ചെറുവത്തൂര്‍: ക്ഷേത്ര ഭൂമി കയ്യേറി സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ ഒത്താശയോടെ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ റോഡ് നിര്‍മ്മിക്കാന്‍ ശ്രമം. പിലിക്കോട് ഗ്രാമ പഞ്ചായത്തിലെ കൊടക്കാട് വില്ലേജിലെ ശ്രീ പണയക്കാട്ട് ഭഗവതി ക്ഷേത്രത്തില്‍ ഇന്നലെ മകര സംക്രമ അടിയന്തിരം നടക്കവേയാണ് ക്ഷേത്രഭൂമി കയ്യേറ്റം നടന്നത്.
സമാധാനപരമായി കാര്യങ്ങള്‍ അന്വേഷിക്കാന്‍ ചെന്ന ക്ഷേത്ര സെക്രട്ടറി കെ.വിനോദ്, കമ്മറ്റി അംഗങ്ങളായ പി.ടി.ഗംഗാധരന്, പി.ടി.രാജേഷ്, പി.വി.ശശിധരന് എന്നിവരെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സംഘവും ക്രൂരമായി മര്‍ദ്ദിച്ചു. ഭരണസമിതി അംഗം കെ. വി. സുവീഷിന്റെ ഓട്ടോറിക്ഷയുടെ ചില്ല് അടിച്ച് തകര്‍ത്തു. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ചീമേനി പോലീസ് എത്തി പിന്തിരിപ്പിക്കാന് ശ്രമിച്ചെങ്കിലും പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന കുമാരിയും സെക്രട്ടറി രമേശനും ചേര്‍ന്ന് വില്ലേജ് ഓഫീസറെ കൊണ്ട് റോഡിനുവേണ്ടി അളന്നു കുറ്റി അടിപ്പിക്കുകയായിരുന്നുവെന്ന് ഭരണ സമിതി അംഗങ്ങള്‍ പറഞ്ഞു.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രത്തിലേക്ക് ഭക്തജനങ്ങള്‍ വര്‍ഷങ്ങളായി ഉപയോഗിക്കുന്നതുമായ ദേവസ്വം ഭൂമിയാണ് കേസ് നിലവിലിരിക്കെ കയ്യേറ്റം നടത്താന്‍ ശ്രമിച്ചത്. 24 അടി വീതിയും 252 മീറ്ററിലധികം നീളമുള്ള ക്ഷേത്രഭൂമിയുടെ 84 മീറ്ററോളമാണ് റവന്യൂ ഭൂമിയാണെന്ന് വരുത്തി തീര്‍ക്കാന്‍ പഞ്ചായത്ത് ഭരണസമിതിയുടെ ഒത്താശയോടെ സിപിഎം ശ്രമിക്കുന്നത്. കഴിഞ്ഞ 8 വര്‍ഷം മുമ്പ് സിപിഎം നേതൃത്വത്തില്‍ ക്ഷേത്രത്തിന്റെ വടക്ക് ഭാഗത്തെ അതിര് കയ്യേറി റോഡ് നിര്‍മ്മിച്ചിരുന്നു. അന്ന് വന്‍ പ്രതിഷേധം ഭക്തജനങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നു. നാട്ടുകാര്‍ക്ക് നടന്നുപോകാനും വാഹന സൗകര്യത്തിനും മറ്റൊരു സൗകര്യം ഉണ്ടായിരിക്കെയാണ് ഈ കയ്യേറ്റ ശ്രമങ്ങള്‍ നടന്നത്.
എല്ലാ വര്‍ഷവും ധനു 1, 2, 3, 4 തീയ്യതികളിലാണ് ഇവിടെ ഉത്സവം നടക്കുന്നത്. യാദവ സമുദായത്തിലെ എഴ് തറവാട്ടുകാരാണ് ക്ഷേത്രത്തിന്റെ അവകാശികൾ. പണയക്കാട്ട് ഭഗവതിയും കളത്തേര ചാമുണ്ഡിയും മുഖാമുഖം ദര്‍ശനം നടത്തുന്ന ക്ഷേത്രത്തിന്റെ പരിപാവനമായ ക്ഷേത്ര ഭൂമി കയ്യേറി കളങ്കപ്പെടുത്താനുള്ള സമൂഹ്യവിരുദ്ധരുടെ ശ്രമങ്ങള്‍ക്കെതിരെ ഭക്തജനങ്ങളില്‍ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: