പരിചയപ്പെടുത്തിയത്.
ഇന്ന് രാവിലെ ഡല്‍ഹിയിലെ ദേശീയ യുദ്ധസ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിച്ച ശേഷമാണ് 74ാം കരസേന ദിനാഘോഷങ്ങള്‍ക്ക് തുടക്കമായത്. സൈനികരുടെ അഭിവാദ്യം സ്വീകരിച്ച കരസേനാ മേധാവി ജനറല്‍ എം.എം.നരവനെ സേന മെഡലുകളും വിതരണം ചെയ്തു. ഈ സമയം അവതരിപ്പിച്ച പരേഡിലാണ് പുതിയ യൂണിഫോം പൊതുജനങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചത്. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും ഒരേ പോലെ സൗകര്യപ്രദമായ രീതിയിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കരസേനയിലെ 13 ലക്ഷത്തോളം വരുന്ന സൈനികര്‍ ഈ വര്‍ഷം മുതല്‍ പുതിയ ഫീല്‍ഡ് യൂണിഫോമിലേക്ക് മാറും. തദ്ദേശീയമായി രൂപകല്‍പ്പന ചെയ്ത ആയുധങ്ങളും സൈനിക പരേഡില്‍ പ്രദര്‍ശിപ്പിച്ചു.
നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയുമായി സഹകരിച്ചാണ് പുതിയ യൂണിഫോം രൂപപ്പെടുത്തിയത്. യുഎസ് ആര്‍മി ഉപയോഗിക്കുന്ന ഡിജിറ്റല്‍ പാറ്റേണ്‍ മോഡലില്‍ ഉള്ളതാണ് ഈ യൂണിഫോം. ഇന്‍സര്‍ട്ട് ചെയ്യണ്ട എന്നതാണ് യൂണിഫോമിന്റെ ഒരു പ്രത്യേകത. യൂണിഫോമിന് അടിയിലായിരിക്കും ഇതിന്റെ ബെല്‍റ്റ് വരുന്നത്. എര്‍ത്തേണ്‍, ഒലിവ് നിറങ്ങളാണ് വസ്ത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ശത്രുവിന് ദൂരെനിന്ന് എളുപ്പം തിരിച്ചറിയാനാകില്ലെന്നതാണ് ഈ നിറങ്ങള്‍ ഉപയോഗിക്കാന്‍ കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: